Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

ഉത്തരം കിട്ടാത്ത ചോദ്യം

ഹൃദയത്തിൽ ഒരുപിടി അഭിലാഷങ്ങളുമായാണ് സുഹ്റാ രാജകുമാരി മണിയറയിലേക്ക് കാലെടുത്തുവെച്ചത്... 


ആ സൗന്ദര്യധാമത്തിന്റെ ചന്ദ്രബിംബതുല്യമായ വദനത്തിൽ നാണത്തിന്റെ ഒളിമിന്നലുണ്ടായി. മാരനെ കുടിപ്പിക്കാൻ ഒരു സ്വർണ്ണചഷകം നിറയെ പാലുമായി നമ്രശിരസ്‌കയായി കുമാരി അടുത്തുവന്നു. ഹക്കീം സാഹിബ് നിസ്കാരത്തിൽ മുഴുകിയിരിക്കുന്നതായിട്ടാണ് അവളുടെ ദൃഷ്ടിയിൽ പെട്ടത്...


കയ്യിലുള്ള പാൽപാത്രം പോലും വെക്കാതെ പ്രണപ്രേയസന്റെ ആഗമനവും പ്രതീക്ഷിച്ച് ആ പൂവാലാംഗി നിൽപ്പ് തുടർന്നു. നിമിഷങ്ങൾ ഓരോന്നായി കടന്നുപോയി. കുമാരി ആ നിൽപ്പ് തുടങ്ങിയിട്ട് എത്ര സമയമായെന്നറിയില്ല. അവസാനം പാദങ്ങളിൽ വേദന അനുഭവപ്പെട്ടപ്പോൾ പാൽപ്പാത്രം മേശപ്പുറത്തുവെച്ച് അവൾ കാട്ടിലിലിരുന്നു ... എന്നിട്ടും ഭർത്താവിന്റെ നിസ്കാരത്തിന് അവസാനമില്ല...


മോഹിച്ചു ദാഹിച്ച് കാത്തിരുന്നു ലഭിച്ച അസുലഭ സുന്ദര രാത്രി..., യൗവ്വനത്തിന്റെ കരുത്ത്‌ സിരകളിൽ ഉന്മാദനൃത്തം വെക്കുന്ന പ്രായത്തിലുള്ള ഇണകൾ. അവർക്ക് വേണ്ടി മാത്രം തയ്യാറാക്കപ്പെട്ട മണിയറയിൽ ......എന്നിട്ടും ...??? ഇതെന്തു കഷ്ടം !!! രാജകുമാരിയുടെ ഉള്ളിൽ അമർഷം നുരഞ്ഞുപൊങ്ങി. പല സംശയങ്ങളും അവളുടെ ഹൃദയത്തിന്റെ തിരശ്ശീലയിലൂടെ കടന്നുപോയി...


തന്റെ ഭർത്താവ് ഒരുപക്ഷേ ലൈംഗിക ശേഷിയില്ലാത്ത വല്ല പിണ്ഡനുമായിരിക്കുമോ ? എന്നുപോലും അവളുടെ ഹൃദയത്തിൽ തോന്നിപ്പോയി ...


പക്ഷെ, തന്റെ ബാലിശമായ ചിന്തകളെ കുമാരി തന്നെ ശപിച്ചു. തന്റെ പ്രിയതമൻ സർവ്വസംഗ പരിത്യാഗിയാണ്. സർവ്വ ശക്തനായ അള്ളാഹു (സു)യെ വണങ്ങുന്നതിനിടയിൽ ഐഹിക സുഖഭോഗങ്ങളെ കുറിച്ചുള്ള ചിന്തകൾക്ക് ഹൃദയത്തിൽ സ്ഥാനം കൊടുക്കാത്തവനാണ്. അതുകൊണ്ട് ഞാനദ്ദേഹത്തെ പഴിക്കാൻ പാടില്ല... അദ്ദേഹത്തിന്റെ നിസ്കാരവും ദിക്റും ദുആയും കഴിഞ്ഞാൽ ഒരുപക്ഷേ എന്റെ അടുത്തേക്ക് വന്നുകൂടായ്കയില്ല. അങ്ങിനെ ഓരോന്ന് ചിന്തിച്ച് ആ പെണ്‍കൊടി ഇരുന്ന ഇരുപ്പിലങ്ങ് ഉറങ്ങിപ്പോയി ...


