Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

ബാബിലോണിയ (2)

   ഒരു രാത്രിയിൽ കണ്ട സ്വപ്നം രാജാവിനെ ഭയപ്പെടുത്തി. പടിഞ്ഞാറൻ ചക്രവാളത്തിൽ ഒരു നക്ഷത്രം ഉദിക്കുന്നു. അത് ഉയർന്നു വരുന്നു. പ്രകാശം കൂടിക്കൂടിവരുന്നു. ആ പ്രകാശത്തിൽ ചന്ദ്രൻ മങ്ങുന്നു. രാജാവ് ഞെട്ടിയുണർന്നു. വെപ്രാളത്തോടെ ജ്യോത്സ്യന്മാരെ വിളിച്ചുവരുത്തി. പ്രശ്നം വെച്ചു...


 രാജാവിന്റെ പ്രധാന ആരാധ്യവസ്തുവാണ് ചന്ദ്രൻ. അതിന് മങ്ങൽ ഏൽക്കാൻ പോവുന്നു. ഉദിച്ചുവരുന്ന നക്ഷത്രം ഒരു കുട്ടിയുടെ ജനനത്തെ സൂചിപ്പിക്കുന്നു. ഒരു കുട്ടിയുടെ ജനനം കാരണം രാജാവിന് നാശം വരും. അതെ രാജവാഴ്ച തകരും. കൊട്ടാരങ്ങളും രാജമന്ദിരങ്ങളും കൈവിട്ടുപോവും. ആരാധനാലയങ്ങൾ നശിക്കും. സൈനിക ശക്തി നശിക്കും. ശിർക്ക് തകരും. തൗഹീദ് സ്ഥാപിക്കപ്പെടും. നംറൂദ് രാജാവ് കോപാകുലനായി മാറി...


 ഈ രാജ്യത്ത് ഇനി ഒരു ഭർത്താവും ഭാര്യയോടൊപ്പം ശയിക്കരുത്. ഇവിടെ ഒരു സ്ത്രീയും ഗർഭിണിയാവരുത്. ഇനി പ്രസവിക്കുന്ന കുഞ്ഞുങ്ങളെ വളരാൻ അനുവദിക്കില്ല. രാജശാസന വന്നു. രാജ്യം നടുങ്ങി. വൈമനസ്യത്തോടെയാണെങ്കിലും ജനങ്ങൾ അത് സ്വീകരിച്ചു. ആരെങ്കിലും രാജശാസന തെറ്റിക്കുന്നുണ്ടോയെന്ന് നോക്കാൻ രഹസ്യാന്വേഷണ വിഭാഗത്തെ ചുമതലപ്പെടുത്തി... 


 ഓരോ വീടും അവരുടെ നിരീക്ഷണത്തിലായി. ഇതിന്നിടയിൽ ഇബ്രാഹീം (അ)ന്റെ മാതാപിതാക്കൾ  ബന്ധപ്പെട്ടു. മാതാവ് ഗർഭിണിയായി. മാതാവ് പുറത്തിറങ്ങാൻ ഭയന്നു. ഗർഭം വളർന്നു പ്രസവ സമയമായി. കുടുംബത്തിൽ ഭയവും വെപ്രാളവും നിറഞ്ഞുനിന്നു. രഹസ്യം പുറത്തായില്ല. പ്രസവമടുത്തു. വീട്ടിനു പുറത്ത് ഒരു രഹസ്യകേന്ദ്രത്തിൽ കുട്ടിയെ വളർത്തി. ശിശു നല്ല ആരോഗ്യത്തോടെ വളർന്നുവന്നു. നല്ല ബുദ്ധിശക്തി. ബലം കൂടിയ ശരീരം. അസാധാരണ വേഗത്തിലായിരുന്നു കുട്ടിയുടെ വളർച്ച...


