Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

കൃഷി തിന്ന കാലികൾ

   മനുഷ്യർക്ക് അല്ലാഹു ﷻ നൽകുന്ന അതിമഹത്തായ അനുഗ്രഹമാണ് ബുദ്ധി. ജന്മസിദ്ധമായിത്തന്നെ അത് ലഭിക്കുന്നു. ചിലർക്ക് നല്ല ബുദ്ധിശക്തി കാണും. ചിലർ മിതബുദ്ധികളായിരിക്കും. മറ്റു ചിലർ മന്ദബുദ്ധികൾ.    


 വിദ്യനേടുകയും ധാരാളം അനുഭവ സമ്പത്തുണ്ടാവുകയും ചെയ്യുമ്പോൾ ബുദ്ധി വികസിക്കുന്നു. മികച്ച ബുദ്ധിശക്തിയുടെ രണ്ട് ഉദാഹരണങ്ങൾ നമ്മുടെ മുമ്പിലുണ്ട്.


 ദാവൂദ് (അ). മകൻ സുലൈമാൻ (അ). അവർക്കിരുവർക്കും അല്ലാഹു ﷻ മികച്ച ബുദ്ധിശക്തിയാണ് നൽകിയത്. കൂടെ അത്ഭുതകരമായ അറിവുകളും. കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കാനും തീരുമാനങ്ങളെടുക്കാനും അവർക്ക് കഴിഞ്ഞിരുന്നു...


 പിൽക്കാലക്കാർക്ക് അവരുടെ ചര്യകളിൽ നിന്ന് മികച്ച പാഠങ്ങൾ പഠിക്കാനുണ്ട്. അതുകൊണ്ടാണ് അവരുടെ കാര്യങ്ങൾ വിശുദ്ധ ഖുർആൻ നമുക്കു പറഞ്ഞുതരുന്നത്. നമ്മുടെ സവിശേഷമായ ശ്രദ്ധയാകർഷിക്കാൻ പോന്ന ഒരു സംഭവം ഖുർആൻ വിവരിക്കുന്നുണ്ട്. 


 ഒരു കൂട്ടരുടെ കൃഷിസ്ഥലം. മറ്റൊരു കൂട്ടരുടെ ആട്ടിൻ കൂട്ടം. രാത്രിയിൽ ആ കൃഷി സ്ഥലത്ത്  കടന്നു വിളകൾ തിന്നുകളഞ്ഞു. വലിയ നഷ്ടം സംഭവിച്ചു. എത്ര പാടുപെട്ട് വളർത്തിയെടുത്ത കൃഷിയാണ്. അവരുടെ അധ്വാനം നഷ്ടത്തിലായി. കടുത്ത വേദനയോടെ കൃഷിക്കാർ ദാവൂദ് (അ) ന്റെ സന്നിധിയിലെത്തി. സങ്കടം ബോധിപ്പിച്ചു.  


 ആടുകളുടെ ഉടമസ്ഥരും വന്നു. "ആടുകൾ വിള തിന്നു എന്നത് സത്യമാണ്. ആടുകൾ ചെയ്ത കുറ്റം വിശേഷ ബുദ്ധിയില്ലാത്ത മൃഗങ്ങളെ എങ്ങനെ കുറ്റപ്പെടുത്തും?" അതൊന്നും പറഞ്ഞാൽ കർഷകരുടെ സങ്കടം തീരില്ലല്ലോ. നഷ്ടം നികത്തപ്പെടുകയുമില്ല.  


 ദാവൂദ് (അ) ന്റെ ബുദ്ധി നന്നായി പ്രവർത്തിച്ചു. ഒരു തീരുമാനം പ്രഖ്യാപിച്ചു. ആടുകളുടെ ഉടമസ്ഥരോട് ദാവൂദ് (അ) പറഞ്ഞു. കർഷകർക്ക് വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട്. നഷ്ടപരിഹാരം എന്ന നിലക്ക് നിങ്ങളുടെ ആടുകളെ അവർക്ക് നൽകുക...


 എല്ലാവരും വിധികേട്ടു. മറിച്ചൊന്നും പറയാനില്ല. ആട്ടിന്റെ ഉടമകളുടെ മനസ്സിൽ വേദനയുണ്ട്. അത് സഹിച്ചു. അല്ലാതെന്ത് ചെയ്യാൻ. എല്ലാവരും പുറത്ത് വന്നു. വഴിയിൽ വെച്ചു ദാവൂദ് (അ)ന്റെ പുത്രനെ കണ്ടു. പതിനൊന്നു വയസ്സുള്ള കുട്ടി. സുലൈമാൻ (അ)...


"എന്താണ് നിങ്ങളുടെ പ്രശ്നം..?" കുട്ടി ചോദിച്ചു.  


