Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

രാജകുമാരനെ കാണാനില്ല (1)

   വീട് വിറങ്ങലിച്ചു നിൽക്കുകയാണ്. എന്തെല്ലാം വാർത്തകളാണ് കേൾക്കുന്നത്. ഇങ്ങനെയൊരു വാർത്ത കേൾക്കേണ്ടിവരുമെന്ന് ഒരിക്കലും ഓർത്തിരുന്നില്ല. 


 തലേന്ന് തന്നെ പട്ടണം നടുങ്ങിപ്പോയിരുന്നു. ഹാറൂനും കുടുംബാംഗങ്ങളും വളരെ സൂക്ഷിച്ചാണ് ജീവിക്കുന്നത്. പിതാവ് സർക്കാർ ജോലിക്കാരനാണ്. ഫിർഔനിന്റെ പട്ടാളത്തിലാണ്. കൊട്ടാരത്തിൽ നിന്ന് ശമ്പളം വാങ്ങുന്നു. അതുകൊണ്ടാണ് കുടുംബം പുലരുന്നത്.  


 ഫിർഔനിനെ പ്രകോപിപ്പിക്കുന്ന ഒരു കാര്യവും ആ കുടുംബം ചെയ്യാറില്ല. ഫിർഔനിന്റെ ഭാര്യ ആസിയ(റ) അവരുമായി ആ കുടുംബത്തിന് നല്ല ബന്ധമാണ്. എല്ലാവരും ആദരിക്കുന്ന കുടുംബം. തലേന്ന് കേട്ട വാർത്ത പട്ടണത്തെ ഞെട്ടിക്കുക തന്നെ ചെയ്തു... 


 ഒരാൾ കൊല്ലപ്പെട്ടിരിക്കുന്നു. 

കൊല്ലപ്പെട്ടത് ഖിബ്തിയാണ്. ഖിബ്തി കൊല്ലപ്പെട്ടാൽ അതൊരു വാർത്തയാണ്. എല്ലാവരും ഞെട്ടും. അവന്റെ ജീവന് വിലയുണ്ട്. ഇസ്രാഈലി കൊല്ലപ്പെട്ടാൽ വാർത്തയല്ല പൂച്ച ചത്ത ഫലം. ആരും അത് കണക്കിലെടുക്കില്ല. കൊന്നത് ഖിബ്ത്തിയായിരിക്കും. ഒരു നടപടിയും ഉണ്ടാകില്ല...


 ഖിബ്ത്തിയുടെ മരണം അങ്ങനെയല്ല. അയാൾ കൊട്ടാരം ജീവനക്കാരൻ കൂടിയാണെങ്കിലോ..?പിന്നെ പറയാനുമില്ല.  

കൊട്ടാരത്തിലെ പാചകക്കാരൻ.

ഫിർഔനിന് രുചികരമായ ആഹാരം തയ്യാറാക്കിക്കൊടുക്കുന്ന പാചകക്കാരൻ വധിക്കപ്പെട്ടു.  


 ആരായിരിക്കും ഘാതകൻ? സംശയത്തിന്റെ നീഴൽ വീഴുന്നത് ഇസ്രാഈലി സമൂഹത്തിലാണ്. പിടിക്കപ്പെട്ടാൽ ഉടനെ വധിക്കപ്പെടും... 


 ഹാറൂൻ (അ) ഉത്ക്കണ്ഠയോടെയാണ് അന്ന് വീട്ടിൽ വന്നു കയറിയത്. വീട്ടിൽ അന്ന് അതായിരുന്നു ചർച്ച. സ്വരം താഴ്ത്തിയാണ് എല്ലാവരും സംസാരിച്ചത്. 


 ആരായിരിക്കും ഘാതകൻ..? ഇസ്രാഈല്യരോട് കൂടുതൽ കർക്കശമായ സമീപനമായിരിക്കും ഇനിയുണ്ടാവുക. ഈ സംഭവം അതിന് കാരണമായിത്തീരും.   ഉറങ്ങാൻ കിടന്നപ്പോൾ എല്ലാവരും അതുതന്നെ ചിന്തിച്ചു. ഇനിയെന്തൊക്കെയാണുണ്ടായിത്തീരുക..? 


 നേരം പുലർന്നു. ഹാറൂൻ (അ) പുറത്തേക്കിറങ്ങി നൈലിന്റെ തീരത്ത് ആൾക്കൂട്ടങ്ങൾ. പല ഭാഗത്തും ആളുകൾ കൂട്ടുംകൂടി നിൽക്കുന്നു. ഖിബ്തികളുടെ കൂട്ടങ്ങൾ  അവർ രോഷത്തോടെ സംസാരിക്കുന്നു...  


 ഖിബ്തികളുടെ മുഖത്ത് നോക്കാൻ ഹാറൂൻ (അ)ന് പേടി തോന്നി. നിന്റെ വർഗക്കാരൻ ആ ഖിബ്തിയെ കൊന്നു. എന്നാരെങ്കിലും വിളിച്ചു പറയുമോ..? 


 പുറത്തിറങ്ങി നടക്കാൻ വിഷമം തോന്നി. വീട്ടിലേക്കു തന്നെ മടങ്ങി. അവിടെ ഒതുങ്ങിക്കൂടി. പിറ്റേന്ന് വന്ന വാർത്തകളാണ് ആ കുടുംബത്തെ പിടിച്ചുലച്ചുകളഞ്ഞത്. ഖിബ്ത്തിയെ കൊന്ന ഘാതകനെ തിരിച്ചറിഞ്ഞു. ഉടനെ പിടികൂടും. അങ്ങനെയൊരു വാർത്ത പട്ടണത്തിൽ പടർന്നു... 


 "ആരാ? ആരാ?" കേട്ടവരെല്ലാം ചോദിക്കുന്നു. ആ ചോദ്യം. 


ഹാറൂൻ (അ) ഉത്ക്കണ്ഠയോടെ ചോദിച്ചു:


 "ഖിബ്തിയുടെ ഘാതകൻ ആരാണ്..?"