Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

ദുന്നൂറയ്ൻ (1)



   നബിﷺതങ്ങളുടെ ഓമന മക്കളാണു റുഖിയ്യ(റ), ഉമ്മു കുൽസൂം(റ) എന്നിവർ.


 സയ്നബ്(റ)ക്കു ശേഷം പിറന്ന കുട്ടികൾ. പ്രവാചകൻ ﷺ അവരെ ലാളിച്ചു വളർത്തി. മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും ആസ്വദിച്ചുകൊണ്ടവർ വളർന്നു.


 ബാല്യകാലത്തു വിവാഹാലോചനകൾ വന്നു. നികാഹ് നടത്തിവയ്ക്കാമെന്നു തീരുമാനിച്ചു... 


 കാണാൻ നല്ല അഴകുള്ള കുട്ടികൾ.

ബുദ്ധിമതികൾ, സൽസ്വഭാവികൾ. പലർക്കും അവരെ വിവാഹം ചെയ്യാൻ മോഹമുണ്ടായിരുന്നു... 


 അബൂലഹബിന്റെ മക്കൾക്ക് അവരെ നികാഹ് ചെയ്തുകൊടുക്കാൻ തീരുമാനിച്ചു.


 അബൂലഹബിന്റെ മൂത്ത പുത്രനാണ് ഉത്ബ. ആ ചെറുപ്പക്കാരൻ റുഖിയ്യയെ നികാഹ് ചെയ്തു. നികാഹ് ചെയ്തുവച്ചതേയുള്ളൂ.

ഉത്ബതിന്റെ അനുജനാണ് ഉതയ്ബ .

ഉമ്മുകുൽസൂമിനെ ഉതയ്ബക്കു വിവാഹം ചെയ്തു കൊടുത്തു.


 പിന്നീടാണു നബിﷺതങ്ങൾക്കു വഹ്യ് ലഭിച്ചതും ഇസ്ലാമിക പ്രബോധനം ആരംഭിച്ചതും. അബൂലഹബിനെയും ഭാര്യ ഉമ്മുജമീൽ എന്ന സ്ത്രീയെയും

ശപിക്കുന്ന സൂറത്ത് ഇറങ്ങി. ഇരുവരും കോപാകുലരായി.

അവർ ഉത്ബയെയും ഉതയ്ബയെയും വിളിച്ചു.


 “മുഹമ്മദിന്റെ മക്കളെ ഇനി നിങ്ങൾ ഭാര്യമാരാക്കി വയ്ക്കരുത്. അവരെ ഉടനെ വിവാഹമോചനം നടത്തണം.”


 ഇതേ ആവശ്യവുമായി ഖുറയ്ശി നേതാക്കളുമെത്തി. അങ്ങനെ പ്രവാചക പുത്രിമാരെ അവർ വിവാഹമോചനം നടത്തി... 


 റുഖിയ്യയെ പിന്നീട് ഉസ്മാൻ(റ) വിവാഹം ചെയ്തു. ഇത് ഖുറയ്ശികൾക്കു സഹിച്ചില്ല. ഇസ്ലാംമതം സ്വീകരിച്ചതിന്റെ പേരിൽ തന്നെ ഉസ്മാൻ(റ) ക്രൂരമായി പീഡനങ്ങൾ ഏറ്റുവാങ്ങിയതാണ്.

മക്കയിലെ ജീവിതം അസഹ്യമായിത്തീർന്നു.


 ഉസ്മാൻ(റ) ഭാര്യയോടൊപ്പം നാടുവിട്ടു. അബ്സീനിയയിലെത്തി. അവിടെ തൊഴിലെടുത്തു ജീവിച്ചു.

അതിനിടയിൽ മക്കയിൽ എന്തെല്ലാം സംഭവങ്ങൾ. മർദന പരമ്പരകളുടെ ഒടുവിൽ ഹിജ്റ. പ്രവാചകൻ ﷺ മദീനയിലെത്തി.