Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

അബൂസുഫ്യാൻ മദീനയിൽ (1)

   ഇസ്ലാമിന്റെ ശക്തി വർധിച്ചുവരുന്നതിൽ ഖുറയ്ശികൾ എപ്പോഴും ആശങ്കാകുലരായിരുന്നു. ഹുദയ്ബിയ്യ സന്ധി ഇപ്പോഴും നിലനിൽക്കുന്നു. അതനുസരിച്ച് ഏതു ഗോത്രക്കാർക്കും ഖുറയ്ശികളോടോ മുസ്ലിംകളോടോ സന്ധിയുണ്ടാക്കാം. ഉടമ്പടിയിൽ ഏർപ്പെടുന്ന ഗോത്രങ്ങളും ഹുദയ്ബിയ്യ സന്ധിയുടെ പരിധിയിൽ പെടും.


 ഇതനുസരിച്ചു ബക്കർ ഗോത്രം ഖുറയ്ശികളുമായി സഖ്യമുണ്ടാക്കി. ഖുസാഅ ഗോത്രം മുസ്ലിംകളുമായും സഖ്യത്തിലായി.


 ബക്കർ ഗോത്രവും ഖുസാഅ ഗോത്രവും തമ്മിൽ വലിയ ശ്രതുതയിലാണ്. ജാഹിലിയ്യ കാലത്തുതന്നെ അങ്ങനെയാണ്. അതു കുടിപ്പകയായി വളർന്നു.


 ബക്കർ ഗോത്രക്കാർക്കു പ്രവാചകനോടും (ﷺ) ഇസ്ലാമിനോടും ശത്രുതയായിരുന്നു. ഹുദയ്ബിയ്യ സന്ധി നിലവിൽ വന്നശേഷവും അവരുടെ ശ്രതുത തുടർന്നു. പക്ഷേ, ഏറ്റുമുട്ടൽ നടന്നില്ല. അതു സന്ധിവ്യവസ്ഥകളെ ബാധിക്കുമെന്ന ഭയത്താൽ അവർ സമാധാന ജീവിതം നയിച്ചു.


 ഒരിക്കൽ ഒരു സംഭവം നടന്നു.

ആ സംഭവമാണു ഹുദയ്ബിയ്യ സന്ധി തകർത്തത്. ഒരു ബക്കർ ഗോത്രക്കാരൻ പ്രവാചകനെ (ﷺ) പരിഹസിച്ചു കൊണ്ടു പാട്ടുപാടി. അവന്റെ പാട്ട് ഖുസാഅ ഗോത്രക്കാരൻ കേട്ടു. ഖുസാഅക്കാരൻ കേൾക്കാൻ വേണ്ടി തന്നെയാണു പാടിയത്.


 ഖുസാഅക്കാരൻ എതിർത്തു. വാക്കുതർക്കമായി. ഖുസാഅക്കാരൻ ബക്കർ ഗോത്രക്കാരനെ അടിച്ചു. അതോടെ അവരുടെ പഴയ വിരോധം പുറത്തു ചാടി. പോർവിളിയായി. കണ്ടേടത്തുവച്ച് ആക്രമണമായി...


 ബക്കർ ഗോത്രക്കാരെ സഹായിക്കാൻ ഖുറയ്ശികൾ വന്നു. അതോടെ ഖുസാഅക്കാർക്കു രക്ഷയില്ലെന്നായി. ഏതു വഴി നടന്നാലും ആക്രമണം തന്നെ. ഖുസാഅക്കാർ എന്തിനു മുഹമ്മദുമായി സഖ്യമുണ്ടാക്കി..? 

ഖുറയ്ശികളുടെ മനസ്സിലുള്ള ചോദ്യമതാണ്.


 ഒരിക്കൽ കൂരമായ ആക്രമണത്തിൽ നിന്നു രക്ഷ കിട്ടാൻ വേണ്ടി കഅ്ബാലയത്തിൽ ഓടിക്കയറി. ഖുറയ്ശികൾ അവിടെക്കയറി ഖുസാഅക്കാരെ ആക്രമിച്ചു.


 ഇരുപതു ഖുസാഅ ഗോത്രക്കാരെ പലയിടത്തുവെച്ചായി വധിച്ചു. ഇനി പ്രവാചകന്റെ (ﷺ) സഹായം തേടുകയല്ലാതെ നിവൃത്തിയില്ല.


 ദൂതന്മാർ മദീനയിലെത്തി, വേദനയിൽ കുതിർന്ന കഥകൾ പറഞ്ഞു. പ്രവാചകൻ ﷺ അതുകേട്ടു രോഷാകുലനായി. ഉടനെ ഖുറയ്ശികൾക്ക് ഒരെഴുത്തു കൊടുത്തയച്ചു. അതിൽ മൂന്നു കാര്യങ്ങൾ നിർദ്ദേശിച്ചിരുന്നു.


 ബക്കർ ഗോത്രത്തിനു ഖുറയ്ശികൾ നൽകി വരുന്ന സഹായം ഉടൻ നിറുത്തുക, ഖുസാഅ ഗോത്രത്തിൽ നിന്നു വധിക്കപ്പെട്ടവർക്കു നഷ്ട പരിഹാരം നൽകുക, ഹുദയ്ബിയ്യ സന്ധി അവസാനിച്ചതായി പ്രഖ്യാപിക്കുക. കത്തു കിട്ടിയപ്പോഴാണു ഖുറയ്ശികൾ ഞെട്ടിയത്. തങ്ങൾ തന്നെയാണു ഹുദയ്ബിയ്യ സന്ധി തെറ്റിച്ചത്. അതുമോശമായിപ്പോയി...


 എങ്ങനെയെങ്കിലും സന്ധി നിലനിർത്തണം. അതിന്റെ കാലാവധി നീട്ടണം. അതിനുവേണ്ടി ഒരു ദൂതനെ അയയ്ക്കാൻ തീരുമാനിച്ചു. ആരാണു ദൂതൻ..?


 ഒരു സാധാരണക്കാരനെ അയച്ചിട്ടു കാര്യമില്ല. പ്രബലനെത്തന്നെ അയയ്ക്കണം. നേതാവു തന്നെയാകട്ടെ. അബൂസുഫ്യാൻ തന്നെ പോകണം. നേതാക്കളെല്ലാം കൂടി തീരുമാനിച്ചപ്പോൾ അദ്ദേഹം സമ്മതിച്ചു...