Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

വഞ്ചകന്മാർക്കു ശിക്ഷ (1)

   ബനൂ ഖുറയ്ള കാണിച്ചത് അത്യന്തം ഗുരുതരമായ വഞ്ചനയാണ്. ശത്രുക്കൾ ഇസ്ലാമിനെ തുടച്ചുനീക്കാൻ വേണ്ടി വന്നു നിൽക്കുമ്പോൾ സന്ധിവ്യവസ്ഥകൾ വലിച്ചെറിഞ്ഞ് അവരോടൊപ്പം ചേർന്ന കൊടുംവഞ്ചകർ. 


 അവരെ ഗൗരവമായിത്തന്നെ കൈകാര്യം ചെയ്യണം. പിൽക്കാല തലമുറകൾക്ക് അതൊരു പാഠമായിരിക്കണം. ഈ പ്രശ്നത്തിൽ വിട്ടുവീഴ്ചയില്ല. നീക്കുപോക്കുമില്ല. ഏറ്റവും കടുത്ത ശിക്ഷ അർഹിക്കുന്ന കുറ്റമാണിത്.


 ഖൻദഖിൽനിന്നു വീടുകളിൽ മടങ്ങിയെത്തിയതേയുള്ളൂ. അങ്കി അഴിച്ചുമാറ്റാൻ തുടങ്ങുകയാണ്. അപ്പോഴാണു കൽപന...


 “ഒരൊറ്റയാളും ഖുറയ്ള ഗോത്രക്കാരുടെ പ്രദേശത്തെത്തിയല്ലാതെ അസ്വർ നിസ്കാരം നിർവഹിക്കരുത്.”  -പ്രവാചകകൽപന...


 എത്രയോ നാൾ തുടർച്ചയായി മരുഭൂമിയിലായിരുന്നതിനാൽ

എല്ലാവരും ക്ഷീണിതരാണ്. ക്ഷീണം തീർക്കാൻ സമയമില്ല. വീണ്ടും യാത്ര തുടങ്ങി.


 അസ്വർ നിസ്കാരത്തിനു മുമ്പെ അങ്ങത്തണം. ധൃതിപിടിച്ച യാത്ര. സംഭവം അത്ര ഗുരുതരമാണ്. അസ്ർ നിസ്കാരത്തിനു സമയമായി. യാത്ര തുടരുകയാണ്. 


 അപ്പോൾ ഒരു കൂട്ടർ ഇങ്ങനെ പറഞ്ഞു: “ഖുറയ്ളക്കാരുടെ പ്രദേശത്തെത്തുമ്പോൾ സമയം വൈകും. നമുക്കു വഴിയിൽ വച്ചു അസ്വർ നിസ്കരിക്കാം.” അവർ വഴിയിൽവച്ച് അസ്വർ നിസ്കരിച്ചു...


 വളരെ ധൃതിയിൽ യാത്ര ചെയ്യണമെന്നാണു പ്രവാചകൻ ﷺ പറഞ്ഞതിന്റെ അർത്ഥമെന്ന് അവർ വ്യാഖ്യാനിച്ചു. 


 മറ്റൊരു പക്ഷം ഖുറയ്ളക്കാരുടെ പ്രദേശത്ത് എത്തിയ ശേഷമേ അസ്വർ നിസ്കരിച്ചുള്ളൂ. അവിടെ എത്തിയ ശേഷമേ നിസ്കരിക്കാവൂ എന്നാണല്ലോ പ്രവാചകൻ ﷺ പറഞ്ഞത്. അവർ അതനുസരിച്ചു. നബി ﷺ വിവരമറിഞ്ഞു. ആരെയും കുറ്റപ്പെടുത്തിയില്ല. അലി(റ) ആയിരുന്നു പതാക പിടിച്ചത്...


 മുസ്ലിംകളുടെ ആഗമനം ഖുറയ്ളക്കാരെ ഭയവിഹ്വലരാക്കി.