 അവർ സംഭവം വിവരിച്ചു. വിധിയും പറഞ്ഞു. എല്ലാം കേട്ടു കുട്ടി ചിന്തയിലാണ്ടു. ഇതിനെക്കാൾ നന്നായി വിധിക്കാമല്ലോ. വരൂ അവരെയും കൂട്ടി സുലൈമാൻ (അ) പിതാവിന്റെ മുമ്പിലെത്തി. സംസാരിച്ചു. 


"ഉപ്പാ... എനിക്ക് മറ്റൊരു രീതിയിൽ വിധിക്കാൻ തോന്നുന്നു." 


"പറയൂ മകനേ.... എന്താണ് നിന്റെ വിധി."


"കർഷകരുടെ കൃഷി നശിച്ചു അത് നന്നാക്കിയെടുക്കണം. അതിന് ആട്ടിന്റെ ഉടമകൾ വേണ്ട ശുശ്രൂഷകൾ ചെയ്യണം. കൃഷി പൂർവ്വസ്ഥിതിയിലെത്തിക്കണം. അതിന് കുറച്ചു കാലം പിടിക്കും. അത്രയും കാലം ആടുകളെ കർഷകർ സൂക്ഷിക്കട്ടെ. അവയുടെ പാലും രോമവും അപ്പോൾ പ്രസവിക്കപ്പെടുന്ന കുഞ്ഞുങ്ങളും കർഷകർക്കുള്ളതാണ്. അതാണ് നഷ്ടപരിഹാരം. കൃഷി പൂർവ്വസ്ഥിതിയിലെത്തിക്കഴിഞ്ഞാൽ ആടുകളെ തിരിച്ചുകൊടുക്കണം."  


 വിധി കേട്ടപ്പോൾ കർഷകർക്ക് സന്തോഷം. ആടുകളുടെ ഉടമകൾക്കും സന്തോഷം. തങ്ങളുടെ ആടുകളെ നഷ്ടപ്പെടുന്നില്ല. കൃഷി പൂർവ്വസ്ഥിതിയിലെത്തിയാൽ തിരിച്ചുകിട്ടും. കുറച്ചു കാലത്തേക്കുള്ള വരുമാനം നഷ്ടപ്പെടുമെന്നല്ലേയുള്ളൂ. സന്തോഷം.


 ദാവൂദ് (അ) പറഞ്ഞു : "മകനേ നിന്റെ വിധിയാണുത്തമം. അത് നടപ്പിലാക്കാം."


 ഇവിടെ മകന്റെ ബുദ്ധിശക്തിയാണ് പ്രകടമായത്. അംഗീകരിക്കാൻ പ്രേരിപ്പിക്കുന്ന പിതാവിന്റെ ബുദ്ധി. മകന്റെ കഴിവിൽ പിതാവിന് അഭിമാനം. മകന്റെ വിധി നടപ്പിലാക്കിക്കൊണ്ട് പിതാവ് മകനെ പ്രോത്സാഹിപ്പിക്കുന്നു.  


 മകൻ കുട്ടിയാണെങ്കിലും അവന്റെ കഴിവ് പിതാവ് അംഗീകരിക്കണമെന്ന മഹത്തായ പാഠം ഇവിടെയുണ്ട്. പിതാവ് ഒരിക്കലെടുക്കുന്ന തീരുമാനം മകന്റെ വാക്കുകേട്ട് മാറ്റാൻ പറ്റില്ല എന്ന ദുർവാശി പാടില്ല. താൻ പറഞ്ഞതിനേക്കാൾ മികച്ച രീതിയിൽ ആര് പറഞ്ഞാലും അംഗീകരിക്കണം. മനസ്സിന്റെയും ബുദ്ധിയുടെയും വളർച്ചക്ക് അതാണ് അനിവാര്യം.  


 താൻ പറഞ്ഞത് നടപ്പിലാവണം മറ്റുള്ളവർ പറഞ്ഞത് നടപ്പിൽ വരുത്താനാവില്ല. എന്ന പിടിവാശിയായാൽ ബുദ്ധിയും മനസ്സും ക്ഷീണിക്കും. വളർച്ച മുരടിക്കും. മറ്റുള്ളവർ പിടിവാശിക്കാരനെ വെറുക്കും. വെറുപ്പോടെ മാത്രം അയാൾ എന്നും ഓർമ്മിക്കപ്പെടുകയും ചെയ്യും. 


 ദാവൂദ് (അ) നെ ആളുകൾ സന്തോഷത്തോടെ ഓർക്കും. ആ പ്രവാചകന്റെ അന്തസ്സും, മഹിമയും ആളുകളുടെ മനസ്സിൽ കൂടിക്കൂടി വരും. മകന് പിതാവിനോടുള്ള ബഹുമാനവും സ്നേഹവും കൂടിക്കൂടി വരും. എല്ലാ പിതാക്കളും മക്കളും ഈ മാതൃക സ്വീകരിക്കണം. അവർക്കിടയിലെ ബന്ധം എത്ര സുന്ദരമായിമാറും.  


