Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

ശദ്ദാദ് (2)

   നല്ല മനുഷ്യരുടെ ഉപദേശങ്ങൾ ശദ്ദാദ് പലയിടത്തുവെച്ചും കേട്ടിട്ടുണ്ട്. പക്ഷെ, അവർ പറയുന്നതൊന്നും അനുസരിക്കാൻ തയ്യാറായില്ല. ധിക്കാരിയായി വളർന്നു. പിൽക്കാലത്ത് അന്നാട്ടിലെ  രാജാവായിത്തീർന്നു. ധാരാളം പട്ടാളക്കാർ. സേവകന്മാർ. വമ്പിച്ച ധനം ഇവയെല്ലാം ശദ്ദാദിന്റെ ധിക്കാരം വർദ്ധിപ്പിച്ചു. സജ്ജനങ്ങൾക്ക് അന്ത്യനാളിൽ സ്വർഗപ്രവേശനം ലഭിക്കും. ഞാനിവിടെത്തന്നെ സ്വർഗം പണിതാലോ..?  


ശദ്ദാദ് ഭൂമിയിൽ സ്വർഗം പണിയാൻ തീരുമാനിച്ചു. സ്വർഗത്തിലെ സൗകര്യങ്ങൾ ഇവിടെ ഏർപ്പെടുത്തുക. ശദ്ദാദിന്റെ തീരുമാനം പുറത്തുവന്നു... 


മതവിശ്വാസികൾ എതിർത്തുനോക്കി. വിജയിച്ചില്ല. പ്രോത്സാഹിപ്പിക്കാൻ ഒരുപാടാളുകൾ. വലിയൊരു കൊട്ടാരം പണിയുക അതിനകത്ത് എല്ലാ സൗകര്യങ്ങളും ഒരുക്കുക. അതാണ് പ്ലാൻ.  പറ്റിയ സ്ഥലം കണ്ടെത്തണം. അതാണ് ആദ്യം വേണ്ടത്. ഏഡൻ പ്രദേശത്തോട് ചേർന്നുള്ള വിശാലമായ സ്ഥലം. അത് കൊട്ടാര നിർമ്മാണത്തിനായി തിരഞ്ഞെടുത്തു. ഹൂദ് നബി (അ) ന്റെ ഉപദേശങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് ശദ്ദാദ് മുമ്പോട്ടു പോവുന്നത്...


നിപുണരായ തൊഴിലാളികളെ കണ്ടെത്തണം. അതിനുവേണ്ടി ദൂതന്മാരെ ലോകത്തിന്റെ നാനാഭാഗത്തേക്കും അയച്ചു. ദൂതന്മാർ ആയിരക്കണക്കായ വിദഗ്ധന്മാരെയാണ് ഏഡനിൽ എത്തിച്ചത്...


വമ്പിച്ച അളവിൽ സ്വർണം വേണം. അതിന് വേണ്ടി സ്വർണഖനികൾ തന്നെ കണ്ടെത്തണം. വെള്ളിയും  കണ്ടെത്തണം. പിന്നെ വേണ്ടത് രത്നങ്ങളാണ്. വിലപിടിപ്പുള്ള എല്ലാതരം രത്നങ്ങളും ശേഖരിക്കണം. വിവിധ തരത്തിലും വർണത്തിലുമുള്ള മുത്തുകൾ. നീണ്ടകാലത്തെ കഠിനാധ്വാനം. വേണ്ടതെല്ലാം ശേഖരിച്ചു കഴിഞ്ഞു. ചുറ്റുമതിലിന്റെ പണി തുടങ്ങുകയാണ്. 


ആഴത്തിൽ തറ കീറി. അടിസ്ഥാനം ഭദ്രമാക്കണം ശക്തമായ അടിത്തറയിൽ മതിലുകൾ കെട്ടി ഉയർത്തി. ഭീമാകാരമുള്ള വാതിലുകൾ.  അതിൽ അതിഗംഭീരമായ കൊത്തുപണികൾ. സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇഷ്ടികകൾ നിർമ്മിച്ചു. 

"ഭൂമിയിൽ ഒരാൾക്കും നിർമ്മിക്കാൻ കഴിയാത്തത്ര ശക്തമായ കൊട്ടാരമാണ് ഞാനിവിടെ നിർമ്മിക്കാൻ പോവുന്നത്. ഞാനാണ് ശക്തൻ. എന്നെക്കാൾ വലിയൊരു ശക്തൻ ഇല്ലെന്ന് നിങ്ങൾ മനസ്സിലാക്കാൻ പോവുകയാണ്." ശദ്ദാദിന്റെ പ്രഖ്യാപനം ...


അഹങ്കാരികൾ ആഹ്ലാദപൂർവ്വം അത് സ്വാഗതം ചെയ്തു. അടങ്ങിയൊതുങ്ങി ജീവിക്കുന്ന  സത്യവിശ്വാസികൾ ശദ്ദാദിന്റെ ദുർവാശികണ്ട് നിരാശപ്പെട്ടു. ഉപദേശങ്ങൾ ഫലം ചെയ്തില്ല. മുന്നറിയിപ്പുകളെല്ലാം അവഗണിക്കപ്പെട്ടു. പരലോക ജീവിതത്തെക്കുറിച്ചു കേട്ടപ്പോൾ പരിഹസിച്ചുതള്ളി. സ്വർഗനിർമ്മാണത്തിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടു. നിർമ്മാണം തുടർന്നു...