Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

പരീക്ഷണങ്ങളുടെ കാലം (1)

   ഇസ്രാഈലി സമൂഹത്തിലേക്ക് നിയോഗിക്കപ്പെട്ട മഹാനായ പ്രവാചകനായിരുന്നു അൽയസഅ (അ). ഇൽയാസ് (അ)ന്ന് ശേഷം സത്യമാർഗ്ഗ പ്രബോധകനായി രംഗത്തുണ്ടായിരുന്നത് അൽയസഅ (അ) ആയിരുന്നു... 


 അരീഹാപട്ടണം ഇസ്രാഈലി സമൂഹത്തിന്റെ അധീനതയിലായിരുന്നു. വെള്ളത്തിന്ന് ഉപ്പുരസം വന്നു. അക്കാലത്ത് ജനങ്ങൾ നേരിട്ട ഒരു ബുദ്ധിമുട്ട് അതായിരുന്നു. ഒരു കൂട്ടമാളുകൾ അൽയസഅ (അ)നെ കാണാനെത്തി. പരാതി പറഞ്ഞു. 


 ധാരാളമാളുകൾ പങ്കെടുത്ത ഒരു സദസ്സിൽ വെച്ചു നബി പ്രാർത്ഥന നടത്തി. അതിന്റെ ഫലമായി വെള്ളത്തിന്റെ ഉപ്പുരസം ഇല്ലാതായിത്തീർന്നു. അൽയസഅ (അ)ന്റെ ഒരു മുഅജിസത്തായി ഇത് രേഖപ്പെടുത്തപ്പെട്ടു.


 മറ്റൊരു പ്രസിദ്ധമായ സംഭവം പറയാം...


 പട്ടിണി കൊണ്ട് പൊറുതിമുട്ടിയ ഒരു സ്ത്രീ വന്നു. നബിയോട് ദാരിദ്ര്യത്തെക്കുറിച്ചു പരാതി പറഞ്ഞു.


"നിനക്ക് ഭർത്താവ് ഇല്ലേ..?" അൽയസഅ (അ) ചോദിച്ചു.


"ഉണ്ട് കടം കൊണ്ട് വലഞ്ഞവനാണ്. " സ്ത്രീ പറഞ്ഞു.


"നിന്റെ വീട്ടിൽ ആഹാരസാധനങ്ങളെന്നുമില്ലേ..?"


"യാതൊന്നും തന്നെയില്ല. ഒരു ചെറിയ പാത്രത്തിൽ അല്പം നെയ്യ് ഉണ്ട്. മറ്റൊന്നുമില്ല."


"മതി അത് കൊണ്ട് വരൂ...!"


 സ്ത്രീ പോയി. ചെറിയ പാത്രത്തിൽ നെയ്യ്‌ കൊണ്ടുവന്നു. നബി അത് വലിയ പാത്രത്തിലൊഴിച്ചു. വലിയ പാത്രം നിറഞ്ഞു. നെയ്യ് വേണ്ടവർക്കെല്ലാം വാങ്ങാം. അൽയസഅ (അ) ആഹ്വാനം ചെയ്തു. അതനുസരിച്ചു ധാരാളമാളുകൾ നെയ്യ്‌ വാങ്ങാനെത്തി. വലിയൊരു തുക കിട്ടി. കടം തീർന്നു. പിന്നെയും പണം ബാക്കി. അത്കൊണ്ട് കച്ചവടം നടത്തുക. സുഖമായി കുടുംബത്തെ പുലർത്തുക. സ്ത്രീയും ഭർത്താവും നടന്നു പോയി. കച്ചവടം നടത്തി നല്ല ലാഭം കിട്ടി. സുഖജീവിതമായി.


 ഒരിക്കൽ ഒരു ദുഃഖിതയായ സ്ത്രീ വന്നു. "നിനക്കെന്ത് വേണം..? നീയെന്തിന് ദുഃഖിക്കുന്നു." അൽയസഅ (അ) അവൾ ദുഃഖ കഥ പറഞ്ഞു. വിവാഹം കഴിഞ്ഞിട്ട് കാലം കുറെയായി. മക്കളില്ല. സന്താന സൗഭാഗ്യം സിദ്ധിക്കാനായി അൽയസഅ (അ) പ്രാർത്ഥിച്ചു. 