അവർ കോട്ടകളിൽ അഭയം തേടി. തങ്ങളുടെ ദുഷ്കൃത്യങ്ങൾക്കു പ്രതികാരം ചെയ്യുമെന്നവർക്കറിയാം. ദിവസങ്ങൾ കടന്നുപോയി. ജൂതന്മാർ കോട്ടക്കകത്തു തന്നെ കഴിഞ്ഞുകൂടി. മുസ്ലിംകൾ പുറത്തും...


 ഇരുപത്തഞ്ചു ദിവസം പിന്നിട്ടു. “സമ്പത്തും ആയുധവുമായി മദീന വിട്ടുപോകാൻ ഞങ്ങളെ

അനുവദിക്കണം.” ബനൂ ഖുറയ്ള പ്രവാചകനോട് (ﷺ) അഭ്യർത്ഥിച്ചു.


 ബനുന്നളീറിനോടു കാണിച്ച ദയ തങ്ങളോടും കാണിക്കണമെന്ന് അവരാവശ്യപ്പെട്ടു.


 ബനുന്നളീറും ബനൂ ഖുറയ്ളയും ചെയ്തത് ഒരേ കുറ്റമല്ല. ബനൂ ഖുറയ്ളയുടേത് ഏറ്റവും ഗുരുതരമാണ്. വധശിക്ഷയിൽ കുറഞ്ഞ ഒന്നും പ്രതീക്ഷിക്കാനില്ല.


 ബനുന്നളീറിനെപ്പോലെ തങ്ങളെയും പോകാൻ അനുവദിക്കണമെന്ന അപേക്ഷ പ്രവാചകൻ ﷺ തള്ളിക്കളഞ്ഞു.


 ആയുധങ്ങളില്ലാതെ പോകാനുള്ള അനുമതി തേടി. അതും നിരസിക്കപ്പെട്ടു. നബി ﷺ ഇങ്ങനെ പ്രഖ്യാപിച്ചു. “നിങ്ങൾ കോട്ടയിൽ നിന്നു പുറത്തുവരിക. എന്റെ വിധി സ്വീകരിക്കുക. അനുകൂലമായാലും പ്രതികൂലമായാലും."


 ഖുറയ്ള ഗോത്രക്കാരുടെ സഖ്യകക്ഷിയായിരുന്നു ഔസ്. ഔസ് ഗോത്രത്തിലെ പ്രമുഖ നേതാവായ അബൂലുബാനയെ കൂടിയാലോചനയ്ക്ക് അയച്ചുതരണമെന്നു ഖുറയ്ളക്കാർ

ആവശ്യപ്പെട്ടു ഖുറയ്ളക്കാരുടെ കൂടെ അബൂലുബാനയുടെ

സന്തതികളും സ്വത്തും ഉണ്ടായിരുന്നു.


 അബൂലുബാന കൂടിയാലോചനയ്ക്കുവേണ്ടി കോട്ടക്കകത്തേക്കു പോയി. തങ്ങൾക്കു ലഭിക്കാൻ പോകുന്ന ശിക്ഷ എന്തായിരിക്കുമെന്നു ജൂതന്മാർ ചോദിച്ചു...


 അബൂലുബാന കഴുത്തിൽ കൈവച്ചു കാണിച്ചു. കൊന്നുകളയുമെന്ന സൂചന.


 താനങ്ങനെ സൂചിപ്പിച്ചതു വലിയ തെറ്റായിപ്പോയെന്നു പുറത്തു വന്നപ്പോൾ അബൂലുബാനക്കു തോന്നി. അല്ലാഹുﷻവിനോടും റസൂലിനോടും (ﷺ) താൻ തെറ്റു ചെയ്തു പോയി. നബിﷺയുടെ സമീപത്തേക്കു പോകാൻ തോന്നിയില്ല. താൻ ചെയ്ത തെറ്റിനു സ്വയം ശിക്ഷ വിധിച്ചു. പള്ളിയുടെ

തൂണിൽ സ്വയം ബന്ധിതനായി...


 തന്റെ കാര്യത്തിൽ അല്ലാഹു ﷻ ഒരു തീരുമാനം അറിയിക്കും വരെ ഇവിടെ ബന്ധിതനായിക്കഴിയാമെന്ന് അദ്ദേഹം തീരുമാനിച്ചു...