കുമാരി ഉണർന്ന് നോക്കുമ്പോൾ നേരം പരപരാ വെളുത്തിരിക്കുന്നു. പ്രിയതമൻ സുബ്ഹി നിസ്കാരവും കഴിഞ്ഞ് ദിക്റുകൾ ഉരുവിട്ടുകൊണ്ട്‌ നിസ്കാരപ്പായയിൽ തന്നെ ഇരിക്കുകയാണ്. സ്നേഹ സമ്പന്നയായ ആ തരുണീമണിക്ക് ഭർത്താവിനോട് ഒരു തരത്തിലുള്ള വിദ്വേഷവും തോന്നിയില്ല. എങ്കിലും അക്കാലത്ത് യമനിൽ നടപ്പുള്ള ഒരു മാമൂലിനെ കുറിച്ചോർത്ത് അവളുടെ ഹൃദയം വല്ലാതെ ആശങ്കാകുലമായി... 


ചിന്തിച്ചാൽ തമാശ തോന്നുന്ന ഒരു നാട്ടു നടപ്പായിരുന്നു അത്. കല്യാണചടങ്ങുകൾ കഴിഞ്ഞാൽ തന്നെ, പ്രധാനപ്പെട്ട അതിഥികളാരും മംഗലപുരയിൽ നിന്നും വിട്ടു പോവില്ല. ഒരു ചടങ്ങും കൂടി കഴിഞ്ഞേ അവരെല്ലാവരും വിട്ടുപോവുകയുള്ളൂ ...


അതായത്, ദമ്പതിമാർ മണിയറ കൂടിക്കഴിഞ്ഞാൽ അതിരാവിലെ തന്നെ എല്ലാവരും ചേർന്ന് മണിയറയിൽ വിരിച്ച വെള്ളവിരിപ്പ് പരിശോധിക്കും. അതിൽ കന്യാചർമ്മം പൊട്ടിയ ചോരപ്പാട് കാണണം. കണ്ടുകഴിഞ്ഞാൽ പിന്നെ ആ വീട്ടിൽ ആഹ്ലാദം ചിറകടിച്ചുയരുകയായി. അതിന്റെ പേരിൽ വലിയൊരു സദ്യ ഉണ്ടതിന് ശേഷമേ കൂടിയവർ പിരിഞ്ഞുപോകൂ ...


ആദ്യരാത്രിക്കു ശേഷം തന്നെ ഈ രക്തക്കറ കാണുന്നതിലാണ് ആഭിജാത്യവും അന്തസ്സും. എങ്കിലും, തുടർന്നുള്ള രണ്ടുദിവസം കൂടി അവസരം ഉണ്ട്. മൂന്ന് ദിവസം കഴിഞ്ഞിട്ടും ഇങ്ങിനെ കന്യാചർമ്മം ഛേദിക്കപ്പെട്ടതിന്റെ അടയാളമൊന്നും കാണുന്നില്ലെങ്കിൽ നാട്ടുകാരുടെയും, ബന്ധുക്കളുടേയും പരിഹാസത്തിനും ആക്ഷേപത്തിനും പാത്രീഭൂതരാകേണ്ടിവരും ...


മണിയറക്കുള്ളിലേക്ക് പാഞ്ഞുവരുന്ന പെണ്ണുങ്ങളോട് എന്ത് സമാധാനം പറയണമെന്നറിയാതെ രാജകുമാരി പരുങ്ങി.

അവളുടെ വാടിയ മുഖത്തേക്ക് നോക്കി തൊഴിമാർ ഓരോന്ന് കുത്തിക്കുത്തി ചോദിക്കാൻ തുടങ്ങി. അവൾക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. കന്യാരക്തം കാണാൻ വന്നവർ നിരാശരായി മടങ്ങി...


എങ്കിലും ഇനിയും രണ്ട്‌ രാവുകൾ കൂടി ഉണ്ടല്ലോ, ആ സമാധാനത്തോട് കൂടി പെണ്ണുങ്ങൾ തിന്നും കുടിച്ചും മംഗല്യവീട്ടിൽ കഴിഞ്ഞുകൂടി ...