Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

വല്ലാത്തൊരു ദുനിയാവ്

വല്ലാത്തൊരു ദുനിയാവാണിത്. സത്യത്തിനും നീതിക്കും വില കല്പിക്കാത്ത ദുനിയാവ്. നിഷ്കളങ്കതക്ക്‌ ഇവിടെ സ്ഥാനമില്ല. കള്ളവും, കപടവും, ക്രൂരതയും സംഹാരതാണ്ഡവം നടത്തുകയാണിവിടെ. നിരപരാധികൾ ശിക്ഷിക്കപ്പെടുന്നു. കുറ്റവാളികൾ തലയുയർത്തി നടക്കുന്നു. വല്ലാത്ത ലോകം ...


രാജകീയ കോടതിയിൽ അസൂറായുടെ കേസ് വിചാരണക്ക് വന്നു. വ്യഭിചാരം ചെയ്യുന്നത് നേരിൽ കണ്ടുവെന്ന് ഒരേ സ്വരത്തിൽ പറയുന്ന നാല് സാക്ഷികൾ. രാജകുമാരി തന്നെ രഹസ്യവേഴ്ചക്ക് ക്ഷണിച്ചുവെന്നും, താനവരുമായി രമിച്ചുവെന്നും ആവർത്തിച്ചാണയിടുന്ന ഭൃത്യൻ. ഏതു കോടതിക്കും അതില്പരം എന്തു തെളിവാണ് വേണ്ടത് ...


ഞാൻ നിരപരാധിയാണ്. തന്നെ കരുതിക്കൂട്ടി ചതിച്ചതാണ്, എന്നെല്ലാമുള്ള ബീവിയുടെ കരിങ്കല്ലിനെപ്പോലും അലിയിക്കുന്ന രീതിയിലുള്ള അപേക്ഷ കേൾക്കാൻ അവിടെ ആരും തയ്യാറായില്ല. തന്നെയുമല്ല, നീതി നടത്തേണ്ടുന്ന ഭരണാധികാരിയാണ് ന്യായാധിപ സ്ഥാനത്തിരിക്കുന്നത്. അയാളുടെ ആവശ്യം ബീവിയെ ശിക്ഷിക്കണമെന്നുള്ളതാണ്.  പിന്നെ എങ്ങനെയാണ് മറിച്ച് ചിന്തിക്കുക ...


ഒരു ദാക്ഷണ്യവും കാട്ടാതെ അബ്‍ദുറഹ്മാൻ വിധി പ്രഖ്യാപിച്ചു ...


ഇവിടെ അസൂറാബീവി സൈദ് എന്ന ഭൃത്യനുമായി അവിഹിത ബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നുവെന്ന് പകൽ വെളിച്ചം പോലെ തെളിഞ്ഞിരിക്കുന്നു. ആരാണ് പ്രേരിപ്പിച്ചത് എന്ന കാര്യത്തിൽ മാത്രമേ തർക്കമുള്ളൂ. അതിപ്പോൾ പ്രസക്തമല്ല. വ്യഭിചാരം ചെയ്തു, അതാണ് പ്രശ്നം ...


ഇവിടെ പ്രതി രാജപത്നിയാണ്. വിശിഷ്യാ എന്റെ സഹോദര ഭാര്യയാണ്. അതൊന്നും നീതി നടപ്പാക്കുന്നതിൽ നിന്ന്‌ എന്നെ പിന്തിരിപ്പിക്കുകയില്ല. എന്റെ സഹോദരനാണെങ്കിലും ഈ അവസരത്തിൽ മറിച്ചൊരു വിധി എഴുതാൻ സാധ്യമല്ല. അതുകൊണ്ട് ഞാൻ പ്രഖ്യാപിക്കുന്നു...


സൈദ് എന്ന ഭൃത്യൻ അവിവാഹിതൻ ആയതുകൊണ്ട് അവനെ നൂറ് അടി അടിച്ച് നാട് കടത്തുക...


അടുത്ത വിധി പ്രഖ്യാപിക്കുവാൻ എനിക്ക് സങ്കടമുണ്ട്. അസൂറാബീവി വിവാഹിതയാണ്. വിവാഹിതർക്കുള്ള വ്യഭിചാരത്തിന്റെ ശിക്ഷ മരിക്കുന്നത് വരെ കല്ലെറിഞ്ഞു കൊല്ലുക...


ആരവിടെ ...!!! ഈ വിധികൾ നടപ്പാക്കട്ടെ...


ആ ശിലാഹൃദയൻ അട്ടഹസിച്ചു ...


ഒരു ഇടിത്തീയേറ്റ പ്രതീതിയാണ് അസൂറാബീവിക്ക്‌ ആ വിധി പ്രഖ്യാപനം കേട്ടപ്പോൾ അനുഭവപ്പെട്ടത്. കാര്യങ്ങളുടെ കിടപ്പ് ഏതാണ്ട് അവർക്ക് പിടികിട്ടിയിരിക്കുന്നു. അബ്‍ദുറഹ്മാൻ കളിച്ച നാടകം. അയാളുടെ അഭീഷ്ടത്തിന് വഴങ്ങാത്ത തന്നെ തേജോവധം ചെയ്യാനുള്ള സൂത്രം. ആ നികൃഷ്ടൻ വളരെ ഭംഗിയായി ഒപ്പിച്ചിരുന്നു ... അയാൾ ഇത്രകണ്ട് ക്രൂരനാണെന്ന് സ്വപ്നത്തിൽ പോലും നിനച്ചിരുന്നില്ല ... 


ഇനി എല്ലാം അള്ളാഹു (സു)യിൽ ഭാരമേൽപ്പിക്കുക.  അവന്റെ മാർഗ്ഗത്തിൽ സംതൃപ്തയായി മരണം പുൽകുക. ആ മനസ്സുറപ്പ് ഉണ്ടായപ്പോൾ അവരുടെ പടലാധരങ്ങളിൽ പുഞ്ചിരിയുടെ ഒരു ചെറുചീള് തത്തിക്കളിച്ചു ...