 ഏറെ കഴിഞ്ഞില്ല. ആ കുടിലിൽ സന്തോഷമെത്തി. സ്ത്രീ ഗർഭിണിയായി. കുടുംബം ഒന്നാകെ സന്തോഷത്തിലായി. മാസം തികഞ്ഞു. കുഞ്ഞ് പിറന്നു. സന്തോഷത്തിനു പിന്നാലെ ദുഃഖമെത്തി. രോഗം. കുഞ്ഞിന് രോഗം ബാധിച്ചു. ഏറെക്കാലം കാത്തിരുന്നിട്ട് കിട്ടിയ കുട്ടിയാണ്. കുടുംബത്തിൽ ദുഃഖം തളം കെട്ടി നിന്നു.


 കേൾക്കാനാഗ്രഹിക്കാത്ത വാർത്ത പുറത്തു വന്നു. കുട്ടി മരിച്ചുപോയി. മാതാവ് ഓടുകയാണ്. ആർക്കും അവരെ തടുക്കാനായില്ല. അൽയസഅ (അ) ന്റെ മുമ്പിലെത്തി. കണ്ണീരോടെ അപേക്ഷിച്ചു. "അല്ലാഹുﷻവിന്റെ നബിയേ..! എന്റെ കുട്ടി മരിച്ചുപോയി. എനിക്ക് സഹിക്കാനാവുന്നില്ല. എനിക്കെന്റെ മോനെ തിരിച്ചു കിട്ടണം. അല്ലാഹുﷻവിനോട് പ്രാർത്ഥിക്കൂ..."


 ഉൽക്കണ്ഠയുടെ നിമിഷങ്ങൾ. ഒരാൾക്കൂട്ടം കാത്തിരിക്കുകയാണ്. അൽയസഅ (അ) പ്രാർത്ഥിച്ചു. അല്ലാഹു ﷻ പ്രാർത്ഥന കേട്ടു . കുട്ടിക്ക് ജീവൻ തിരിച്ചുകിട്ടി. കുട്ടി ജീവിതത്തിലേക്കു മടങ്ങി വന്നതോടെ എല്ലാവർക്കും സന്തോഷമായി. അൽയസഅ (അ)ന്റെ മുഅജിസത്തുകൾ വളരെ പ്രസിദ്ധമായിത്തീർന്നു. 


 അൽയസഅ (അ) നെക്കുറിച്ച് സൂറത്ത് അൽ-അൻആമിൽ പറയുന്നുണ്ട് : "ഇസ്മാഈല്‍, അല്‍യസഅ്‌, യൂനുസ്‌, ലൂത്വ് എന്നിവരെയും നാം ലോകരില്‍ വെച്ച് ശ്രേഷ്ഠരാക്കിയിരിക്കുന്നു." (6:86)


 സുറത്ത് സ്വാദിൽ ഇങ്ങിനെ കാണാം: "ഇസ്മാഈല്‍, അല്‍യസഅ്‌, ദുല്‍കിഫ്ല് എന്നിവരെയും ഓര്‍ക്കുക. അവരെല്ലാവരും ഉത്തമന്‍മാരില്‍ പെട്ടവരാകുന്നു." (38:48)


 അൽയസഅ, ദുൽകിഫ്ലി എന്നീ പ്രവാചകന്മാരെക്കുറിച്ച് ഇങ്ങനെയുള്ള പരാമർശങ്ങൾ മാത്രമേ കാണുകയുള്ളൂ. വിശദീകരണമില്ല. ഇൽയാസ് നബി (അ)ന്റെ പ്രതിനിധിയായിരുന്നു അൽയസഅ (അ). പിന്നീട് പ്രവാചകനായി നിയോഗിക്കപ്പെട്ടു...