Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

ഹാമാന്റെ ഉപദേശങ്ങൾ (1)

   ഫിർഔൻ രാജവംശത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പ്രചാരത്തിലുള്ള ഒരു റിപ്പോർട്ട് ഇപ്രകാരമാകുന്നു: ആരോഗ്യവാനും ബുദ്ധിമാനുമായ ഒരു ചെറുപ്പക്കാരൻ. അയാൾ ഭാഗ്യം തേടി സ്വദേശം വിട്ടു. പല നാടുകളിൽ സഞ്ചരിച്ചു. പല ജോലികൾ ചെയ്തു. കാര്യമായ നേട്ടങ്ങളൊന്നുമുണ്ടായില്ല. നന്നായി പണം കിട്ടണം. വലിയ വീട് വെക്കണം. ജനസ്വാധീനം വേണം. ഇതൊക്കെയാണ് മോഹം...


 പല നാടുകൾ സന്ദർശിച്ചശേഷം ഈജിപ്തിലെത്തി. അവിടെ ഭരിക്കുന്ന രാജാവിനെ കാണാനെത്തി.  


"മഹാരാജാവേ.... ഈ എളിയവന് ഒരു ജോലി തരണം." താണുകേണപേക്ഷിച്ചു 


"ഇവിടെ ജോലിയൊന്നും ബാക്കിയില്ല. എല്ലാ ജോലിക്കും ആളെ നിയമിച്ചുകഴിഞ്ഞു.... പോയ്ക്കോളൂ..." രാജാവ് അയാളെ പുറത്തുവിടാൻ നോക്കി. 


"മഹാരാജാവേ.... അങ്ങനെ പറയരുത്. പട്ടിണിയാണ് എന്തെങ്കിലും തൊഴിൽ തരണം. സഹായിക്കണം." 


"പറഞ്ഞത് കേട്ടില്ലേ? പോയ്ക്കോളൂ..." 


"മഹാരാജാവേ അങ്ങനെ പറയരുത്. എന്ത് ജോലിയും ചെയ്യാം. ശ്മാശാനത്തിന്റെ കാവൽക്കാരനാവാൻ പോലും ഞാൻ തയ്യാറാണ്."


രാജാവിന്റെ മനസ്സലിഞ്ഞു. രാജാവ് ഇങ്ങനെ അരുൾ ചെയ്തു: "നിന്നെ നാം ശ്മശാനത്തിന്റെ കാവൽക്കാരനായി നിയമിച്ചിരിക്കുന്നു."


അന്നുതന്നെ ജോലിയിൽ പ്രവേശിച്ചു. ശ്മശാനത്തിന്റെ ഗെയ്റ്റിൽ കാവലിരിക്കും. ശവം അകത്തേക്ക് കയറ്റാൻ അയാൾക്ക് ഒരു ദിർഹം നൽകും. ഒരു ശവത്തിന് ഒരു ദിർഹം അതാണ് കൂലി. അയാളുടെ ഭാഗ്യം ജനങ്ങളുടെ നിർഭാഗ്യവും.  


 ഈജിപ്തിൽ കോളറ പിടിപെട്ടു. മാരകമായ പകർച്ചവ്യാധി. നിരവധി പേർ മരിക്കുന്നു. കാവൽക്കാരൻ ജാഗ്രതയോടെ നിന്നു. ശവങ്ങൾ വരവായി. രാത്രിയും പകലും വരുന്നു. ഓരോന്നിനും ഓരോ ദിർഹം.  അയാളുടെ പണസഞ്ചി നിറയാൻ തുടങ്ങി. കോളറ കുറെക്കാലം നീണ്ടുതുടങ്ങി... 


 ഇസ്രാഈല്യരാണ് കൂടുതലും മരിച്ചത്. അവർക്ക് കാര്യമായ ചികിത്സയൊന്നും ലഭിച്ചില്ല. കോളറയുടെ കാലം കടന്നുപോയി. കാവൽക്കാരൻ പണക്കാരനായി. അയാൾ പണം പലതരം കച്ചവടങ്ങളിൽ മുതലിറക്കി. വൻ ലാഭമുണ്ടായി. കാവൽക്കാരന്റെ തൊഴിൽ തുടരുകയും ചെയ്തു... 


 വലിയൊരു വീട് വെച്ചു കുടുംബമായി താമസം തുടങ്ങി. ഉന്നതന്മാരുമായി കൂട്ടുകൂടി.


 ഹാമാൻ. ഈജിപ്തിലെ ധനാഢ്യൻ.  

അയാളുമായി കൂട്ടുകൂടി. സ്വാധീനം വർധിച്ചു. ഹാമാൻ മന്ത്രിയാണ്. മന്ത്രിയുടെ സ്വാധീനം കാരണം അയാൾക്ക് ഉന്നതമായൊരു ജോലി കിട്ടി. ശ്മശാനം കാവൽക്കാരൻ ഉയർന്ന ഉദ്യോഗത്തിലെത്തി.  


 പണവും സ്വാധീനവും അയാളെ ഉയർത്തി. അയാൾ ഖിബ്തികളുടെ ഇഷ്ടക്കാരനായി. ഒടുവിൽ മന്ത്രിസഭയിലെടുത്തു. മന്ത്രിയായി നന്നായി ശോഭിച്ചു. പട്ടാളക്കാരുമായി നല്ല ബന്ധം സ്ഥാപിച്ചു. അവരുടെ ക്ഷേമത്തിനു വേണ്ടി  പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കി. പട്ടാള മേധാവികൾ സ്വന്തക്കാരായി...