Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

കഅ്ബയുടെ താക്കോൽ (1)

   മക്കാവിജയത്തിന്റെ നിറപ്പകിട്ടാർന്ന ഓർമകൾ.

മുസ്ലിംകൾ ഹറമിലേക്കു കൂലം കുത്തി ഒഴുകിവന്ന സുദിനം...


 തിരുനബിﷺയുടെ ഭാവം. വിനയത്തിന്റെ പ്രതീകം. പ്രവാചകന്റെ (ﷺ) ശിരസ്സു കുനിഞ്ഞിരിക്കുന്നു. എല്ലാവരും അത്ഭുതത്തോടെ നോക്കി. താടിരോമങ്ങൾ ഒട്ടകപ്പുറത്തു സ്പർശിക്കുന്നു. ഉസാമ(റ) എന്ന യുവസ്വഹാബിയാണു സഹസഞ്ചാരി. മോചനം നൽകപ്പെട്ട അടിമയുടെ

പുത്രൻ. സയ്ദ് (റ)വിന്റെ മകൻ.


 ഉസാമ(റ)വിന്റെ മഹാഭാഗ്യം. പ്രവാചകനോടൊപ്പം (ﷺ) ഒരേ വാഹനത്തിൽ സഞ്ചരിക്കാനുള്ള സൗഭാഗ്യം. പ്രവാചകൻ ﷺ കഅ്ബാലയത്തിനു മുമ്പിൽ എത്തിയപ്പോൾ പലരും അവിടെ

കൂടിനിൽപുണ്ടായിരുന്നു. അവരിൽ ഒരാൾ പെട്ടെന്നു പ്രവാചകൻ ﷺ യുടെ ദൃഷ്ടിയിൽ പെട്ടു. അതോടെ അയാൾ പേടിച്ചു വിറയ്ക്കാൻ തുടങ്ങി...


 പ്രവാചകൻ ﷺ അയാളെ ഇങ്ങനെ ആശ്വസിപ്പിച്ചു: “പേടിക്കരുത്, ഞാൻ രാജാവല്ല. ഉണക്കയിറച്ചി ഭക്ഷിച്ചിരുന്ന ഒരു ഖുറയ്ശി സ്ത്രീയുടെ മകനാണു ഞാൻ...” 


 അതു കേട്ടപ്പോൾ ആ കണ്ണുകളിൽ പ്രതീക്ഷയുടെ പ്രകാശം പരന്നു. ഭയം അടങ്ങി. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉറവിടമാണു

പ്രവാചകൻ (ﷺ) എന്നു ബോധ്യം വന്നു.


 അതുപോലെ എത്രയെത്ര ആളുകൾ..! പ്രവാചകനെയും അനുയായികളെയും കഠിനമായി ദ്രോഹിച്ചവർ..!!


 പ്രവാചകൻ ﷺ മുമ്പോട്ടു നീങ്ങി, കഅ്ബാലയത്തിന്റെ താക്കോൽ ലഭിക്കണം. ആ താക്കോലുപയോഗിച്ചു കഅ്ബാലയം തുറക്കണം.


 ഉസ്മാനുബ്നു ത്വൽഹ. അദ്ദേഹമാണു താക്കോൽ സൂക്ഷിപ്പുകാരൻ. അദ്ദേഹത്തോടു താക്കോൽ ചോദിക്കണം, ചോദിച്ചാൽ തരുമോ..?


 നബി ﷺ തങ്ങളുടെ മനസ്സിൽ ആ പഴയ സംഭവം തെളിഞ്ഞുവരുന്നു. 


 ഹിജ്റയ്ക്കു മുമ്പാണ് അത്. കഅ്ബയിൽ കയറി പ്രാർത്ഥിക്കാൻ നബി ﷺ വന്നതായിരുന്നു. ഉസ്മാൻ ബ്‌നു ത്വൽഹ യോടു താക്കോൽ ആവശ്യപ്പെട്ടു. അദ്ദേഹം ധിക്കാരപൂർവം ഇങ്ങനെ മറുപടി നൽകി: “ഞാൻ നിനക്കു താക്കോൽ തരികയില്ല..!!” 


 പ്രവാചകൻ ﷺ പറഞ്ഞു: “ഒരു ദിവസം ഈ താക്കോൽ എന്റെ കയ്യിൽ വന്നു ചേരും. അന്നു ഞാൻ ഉദ്ദേശിക്കുന്നവർക്ക് ഈ താക്കോൽ നൽകും.”


 ഉസ്മാൻ ബ്നു ത്വൽഹക്കു തീരെ രസിച്ചില്ല. അദ്ദേഹം പരിഹാസത്തോടെ സംസാരിച്ചു: “നിന്റെ കയ്യിൽ ഈ താക്കോൽ വരികയാണെങ്കിൽ, ആ ദിവസം ഖുറയ്ശികൾക്ക് ഏറ്റവും നിന്ദ്യമായിരിക്കും. അവരുടെ അന്തസ്സും അഭിമാനവും അതോടെ ഇല്ലാതാകും.”


 ഇതു കേട്ടപ്പോൾ പ്രവാചകൻ ﷺ മന്ദഹാസത്തോടെ പ്രതികരിച്ചു: “നിങ്ങൾ പറഞ്ഞതു ശരിയല്ല. ആ ദിവസം ഖുറയ്ശികളുടെ അന്തസ്സും അഭിമാനവും വർധിക്കും. അവർ പ്രതാപവാന്മാരായിത്തീരും.”


 ഇതു കേട്ടപ്പോൾ ഉസ്മാന്റെ ചുണ്ടുകളിൽ പരിഹാസത്തിൽ കുതിർന്ന പുഞ്ചിരി വിടർന്നു. അങ്ങനെ ഒരു ദിവസം വരികയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം...


 ആ ദിവസം ഇതാ വന്നണഞ്ഞിരിക്കുന്നു. പ്രവാചകൻ ﷺ അന്നു സൂചിപ്പിച്ച ദിവസമാണിത്. പ്രതാപത്തിന്റെ ദിവസം, അന്തസ്സിന്റെയും അഭിമാനത്തിന്റെയും ദിവസം...