Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

ബലി (1)

   ഇസ്മാഈലിന് പതിമൂന്ന് വയസ്സായി. (ഏഴ് വയസ്സ് എന്നും അഭിപ്രായമുണ്ട് ) നല്ല ആരോഗ്യവും ചുറുചുറുക്കുമുള്ള ബാലൻ. ജുർഹൂം ഗോത്രക്കാർ കുറെ പേർ മക്കത്തു താമസമാക്കിയിട്ടുണ്ട്.  അവരുടെ കുട്ടികളോടൊപ്പം ഇസ്മാഈൽ കളിച്ചുവളരുന്നു. ജുർഹൂം ഗോത്രക്കാർ അറബി ഭാഷയാണ് സംസാരിച്ചിരുന്നത്. ഇസ്മാഈൽ അറബി പഠിച്ചു. എല്ലാവർക്കും ഇസ്മാഈലിനെ നന്നായി ഇഷ്ടപ്പെട്ടു. കാണാൻ നല്ല അഴക്. നല്ല പെരുമാറ്റം... 


 ഒരു ദിവസം ഇബ്രാഹീം (അ) മക്കയിലെത്തി. മകനെ കണ്ടപ്പോൾ വല്ലാത്ത സന്തോഷം. ഹാജറ ഭർത്താവിനെ ബഹുമാനപൂർവം സ്വീകരിച്ചു. പിതാവും മകനും ഒന്നിച്ചിരുന്ന് ആഹാരം കഴിച്ചു. "ഞാനും മോനും കൂടി ഒരു യാത്ര പോവുകയാണ്." ഇബ്രാഹീം (അ) പറഞ്ഞു. ഹാജറ മകനെ കുളിപ്പിച്ചു. നല്ല വസ്ത്രം ധരിപ്പിച്ചു. മുടി ചീകിയൊതുക്കി...


 ഉപ്പ മകനോട് ഇങ്ങനെ സംസാരിച്ചു: "മോനേ... ഞാനൊരു സ്വപ്നം കണ്ടു. എന്റെ മകനെ അറുത്ത് ബലി നൽകുകയെന്ന് അല്ലാഹുﷻ എന്നോട് കൽപിക്കുന്നു. അല്ലാഹുവിന്റെ കൽപ്പനയാണ് മോനെന്ത് പറയുന്നു?"  


മകന്റെ മറുപടി ഇങ്ങനെയായിരുന്നു...


"ഉപ്പയോട് അല്ലാഹുﷻഎന്താണോ കൽപിച്ചത് അത്പോലെ പ്രവർത്തിക്കുക." 


മകന്റെ വാക്കുകൾ കേട്ട് ഉപ്പാക്ക് സന്തോഷമായി...


 രണ്ടുപേരും വീട്ടിൽ നിന്നിറങ്ങി ഉപ്പയുടെ കൈയിൽ മുർച്ചയുള്ള കത്തിയുണ്ട്. കയറുമുണ്ട്. മിനാ എന്ന പ്രദേശത്തേക്കാണവർ പോവുന്നത്. അവിടെ വെച്ചാണ് ബലികർമ്മം നടക്കുക. ശപിക്കപ്പെട്ട ഇബ്ലീസ് ഈ സന്ദർഭത്തിൽ ഹാജറ (റ) യുടെ സമീപം വന്നു...


"നിങ്ങളുടെ പൊന്നുമോനെ അവന്റെ പിതാവ് കൊണ്ടുപോയത് എന്തിനാണെന്നറിയാമോ? അറുക്കാൻ എന്തൊരു ക്രൂരതയാണിത്? ഒരു ഉമ്മ ഇതെങ്ങനെ സഹിക്കും? മോനെ രക്ഷപ്പെടുത്താൻ നോക്കൂ..."

"ഉപ്പയെന്തിനാണ് മകനെ അറുക്കുന്നത്?"

 ഹാജറ (റ) ചോദിച്ചു. "അല്ലാഹുവിന്റെകൽപനയുണ്ടത്രെ ബലിയറുക്കാൻ." 

"അല്ലാഹുവിന്റ കൽപനയനുസരിച്ചാണോ ബലി നടക്കുന്നത്." 

