Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

ഫിർഔൻ കണ്ട സ്വപ്നം (2)

   നാട് നടുങ്ങിനിൽക്കുന്ന കാലം. അക്കാലത്ത് ഫിർഔൻ ഒരു സ്വപ്നം കണ്ടു. ആ സ്വപ്നത്തിന്റെ കഥ പറയാം: ഈജിപ്തിലെ കൊട്ടാരം. എല്ലാ ആഢംബരങ്ങളും ആർഭാടങ്ങളും നിറഞ്ഞ കൊട്ടാരം. കൊട്ടാരത്തിലെ മനോഹരമായ ഉറക്കറ. പട്ടുമെത്തയിൽ ഉറങ്ങുന്ന രാജാവ് ഫിർഔൻ. ആ ഉറക്കിലാണ് സ്വപ്നം കണ്ടത്... 


 ബൈത്തുൽ മുഖദ്ദസ് 

തെളിഞ്ഞുനിൽക്കുന്ന ദേവാലയം. പെട്ടെന്ന് അഗ്നിജ്വാല കണ്ടു. ബൈത്തുൽ മുഖദ്ദസിൽ നിന്ന് ജ്വാല പുറപ്പെട്ടു. അത് നീങ്ങി നീങ്ങി വരുന്നു. എങ്ങോട്ട്? ഫിർഔൻ ഭയന്നു. അഗ്നിജ്വാല എങ്ങോട്ടാണ് വരുന്നത്? ങേ.... അത് ഈജിപ്തിനു നേരെയാണല്ലോ വരുന്നത്. തട്ടിനീക്കാൻ ഒരു വഴിയും കാണുന്നില്ല... 


 ഫിർഔനിന്റെ ഉൽക്കണ്ഠ വർധിക്കുകയാണ്. അതെ....അത് നീങ്ങിവരുന്നു. ഈജിപ്തിലേക്ക്. എന്തൊരു ഭീകര കാഴ്ചയാണിത്.  


 കൊട്ടാരം പടുകൂറ്റൻ കെട്ടിടം. 

അനേക മുറികൾ. ഗാംഭീര്യം തുളുമ്പുന്ന വാതിലുകൾ. ഗംഭീരമായ തൂണുകൾ. മനോഹരമായ തൂക്കുവിളക്കുകൾ. വിലകൂടിയ പരവതാനികൾ. ഗാംഭീര്യമുള്ള  ഇരിപ്പിടങ്ങൾ. അന്തഃപുരങ്ങൾ. ആഢംബരം നിറഞ്ഞ എന്തെല്ലാം സജ്ജീകരണങ്ങൾ...  


 ഒരാൾക്കും കൊട്ടാരത്തിൽ കടക്കാനാവില്ല. ചുറ്റും ഉയരംകൂടിയ മതിലുകൾ. വലിയ ഗെയ്റ്റുകൾ. എല്ലാ ഗെയ്റ്റിലും കാവൽക്കാർ. ഫിർഔനിന്റെ ഉറക്കമുറിക്കു മുമ്പിലും കാവൽക്കാരുണ്ട്. ആർക്കും അകത്ത് കടക്കാനാവില്ല. എല്ലാ നിലയിലും സുരക്ഷിതനാണെന്നാണ് വിചാരം. എന്നാൽ തീജ്വാല അത് ഗെയ്റ്റിലൂടെയല്ല വരുന്നത്. തീജ്വാലക്ക് കാവൽക്കാരുടെ  സമ്മതം വേണ്ട. ഉയർന്ന മതിൽക്കെട്ടുകൾ തടസ്സമല്ല. ആകാശത്തിലൂടെയാണ് അതിന്റെ സഞ്ചാരം.


 അത്.... അതാ കൊട്ടാര വളപ്പിലെത്തിക്കഴിഞ്ഞു.  അതിമനോഹരമായ വാതിൽ. അമ്പരപ്പിക്കുന്ന കൊത്തുവേലകൾ. എന്തെല്ലാം ചിത്രപ്പണികൾ. എന്തു മാത്രം മനുഷ്യ പ്രയത്നം വേണ്ടി വന്നു ആ വാതിൽ രൂപപ്പെടുത്താൻ. തീജ്വാല പതിച്ചുകഴിഞ്ഞു. ഗാംഭീര്യം നിറഞ്ഞ വാതിലിന് തീപ്പിടിച്ചു. വാതിൽ ആളിക്കത്തുന്നു...