 രഹസ്യകേന്ദ്രത്തിൽ നിന്ന് കുട്ടിയെ വീട്ടിൽ കൊണ്ടു വന്നു. ഓർമ്മവെച്ച കാലം മുതൽ കുട്ടി ചുറ്റും കാണുന്നതെന്താണ്..? പ്രകാശമുള്ളൊരു നക്ഷത്രം ഉദിച്ചാൽ ഉടനെ ജനങ്ങൾ അതിന് സുജൂദ് ചെയ്യും. പതിനാലാം രാവിലെ പൂർണ്ണചന്ദ്രനെ ആരാധിക്കാൻ എന്തൊരു തിരക്ക്. സൂര്യനെ ആരാധിക്കുന്നവർ നിരവധിയാണ്. ഈ ആരാധന കൊണ്ടെന്തു ഫലം കുട്ടി ചിന്തിച്ചു. താറഹിന് എഴുപത്തഞ്ച് വയസ്സായി. അപ്പോഴാണ് ഇബ്രാഹീം എന്ന കുട്ടി ജനിച്ചത്. 


താറഹിന് മറ്റ് രണ്ടാൺകുട്ടികൾ ജനിച്ചിട്ടുണ്ട്. നാഹൂർ മൂത്ത കുട്ടി. ഹാറാൽ ഇളയകുട്ടി. മധ്യത്തിലുള്ളത് ഇബ്രാഹീം. ഹാറാൻ എന്ന കുട്ടി വളർന്നു വലുതായി വിവാഹം കഴിച്ചു. അതിൽ ജനിച്ച കുട്ടിയാണ് ലൂത്വ് (അ). പിതാവിന്റെ ജീവിതകാലത്ത് തന്നെ ഹാറാൻ മരണപ്പെട്ടു. ബാബിലോൺ പട്ടണത്തിലായിരുന്നു മരണം...


 താറഹിന്റെ മരണത്തെക്കുറിച്ചുള്ള റിപ്പോർട്ട് ഇങ്ങനെയാകുന്നു. കൽദാസികളുടെ നാട്ടിൽ നിന്ന് കൻആനികളുടെ നാട്ടിലേക്ക് ഒരു ചെറുസംഘം യാത്ര പുറപ്പെട്ടു. താറഹ്, മകൻ ഇബ്രാഹീം, ഇബ്റാഹീമിന്റെ ഭാര്യ സാറ ലൂത്വ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. അവർ ഹർറാൻ എന്ന പ്രദേശത്തെത്തി. താറഹിന് ഇരുന്നൂറ്റി അമ്പത് വയസ്സ് പ്രായമുണ്ടായിരുന്നു. അദ്ദേഹത്തിന് രോഗം ബാധിച്ചു. ഹർറാസിൽ വെച്ച് മരണപ്പെട്ടു... 


അക്കാലത്തെ പ്രസിദ്ധമായ പട്ടണമായിരുന്നു ദിമിഷ്ഖ്. ഏഴ് നക്ഷത്രങ്ങളെ ആരാധിക്കുന്ന നാട്. പൗരാണിക ദിമിഷ്ഖ് പട്ടണത്തിലേക്ക് പ്രവേശിക്കാൻ ഏഴ് കവാടങ്ങളുണ്ടായിരുന്നു. ഏഴ് നക്ഷത്രങ്ങളുടെ പേരിൽ അവ അറിയപ്പെട്ടു. ഓരോ കവാടത്തോടു ചേർന്ന് ഓരോ ക്ഷേത്രങ്ങൾ. ആ ക്ഷേത്രങ്ങൾ ഓരോ നക്ഷത്രത്തിന്റെ പേരിൽ അറിയപ്പെട്ടു. സൂര്യനും, ചന്ദ്രനും, നക്ഷത്രങ്ങളും മറ്റു പ്രകൃതി ശക്തികളും ആരാധിക്കപ്പെട്ടു. എണ്ണമറ്റ ബിംബങ്ങൾ ലോകം മുഴുവൻ ബിംബാരാധനയിൽ സർവശക്തനെ മറന്നുള്ള ജീവിതം. ഇബ്രാഹീം (അ) ജനിക്കുമ്പോഴുള്ള ലോകത്തിന്റെ അവസ്ഥ അതായിരുന്നു...