Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

അബൂസുഫ്യാൻ റോമിൽ (2)

ലോകം മുഴുവൻ ഇസ്ലാമിക സന്ദേശമെത്തിക്കാനുള്ള ദൗത്യം പ്രവാചകൻ ﷺ തങ്ങളെ ഏൽപിക്കാൻ പോവുകയാണ്. 


 ഹിരാക്ലിയസിന് അയയ്ക്കാനുള്ള കത്തു തയ്യാറാക്കി. അതിങ്ങനെയായിരുന്നു:


 “പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ

തിരുനാമത്തിൽ, അബ്ദുല്ലയുടെ മകൻ മുഹമ്മദിൽ നിന്നു റോമാ ചക്രവർത്തി ഹിരാക്ലിയസിന്. സന്മാർഗം സ്വീകരിച്ചവർക്കു സലാം...


 ഇസ്ലാമിന്റെ സന്ദേശത്തിലേക്കു ഞാൻ താങ്കളെ ക്ഷണിക്കുന്നു. താങ്കൾ ഇസ്ലാം മതം സ്വീകരിച്ചു മുസ്ലിമാവുക. എങ്കിൽ രക്ഷയുണ്ട്. അല്ലാഹു ﷻ അതിന് ഇരട്ടി പ്രതിഫലം തരും. ഇത് അവഗണിക്കുകയാണെങ്കിൽ താങ്കളുടെ ജനതയുടെ പാപം കൂടി താങ്കൾ വഹിക്കേണ്ടതായി വരും. 


 വേദത്തിന്റെ ആളുകളേ.., ഞങ്ങൾക്കും നിങ്ങൾക്കും തുല്യമായി അംഗീകരിക്കാനാവുന്ന ഒരു സന്ദേശത്തിലേക്കാണു ഞാൻ

ക്ഷണിക്കുന്നത്. അല്ലാഹുﷻവിനെ അല്ലാതെ ആരാധിക്കുകയില്ലെന്നും അവനിൽ ആരെയും പങ്കുചേർക്കുകയില്ലെന്നും ഉള്ള

സന്ദേശം.”


 ഈ ആശയം വരുന്ന കത്ത് എഴുതി സീൽ വച്ചു. ദിഹ് യത് ബ്നു ഖലീഫ അൽകൽബി എന്ന സ്വഹാബിയുടെ കയ്യിൽ കത്തു കൊടുത്തു. ഈ കത്ത് ഹിരാക്ലിയസിന് എത്തിക്കണമെന്നും പ്രതികരണം എന്താണെന്നു നോക്കി വരണമെന്നും പറഞ്ഞു. ദൂതൻ കത്തുമായി പുറപ്പെട്ടു.


**


   പേർഷ്യക്കാരുമായി ഒരു യുദ്ധം നടന്നിരുന്നു. അതു കഴിഞ്ഞു ജറുസലേമിലേക്കു പോവുകയാണു ഹിരാക്ലിയസ്. അദ്ദേഹം ഹിംസ് എന്ന പ്രദേശത്തെത്തി. പ്രവാചകരുടെ (ﷺ) ദൂതൻ ഹിരാക്ലിയസിനു കത്തു കൊടുത്തു. പരിഭാഷകനെ വരുത്തി. കത്തു വായിച്ചു...


 മക്കയിലെ പ്രവാചകന്റെ കത്താണ്. പ്രവാചകനെ കുറിച്ചു കൂടുതലറിയാൻ മോഹം. വേദങ്ങളിൽ ഒരു പ്രവാചകന്റെ ആഗമനത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. അതുതന്നെയാണോ ഇതെന്ന് അറിയണം...


 “അറബികളാരെങ്കിലും നമ്മുടെ നാട്ടിലുണ്ടോ എന്നന്വേഷിക്കുക. ഉണ്ടെങ്കിൽ ഉടനെ കൊട്ടാരത്തിൽ എത്തിക്കുക.” രാജാവിന്റെ കൽപന വന്നു...


 ഈ സന്ദർഭത്തിൽ അബൂസുഫ്യാനും സംഘവും അവിടെ ഉണ്ടായിരുന്നു. വ്യാപാരാവശ്യാർത്ഥം എത്തിയതായിരുന്നു അവർ.


 രാജാവിന്റെ ഉദ്യോഗസ്ഥന്മാർ അവരെ സമീപിച്ചു കൊട്ടാരത്തിലേക്കു ക്ഷണിച്ചു. രാജസദസ്സിലേക്ക് അവർ ആനയിക്കപ്പെട്ടു. പരിഭാഷകനും വന്നു.


 “പ്രവാചകനാണെന്നു വാദിക്കുന്ന ആ മനുഷ്യനുമായി കുടുംബബന്ധമുള്ള ആരെങ്കിലും ഇക്കൂട്ടത്തിലുണ്ടോ..?”

 - രാജാവു ചോദിച്ചു...