"അതെ എന്തൊരു സങ്കടമാണിത് ?" "അല്ലാഹുﷻന്റെ കൽപന അനുസരിച്ചാണെങ്കിൽ അത്  നടക്കട്ടെ. ഞാൻ സമാധാനിച്ചുകൊള്ളാം...


 അല്ലാഹുﷻവിന്റെ കൽപന അനുസരിച്ചാണെങ്കിൽ മകനെ ബലി കൊടുക്കാൻ തയ്യാറാണെന്ന് കേട്ടതോടെ ഇബ്ലീസ് നിരാശനായി  മടങ്ങിപ്പോന്നു...


ഇസ്മാഈലിന്റെ സമീപത്തേക്ക് ഇബ്ലീസ് വന്നു...


 "മോനേ... ബാപ്പ നിന്നെ കൊണ്ടുപോവുന്നതെങ്ങോട്ടാണെന്നറിയാമോ?" 

"അറുക്കാൻ, അല്ലാഹുﷻ അങ്ങനെ കൽപിച്ചുണ്ടത്രെ..."

"ബാപ്പ മോനെ കൊന്നുകളയും മോൻ ഓടി രക്ഷപ്പെട്ടോളൂ ..."

കുട്ടി ഇങ്ങനെ മറുപടി നൽകി:


"അല്ലാഹുﷻ എന്നെ അറുക്കാൻ കൽപിച്ചിട്ടുണ്ടെങ്കിൽ അങ്ങനെ നടക്കട്ടെ."


 നോക്കിയെ.. എന്തോരു വിശ്വാസമാ...


ഇബ്ലീസ് ഞെട്ടിപ്പോയി. ഉമ്മായുടെയും മകന്റെയും ഈമാൻ എത്ര ശക്തം. ഇനി ഉപ്പായെ സമീപിച്ചുനോക്കാം... ഇബ്രാഹീം  (അ)ന്റെ മുമ്പിൽ ഇബ്ലീസ് വന്നുനിന്നു...


 "താങ്കൾ അല്ലാഹുവിന്റെ കൽപന നിറവേറ്റുവാൻ പോകുവയാണല്ലോ. പൊന്നുമോനെ വധിക്കുക എന്തൊരു ത്യാഗം. ഈ പൊന്നോമനയെ വധിക്കാൻ എങ്ങനെ മനസ്സുവരും..?" 


നബിക്ക് മുമ്പിൽ നിൽക്കുന്നത് ഇബ്ലീസാണെന്ന് മനസ്സിലായി. പോ... പോ... ശൈത്താനേ. ഇബ്ലീസിനെ ആട്ടിപ്പായിച്ചു. അവൻ ഓടി...


 കുറച്ചു കഴിഞ്ഞു വീണ്ടും വന്നു. ജംറത്തുൽ അഖബ എന്ന് ഇന്ന് അറിയപ്പെടുന്ന സ്ഥലത്തെത്തി. ഇബ്രാഹീം (അ) ന് കോപം വന്നു. ഇബ്ലീസിന് നേരെ ഏഴ് കല്ലുകൾ എറിഞ്ഞു. അവൻ ഓടിപ്പോയി...


 നബി മുമ്പോട്ടു നടന്നു. ജംറത്തുൽ വുസ്ത്ത്വാ എന്നറിയപ്പെടുന്ന സ്ഥലത്തെത്തി. ഇബ്ലീസ് വീണ്ടും വന്നു. ഇബ്രാഹീം (അ) അവനു നേരെ ഏഴ് കല്ലുകളെറിഞ്ഞു. അവൻ ഓടിപ്പോയി...


 ജംറത്തുൽ ഊല എന്നറിയപ്പെടുന്ന സ്ഥലത്തെത്തി. ഇബ്ലീസ് വീണ്ടും വന്നു. അവിടെ വെച്ചും ഇബ്രാഹീം (അ) അവനുനേരെ ഏഴ് കല്ലുകളെറിഞ്ഞു. അവൻ നിരാശനായി ഓടിപ്പോയി...


 ഹാജിമാർ ഈ മൂന്ന് സ്ഥലങ്ങളിലും കല്ലെറിയണം. ജംറകളിലെത്തുമ്പോൾ ഹാജിമാരുടെ മനസ്സിൽ ഇബ്രാഹീം (അ)ന്റെ ത്യാഗസ്മരണകൾ നിറയും. മിനായിലെത്തി. ബലിയുടെ സമയമായി...