 ആരുമില്ലേ..! തീ അണയ്ക്കാൻ? 

എല്ലാവരും എവിടെപ്പോയി? വയർ നിറയെ തിന്ന് ബോധമില്ലാതെ ഉറങ്ങുകയാണ്. നന്ദികെട്ട വർഗം പാറാവുകാരാണത്രെ ഉപകാരം ചെയ്യാത്ത വർഗം...  


 തീ ആളിപ്പടരുന്നു. കിരീടം കത്തുന്നു. 

സിംഹാസനം കത്തുന്നു. ചെങ്കോൽ കത്തുന്നു. കൊട്ടാരമാകെ കത്തുന്നു. വലിയ തീഗോളമായി മാറി. 

തീ പട്ടണത്തിലേക്ക് പടരുന്നു. ഖിബ്തികളുടെ വലിയ വീടുകൾ കത്താൻ തുടങ്ങി...


 ഫിർഔൻ സൂക്ഷിച്ചു നോക്കി. വലിയ വീടുകൾ കത്തുന്നു. വലിയ വീടുകളാണ് കത്തുന്നത്.  ഓലമേഞ്ഞ ചെറിയ ചെറിയ വീടുകൾ ധാരാളമുണ്ട്. അവ കത്തുന്നില്ല. എന്തതിശയം. ആ വീടുകൾ ആരുടേതാണ്? അവ ഇസ്രാഈല്യരുടെ കുടിലുകളാണ്. അവയ്ക്കു നാശമില്ല. നാശം ഖിബ്ത്തികൾക്കു മാത്രം...


 രാജാവിന്റെ ഉറക്കറയിൽ നിന്ന് അട്ടഹാസം കേട്ടു. പേടിച്ചരണ്ട നിലവിളി. ഉറക്കംതൂങ്ങികളായ പാറാവുകാർ ഞെട്ടിയുണർന്നു. ആയുധങ്ങളുമായി ഓടിവന്നു

"എന്തു സംഭവിച്ചു..?"


 വിളക്കുകൾ തെളിഞ്ഞു. കൊട്ടാരമുണർന്നു. എന്താണ് സംഭവിച്ചതെന്ന് ആർക്കുമറിയില്ല. എവിടെയും പരിഭ്രമം മാത്രം. ഉറങ്ങിയവരെല്ലാം ഉണർന്നു. 

ഉറക്കറയുടെ വാതിൽ തുറക്കപ്പെട്ടു. വിയർത്തു കുളിച്ചു പരിഭ്രാന്തനായ ഫിർഔൻ ചുറ്റും നോക്കുന്നു. "എല്ലാം കത്തി നശിച്ചോ?" 


 ഇല്ല ഒന്നും സംഭവിച്ചിട്ടില്ല. കൊട്ടാരം അതുപോലെത്തന്നെ നിലനിൽക്കുന്നു. വാതിലുകൾക്ക് ഒന്നും പറ്റിയിട്ടില്ല. സിംഹാസനം അതിന്റെ സ്ഥാനത്ത് തന്നെയുണ്ട്. കിരീടവും ചെങ്കോലുമുണ്ട്.  പരവതാനികൾ വിരിച്ചേടത്തുതന്നെയുണ്ട്. 


 ഒരു സത്യം കൊട്ടാരമറിഞ്ഞു. രാജാവ് സ്വപ്നം കണ്ടു. ഭീകര സ്വപ്നം. അതിഭീകരം തന്നെ. ദുശ്ശകുനം നിറഞ്ഞ സ്വപ്നം. ജ്യോതിഷക്കാർ വരും.. വരട്ടെ. അവർ പറയും സ്വപ്ന വ്യാഖ്യാനം. അപ്പോഴറിയാം കാര്യങ്ങൾ. രാജാവ് വല്ലാതെ അസ്വസ്ഥനായിട്ടുണ്ട്. അക്കാര്യം തീർച്ച തന്നെ. സ്വപ്നം ഭീകരമാണെന്ന് അതിൽനിന്നുതന്നെ ഊഹിക്കാം.