 ദാവൂദ് (അ) മാതൃകാ പിതാവായി നമ്മുടെ മുമ്പിലുണ്ട്. സുലൈമാൻ (അ) മാതൃകാ പുത്രനായും. നാമൊക്കെ ആദ്യം പുത്രന്മാരായി. പിന്നെ പിതാക്കളായി. ഇരുവരേയും നാം മാതൃകയാക്കുക...


 വിശുദ്ധ ഖുർആൻ സൂറത്തുൽ അമ്പിയാഹ് ഈ സംഭവം ഇങ്ങനെ ഉദ്ധരിക്കുന


്നു:  "ദാവൂദിനെയും സുലൈമാനെയും, വിളയുടെ കാര്യത്തിൽ ജനങ്ങളുടെ ആടുകൾ രാത്രി അതിൽ കടന്നു മേഞ്ഞപ്പോൾ രണ്ടുപേരും വിധി കല്പിക്കുന്ന സന്ദർഭം (ഓർക്കുക). അവർ വിധി കല്പിക്കുന്നതിന് നാം സാക്ഷിയായിരിക്കുകയും ചെയ്തിരിക്കുന്നു." (21:78)


 ദാവൂദ് (അ), സുലൈമാൻ (അ) എന്നിവർ ഒരേ സമയം പ്രവാചകന്മാരും രാജാക്കന്മാരുമായിരുന്നു. അവർ ഓരോ വിധി നടത്തുമ്പോഴും അല്ലാഹുﷻവിനെ ഓർത്തിരുന്നു. റബ്ബിന്റെ തൃപ്തി  കിട്ടുംവിധമായിരുന്നു വിധി. 


 കുടുംബനാഥൻ കുടുംബത്തിലെ വിധികർത്താവാണ്. കുടുംബാംഗങ്ങളുടെ കാര്യങ്ങൾ തീരുമാനമെടുക്കുമ്പോൾ അല്ലാഹു ﷻ അതിന് സാക്ഷിയാണെന്നോർക്കണം. 


 സംഘടനകളും, നേതാക്കളും സംസാരിക്കുമ്പോൾ ഓരോ വാക്കിനും അല്ലാഹു ﷻ സാക്ഷിയാണെന്ന സത്യം മറന്നുപോവരുത്.  


 ഒരിക്കൽ ഒരു ഇസ്രാഈലി ദാവൂദ് നബി (അ)ന്റെ മുമ്പിൽ വന്നു പരാതി പറഞ്ഞു: "എന്റെ പശുവിനെ അപഹരിച്ചുകൊണ്ടുപോയി.


"ആര്..?"  


ആളുടെ പേര് പറഞ്ഞു. പ്രതിയെ വരുത്തി ചോദ്യം ചെയ്തു. അയാൾ കുറ്റം നിഷേധിച്ചു. വാദി തന്നെ തെളിവു കൊണ്ടുവരണം. വാദിയും പ്രതിയും സ്ഥലംവിട്ടു. അന്ന് രാത്രി ദാവൂദ് (അ) സ്വപ്നം കണ്ടു. പരാതിയുമായി വന്ന വാദിയെ കൊല്ലുക.


 ദാവൂദ് (അ) അത്ഭുതപ്പെട്ടു. പിന്നെയും പിന്നെയും അതേ സ്വപ്നം. മൂന്നു തവണയായി. വാദിയെ വരുത്തി. 


"നിന്നെ വധിക്കാൻ പോവുകയാണ്."  


"എന്തിന്?"


"അതിന് കല്പന വന്നിരിക്കുന്നു."  


"എന്നെ ഒഴിവാക്കില്ലേ?"


"ഇല്ല വധിക്കുകതന്നെ ചെയ്യും."  


"എങ്കിൽ ഞാനൊരു കാര്യം പറയാം. കുറച്ചു ദിവസം മുമ്പ് ഞാൻ പ്രതിയുടെ പിതാവിനെ കൊന്നു."  


 അയാൾക്ക് വധിശിക്ഷ കിട്ടി. ഈ സംഭവം ഇസ്രാഈലികളെ ഭയപ്പെടുത്തി. എത്ര രഹസ്യമായി കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടുമെന്ന ചിന്ത അവരിലുണ്ടായി. കുറ്റം ചെയ്യാൻ അവർ ഭയപ്പെട്ടു.  


അവരിൽ ചിലർക്ക് കുറ്റം ചെയ്യാതിരിക്കാനാവില്ല. ക്രിമിനൽ സ്വഭാവമുള്ളവർ രഹസ്യമായി അവർ ചില കുറ്റങ്ങളൊക്കെ ചെയ്തിരുന്നു. പിടിക്കപ്പെടുമോ എന്ന ഭയം അവരെ വേട്ടയാടുകയും ചെയ്തിരുന്നു.