Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

ക്ഷമയുടെ ദൂതൻ (2)

   അയ്യൂബ് (അ), ദുൽകിഫ്ലി (അ). അല്ലാഹുﷻവിന്റെ കാരുണ്യത്തിൽ അവർ പ്രവേശിപ്പിക്കപ്പെട്ടു. എല്ലാ പിതാക്കളും പുത്രന്മാരും അത് കണ്ടറിയണം... 


 പ്രവാചക കുടുംബത്തിലെ മറ്റൊരു പ്രമുഖ അംഗമായ യൂനുസ് നബി (അ) നെക്കുറിച്ചാണ് തൊട്ടടുത്ത വചനത്തിൽ പറയുന്നത്.  യൂനുസ് (അ)ന്റെ പ്രാർത്ഥന. മത്സ്യത്തിന്റെ വയറ്റിലെ ഇരുട്ടിൽ കിടന്ന് ചൊല്ലിയ പ്രാർത്ഥന. അത് നമുക്കുകൂടിയുള്ള പ്രാർത്ഥനയാണ്. നാമത് ചൊല്ലണം. അതിന് വേണ്ടിയാണ് വിശുദ്ധ ഖുർആനിൽ അത് പറഞ്ഞത്. 


 لَّا إِلَـٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ


 ഈ പ്രാർത്ഥന ഉൾക്കൊള്ളുന്ന വിശുദ്ധ ഖുർആൻ വചനം സൂറത്ത് അമ്പിയാഇൽ കാണാം.  


നീനുവ എന്ന പ്രദേശത്തേക്ക് അല്ലാഹുﷻ നിയോഗിച്ച പ്രവാചകനായിരുന്നു യൂനുസ്  (അ). ഏറെക്കാലം ജനങ്ങളെ സന്മാർഗത്തിലേക്കു ക്ഷണിച്ചു. ഫലമുണ്ടായില്ല. അന്നാട്ടുകാരോട് കോപിച്ചു. യൂനുസ് (അ) നാടുവിട്ടുപോയി. കപ്പലിൽ കയറി. കടലിളകിമറിഞ്ഞു. കടൽ ശാന്തമാകാൻ വേണ്ടി കപ്പലിലുള്ളവർ യൂനുസ് (അ)നെ കടലിൽ തള്ളി. ഉടനെ വലിയൊരു മത്സ്യം നബിയെ വിഴുങ്ങി. മത്സ്യത്തിന്റെ വയറ്റിൽ കിടന്നു നബി  പ്രാർത്ഥിച്ചു. ഇക്കാര്യം വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം:  


"യൂനുസിനെയും ഓർക്കുക, അദ്ദേഹം കുപിതനായിക്കൊണ്ട് പോയ സന്ദർഭം. അപ്പോൾ തന്റെ മേൽ നാം കുടുസ്സാക്കുകയില്ലെന്ന് അദ്ദേഹം ധരിച്ചു. അങ്ങനെ ഇരുട്ടിൽ വെച്ച് അദ്ദേഹം പ്രാർത്ഥിച്ചു. നീയല്ലാതെ ഒരു ഇലാഹ് ഇല്ല നിന്റെ പരിശുദ്ധിയെ ഞാൻ പ്രകീർത്തിക്കുന്നു. നിശ്ചയമായും ഞാൻ അക്രമികളാൽ പെട്ടവനായിരിക്കുന്നു." (21:87)


"അപ്പോൾ അദ്ദേഹത്തിന്റെ പ്രാർത്ഥനക്ക് നാം ഉത്തരം നൽകി. ദുഃഖത്തിൽ നിന്ന് നാം അദ്ദേഹത്തെ രക്ഷപ്പെടുത്തുകയും ചെയ്തു. അപ്രകാരം സത്യവിശ്വാസികളെ നാം രക്ഷപ്പെടുത്തുന്നതാണ്." (21:88)


വിശുദ്ധ ഖുർആനിൽ ദുൽകിഫ്ലി (അ)നെ നാം കാണുന്നതെവിടെയാണ്..? 


 ക്ഷമയുടെ മികച്ച ഉദാഹരണമായ അയ്യൂബ് (അ)ന്റെയും, ക്ഷമകെട്ട് കോപിതനായ നാടുവിട്ടുപോയ യൂനുസ് (അ)ന്റെയും മധ്യത്തിൽ. രണ്ട് മികച്ച ഉദാഹരണങ്ങൾക്ക് മധ്യെ.


 ബുദ്ധിയുള്ള മനുഷ്യരായ നാം ഉറക്കെ ചിന്തിക്കണം.  കാര്യം ഗ്രഹിക്കണം. അങ്ങനെ ചിന്തിച്ചു മുന്നേറി സൻമാർഗത്തിലെത്തണം. പശ്ചാത്താപം അനിവാര്യമാണ്.  തെറ്റ് ചെയ്തു പോകും. മനുഷ്യ പ്രകൃതിയാണ്. തെറ്റ് വന്നുപോയാൽ പശ്ചാത്തപിക്കുക.  ആത്മാർത്ഥമായി പശ്ചാത്തപിച്ചാൽ അല്ലാഹു ﷻ സ്വീകരിക്കും. അക്കാര്യം തീർച്ചയാണ്.   


ദുൽകിഫ്ലി (അ) നെക്കുറിച്ചു പറഞ്ഞ ഉടനെ യൂനുസ് (അ) ന്റെ പ്രായശ്ചിത്തത്തെക്കുറിച്ചു പറഞ്ഞു. തൗബയുടെ വചനങ്ങളും പറഞ്ഞു. നാം അത് ഉൾക്കൊള്ളണം.  


 لَّا إِلَـٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ 


നീ അല്ലാതെ ഒരു ഇലാഹുമില്ല നിന്റെ പരിശുദ്ധിയെ ഞാൻ പ്രകീർത്തിക്കുന്നു നിശ്ചയമായും ഞാൻ അക്രമികളാൽ പെട്ടവനായിരിക്കുന്നു (21:87)


പല സമൂഹങ്ങളെക്കുറിച്ചും വിശുദ്ധ ഖുർആൻ പറയുന്നുണ്ട്. അവരിലേക്ക് അയക്കപ്പെട്ട പ്രവാചകന്മാരെക്കുറിച്ചും പറയുന്നുണ്ട്. 


 അല്ലാഹുﷻവിലേക്കുള്ള വിശുദ്ധ മാർഗം ആ മാർഗത്തിലേക്ക് ക്ഷണിക്കുകയാണ് എല്ലാ പ്രവാചകന്മാരും ചെയ്തത്. നേർമാർഗം  സ്വീകരിച്ചവർ ഒറ്റ ഒരു സമൂഹമാണ്. എക്കാലത്ത് ജീവിച്ചവരായാലും ശരി.  


"അല്ലാഹു ﷻ പറഞ്ഞു:  നിശ്ചയമായും ഇത് നിങ്ങളുടെ മതമാണ്. ഏക മതം. ഞാൻ നിങ്ങളുടെ റബ്ബുമാണ്. അതുകൊണ്ട് എനിക്ക് നിങ്ങൾ ഇബാദത്ത് ചെയ്യുക." (21:92)


വിഘടിച്ചുനിന്ന ഇസ്രാഈലികളെ ദുൽകിഫ്ലി (അ) ഐക്യത്തിലാക്കി. ക്ഷമയോടെ അവരെ സന്മാർഗത്തിലേക്ക് നയിച്ചു.