Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

സന്ദേശവാഹകർ പുറപ്പെടുന്നു (1)

ഹിരാക്ലിയസിന്റെ കീഴിലുള്ള ഗവർണറായിരുന്നു മുഖൗഖിസ്. അദ്ദേഹം ഈജിപ്ത് ഭരിച്ചിരുന്നു. മതനേതാവും അദ്ദേഹം തന്നെ.


 ഹാത്വി ബ്നു അബൂബൽതഅ് എന്ന സ്വഹാബിയാണ് നബിﷺയുടെ കത്തുമായി മുഖൗഖിസിന്റെ കൊട്ടാരത്തിലെത്തിയത്. കൊട്ടാരത്തിനകത്തേക്കു പ്രവേശനം കിട്ടി. മുഖൗഖിസിനു കത്തു കൊടുത്തു.


 “തന്നെ ഉപദ്രവിക്കുകയും സ്വന്തം നാട്ടിൽ നിന്നു പുറത്താക്കുകയും ചെയ്ത ശത്രുക്കൾക്കെതിരെ അദ്ദേഹം എന്തുകൊണ്ടു പ്രാർത്ഥിക്കുന്നില്ല.” രാജാവു ദൂതനോടു ചോദിച്ചു...


 ദൂതന്റെ മറുപടി ഇങ്ങനെയായിരുന്നു: “മർയമിന്റെ പുത്രൻ ഈസാനബി(അ)നെ ശത്രുക്കൾ വധിക്കാൻ ശ്രമിച്ചു. അവർക്കെതിരെ ഈസാ(അ) പ്രാർത്ഥിച്ചില്ല. അല്ലാഹു ഈസാ(അ)നെ ആകാശത്തേക്ക് ഉയർത്തുകയാണുണ്ടായത്.”


 “ശരി ശരി, യുക്തിമാനായ പ്രവാചകന്റെ ദൂതനും യുക്തിമാൻ തന്നെ. ഞാൻ ആലോചിക്കട്ടെ."


 നബിﷺതങ്ങളുടെ ദൂതനെ മുഖൗഖിസ് ആദരിച്ചു. മാന്യമായ സ്വീകരണവും സൽക്കാരവും നൽകി. പ്രവാചകനു കൊടുക്കാൻ ഒരു കത്തും ഏൽപിച്ചു. അതിൽ ഇപ്രകാരം എഴുതിയിരുന്നു:


 “പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ

നാമത്തിൽ. അബ്ദുല്ലയുടെ മകൻ മുഹമ്മദിന് മുഖൗഖിസ് രാജാവ് എഴുതുന്ന കത്ത്, താങ്കൾക്കു സലാം.

താങ്കളുടെ കത്തു വായിച്ചു. പറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കി. ഒരു പ്രവാചകൻ വരാനുണ്ടെന്നു ഞാൻ മനസ്സിലാക്കിയിരുന്നു. അദ്ദേഹം ശാമിൽ ഉദയം ചെയ്യുമെന്നായിരുന്നു എന്റെ പ്രതീക്ഷ.

താങ്കളുടെ ദൂതനെ ഞാൻ ആദരിച്ചിരിക്കുന്നു. താങ്കൾക്കു സലാം.”


 ഇതാണു കത്തിന്റെ ആശയം. കത്ത് ദൂതനെ ഏൽപിച്ചു. പ്രവാചകനു കൊടുക്കാൻ കുറെ സമ്മാനങ്ങളും കൊടുത്തയച്ചു. കുറെ പണം, ഒരു സാധാരണ കഴുത, ഒരു വെള്ള കോവർ കഴുത, ഈജിപ്തിലെ വിശേഷപ്പെട്ട സാധനങ്ങൾ എന്നിവയായിരുന്നു സമ്മാനം. 


 ഇവയോടൊപ്പം വിലപിടിപ്പുള്ള മറ്റൊരു സമ്മാനം കൂടിയുണ്ടായിരുന്നു. രണ്ട് അടിമപ്പെൺകുട്ടികൾ, പെൺകുട്ടികളുടെ രൂപവും പേരും ഭംഗിയുള്ളതായിരുന്നു. ഒരാൾ മാരിയത്. മറ്റൊരാൾ സീരീൻ.


 ദൂതൻ സമ്മാനങ്ങളുമായി പുറപ്പെട്ടു. സുരക്ഷിതമായി മദീനയിൽ തിരിച്ചെത്തി. കത്തും സമ്മാനങ്ങളും നൽകി. അടിമപ്പെൺകുട്ടികളുടെ കണ്ണിൽ വിസ്മയം.

ലോകാനുഗ്രഹിയായ പ്രവാചകൻ. അനുസരണശീലരായ അനുയായികൾ, ആഡംബരങ്ങളില്ല. കൊട്ടാരങ്ങളില്ല. അലങ്കാരങ്ങളില്ല.

അടിമപ്പെൺകുട്ടികൾ പരസ്പരം നോക്കി. ഇതെന്തു കഥ..?


 മാരിയത് എന്ന പെൺകുട്ടിയെ നബി ﷺ തങ്ങൾക്കിഷ്ടപ്പെട്ടു. നബിﷺയുടെ ഭാര്യമാരും കഥയറിഞ്ഞു. ഈജിപ്തിൽ

നിന്നു വന്ന അടിമപ്പെൺകുട്ടികളുടെ കഥ. മാരിയതിനെ നബിﷺതങ്ങൾ വിവാഹം ചെയ്തു.


 സീരീന്റെ ചുമതല ഹസ്സാൻ ബ്നു സാബിത് (റ)വിനു നൽകി. അടിമപ്പെൺകുട്ടികൾക്ക് ഉന്നത പദവികൾ ലഭിച്ചു.


 ഈജിപ്തുകാരിയായതിനാൽ മാരിയതുൽ ഖിബ്തിയ്യ എന്ന പേരിൽ അവർ അറിയപ്പെടുന്നു. പ്രവാചകരുടെ (ﷺ) പുത്രനെ പ്രസവിക്കാൻ മാരിയതുൽ കിബ്തിയ്യ(റ)ക്കു ഭാഗ്യം സിദ്ധിച്ചു. ഈ കുഞ്ഞിന് ഇബ്റാഹീം എന്നു

പേരിട്ടു. വളരെ ചെറുപ്പത്തിൽതന്നെ ഈ കുട്ടി മരണപ്പെട്ടു.


മാരിയ്യതുൽ ഖിബ്തിയ്യ(റ) ഇസ്ലാമിക ചരിത്രത്തിൽ ഉന്നതസ്ഥാനം നേടി. വിശ്വാസികളുടെ മാതാവായി...