Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

നഈമിന്റെ സൂത്രം (1)

   നഈം ബ്നു മസ്ഊദ്. ഗത്ഫാൻ ഗോത്രക്കാരനാണ്. പല ഗോത്രക്കാർക്കും അടുത്തു പരിചയമുള്ള ആൾ. പ്രസിദ്ധനാണ്.


 ഏതുവഴി വന്നു എന്നറിയില്ല, അദ്ദേഹം നബിﷺതങ്ങളുടെ മുന്നിലെത്തി. അല്ലാഹു ﷻ അവിടെ എത്തിച്ചു എന്നു പറയുക.


 “ഞാൻ സ്വകാര്യമായി ഇസ്ലാംമതം സ്വീകരിച്ചിട്ടുണ്ട്. ആർക്കും അതറിയില്ല. പരമരഹസ്യമാണ്.” നഈം പറഞ്ഞു. നബിﷺതങ്ങൾക്കു സന്തോഷമായി.


 “മുസ്ലിംകളുടെ അവസ്ഥ നിങ്ങൾക്കറിയാമല്ലോ. ശത്രുക്കൾ ഏതു സമയവും ആക്രമിക്കാം. ശക്തികൊണ്ട് അവരെ പരാജയപ്പെടുത്താൻ കഴിയില്ല. യുക്തികൊണ്ടേ കഴിയൂ...”


 നബി ﷺ ഇങ്ങനെ തുടർന്നു: “നിങ്ങൾ മുസ്ലിമായ വിവരം അവരാരും അറിയില്ല. വല്ല തന്ത്രവും പ്രയോഗിച്ചു നിങ്ങൾക്കവരെ പരാജയപ്പെടുത്താൻ കഴിയുമോ..?”


 “അല്ലാഹുﷻവിന്റെ റസൂലേ, ഞാനൊന്നു നോക്കട്ടെ. ഞങ്ങൾ യുദ്ധരംഗത്തു പല കൗശലങ്ങളും പ്രയോഗിച്ചിട്ടുണ്ട്. ഞാനൊരു ശ്രമം നടത്തിനോക്കട്ടെ...”


 നഈം നേരെ പോയതു ബനൂ ഖുറയ്ളക്കാരുടെ അടുത്തേക്കാണ്. നഈമിനെ അവർ സന്തോഷപൂർവം സ്വീകരിച്ചു. അവർ യുദ്ധകാര്യങ്ങൾ സംസാരിച്ചു തുടങ്ങി. അദ്ദേഹം പറഞ്ഞു: “എനിക്കു നിങ്ങളോടുള്ള സ്നേഹവും അടുപ്പവും നിങ്ങൾക്കറിയാമല്ലോ..?”


“ഞങ്ങൾക്കു നന്നായറിയാം.”


 “നിങ്ങൾക്ക് ഒരാപത്തു വരുമ്പോൾ ഞാൻ നിങ്ങളെ സഹായിക്കേണ്ടതല്ലേ..?”


 “തീർച്ചയായും സഹായിക്കണം.”


 “എന്നാൽ ഞാനൊരു രഹസ്യം പറയാം. നിങ്ങൾ രഹസ്യം സൂക്ഷിക്കുമോ..? പരസ്യമാക്കുമെങ്കിൽ പറയില്ല.”


 “ഞങ്ങൾ രഹസ്യമായി സൂക്ഷിക്കും. പരസ്യമാക്കില്ല.”


 “എന്നാൽ കേട്ടോളൂ... അബൂസുഫ്യാൻ ദിവസങ്ങൾക്കകം സ്ഥലം വിടും. അതിശൈത്യം സഹിക്കാൻ അയാൾക്കു വയ്യ. യുദ്ധം ജയിക്കില്ല. ഖുറയ്ശികളും ഗത്ഫാൻകാരും ഓടിപ്പോയാൽ നിങ്ങളുടെ അവസ്ഥയെന്താകും..?"


“ഞങ്ങൾ ഇനിയെന്തുവേണം..?”


 “യുദ്ധത്തിൽ പങ്കെടുക്കുന്നതിനു പകരമായി എഴുപതു ഖുറയ്ശി പ്രമുഖരെ പണയമായി നൽകണമെന്നു നിങ്ങൾ ആവശ്യപ്പെടണം. അപ്പോൾ അറിയാം അവരുടെ തനിനിറം...”


 “ഞങ്ങളങ്ങനെ ആവശ്യപ്പെടും. ബാക്കി കാര്യം പിന്നെ.” ബനൂഖുറയ്ളക്കാരുടെ മനസ്സിൽ ഖുറയ്ശികളെക്കുറിച്ചു സംശയം ജനിച്ചു...


 നഈം നേരെ പോയത് ഖുറയ്ശികളുടെ ക്യാമ്പിലേക്കായിരുന്നു. “എനിക്കു നിങ്ങളോടുള്ള ബന്ധവും സ്നേഹവും ഒക്കെ നിങ്ങൾക്കറിയാമല്ലോ..?” അദ്ദേഹം ചോദിച്ചു.


 “അതുപിന്നെ ഞങ്ങൾക്കറിഞ്ഞുകൂടേ? എന്താ ഇങ്ങനെ യൊക്കെ ചോദിക്കാൻ കാരണം..?”


 “കാരണമുണ്ട്. ആപത്തു കാലത്താണല്ലോ ബന്ധുക്കളെ

സഹായിക്കേണ്ടത്.”


 “ഏതു സഹായമാണു നിങ്ങൾ തരാൻ പോകുന്നത്..?”


 “നിങ്ങൾ ഒരാപത്തിൽപെടാൻ പോകുന്നു.”


 “എന്താണു പറയൂ..!”


 “ബനു ഖുറയ്ള മുസ്ലിംകളുടെ കൂടെ ചേരാൻ പോകുന്നു.”


 “അങ്ങനെ വരില്ല.”


 “നാളെത്തന്നെ അവരോടു യുദ്ധം ചെയ്യാൻ പറയൂ. അപ്പോൾ കാണാം...”


 “എന്താണവരുടെ പരിപാടി..?” 


 “എഴുപതു ഖുറയ്ശി പ്രമുഖന്മാരെ മുഹമ്മദിനു പിടിച്ചു കൊടുക്കുക. അതുതന്നെ പരിപാടി...”


 “ഓഹോ.. അതൊന്നു കാണാമല്ലോ..?" അബൂസുഫ്യാൻ ഉടൻതന്നെ ബനൂ ഖുറയ്ളയുടെ സമീപത്തേക്കു ദൂതന്മാരെ വിട്ടു.


“നിങ്ങൾ നാളെത്തന്നെ മുഹമ്മദിനെതിരെ യുദ്ധം തുടങ്ങണം”


 ബനൂ ഖുറയ്ളക്കാർ ഇങ്ങനെ മറുപടി നൽകി: “നാളെ സബ്ബാത് ദിനമാണ്. യുദ്ധത്തിനു പറ്റില്ല. പിന്നെ മറ്റൊരു കാര്യം. നിങ്ങൾ ഞങ്ങളെ വിട്ട് ഓടിപ്പോവുകയില്ലെന്നതിനു ഒരു ഉറപ്പു വേണം. എഴുപതു ഖുറയ്ശി പ്രമുഖരെ ഞങ്ങൾക്കു പണയമായി തരണം.”


 ഖുറയ്ശി പ്രതിനിധികൾ തിരിച്ചുപോയി അബൂസുഫ്യാനോടു വിവരം പറഞ്ഞു...