Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

വീണ്ടും യുദ്ധത്തിലേക്ക് (2)

   സുശക്തമായൊരു സൈന്യം ഒരുങ്ങി. ബനൂ മുസ്ത്വലഖ്, ബനുൽ ഹൗൽ എന്നീ ഗോത്രക്കാർ സഖ്യകക്ഷികളാണ്. തിഹാമയിലെയും കിനാനയിലെയും ആളുകൾ ഖുറയ്ശികളോടു ചേർന്നു.


 ഖുറയ്ശി വനിതകളും രംഗത്തുണ്ട്. ഹിന്ദിന്റെ നേതൃത്വത്തിൽ അവർ പാട്ടുപാടുന്നു. പുരുഷന്മാരെ ആവേശം കൊള്ളിക്കുന്നു.


 മൂവായിരം യോദ്ധാക്കൾ മദീനയെ ലക്ഷ്യംവച്ചു നീങ്ങി. നബിﷺതങ്ങളുടെ പിതൃസഹോദരനായ അബ്ബാസ് ഈ

സൈനിക നീക്കം കണ്ട് അസ്വസ്ഥനായി. തന്റെ സഹോദരപുത്രനെ ഈ വിവരം ഉടനെ അറിയിക്കണം... 


 വിശ്വസ്തനായ ഒരാളെ തേടിനടന്നു. ഒരു ഗിഫാർ ഗോത്രക്കാരനെ കണ്ടെത്തി. ഖുറയ്ശികളുടെ പുറപ്പാടിനെക്കുറിച്ചു വിവരിക്കുന്ന കത്ത് ഗിഫാർ ഗോത്രക്കാരന്റെ കയ്യിൽ കൊടുത്തയച്ചു...


 മദീനയിലേക്കുള്ള വഴിയിൽ അദ്ദേഹം ഖുബാഇലെത്തി. അവിടുത്തെ പള്ളിയുടെ കവാടത്തിൽ വച്ച് നബി ﷺ തങ്ങളെ കണ്ടുമുട്ടി. കത്തു നൽകി...


 ഉബയ്യ് ബ്നു കഅ്ബ് കത്തു വായിച്ചു കേൾപിച്ചു. ഞെട്ടിക്കുന്ന വാർത്ത.

വിവരം ശേഖരിക്കാൻ ചിലരെ ഉടനെ അയയ്ക്കണം. അനസ്(റ), മുഅനിസ്(റ) എന്നിവരെ ആദ്യം അയച്ചു. അതിനുശേഷം ഹുബാബ് ബ്നു മുൻദിർ (റ) വിനെയും അയച്ചു...


 അവരെല്ലാം മദീനയുടെ പുറത്തേക്കു യാത്ര ചെയ്തു. ഖുറയ്ശികളുടെ കുതിരകളും ഒട്ടകങ്ങളും മേഞ്ഞുനടക്കുന്നത് അവർ കണ്ടെത്തി...


 ശത്രുക്കൾ വളരെ സമീപം എത്തിക്കഴിഞ്ഞു. “ശത്രുക്കൾ മദീനയിൽ പ്രവേശിക്കാതെ നോക്കാം. ശക്തമായ ഉപരോധം ഏർപ്പെടുത്തണം. മദീനയിൽ നിന്നു ശത്രുക്കളെ നേരിടുകയുമാവാം.”

നബിﷺതങ്ങൾ അഭിപ്രായപ്പെട്ടു...


 മദീനയിൽ നിന്നു പുറത്തുപോയി ശത്രുക്കളെ ഇടയിലേക്കുചെന്ന് ആക്രമണം നടത്തണമെന്നു പലരും അഭിപ്രായപ്പെട്ടു. ചെറുപ്പക്കാർ പൊതുവിൽ ആ അഭിപ്രായക്കാരായിരുന്നു...


 “നിങ്ങൾ പരാജയപ്പെടുമെന്നു ഞാൻ സംശയിക്കുന്നു. പ്രവാചകൻ ﷺ പറഞ്ഞു. അപ്പോഴും മദീനയുടെ പുറത്തുവച്ചു യുദ്ധം ചെയ്യണമെന്നു ഭൂരിപക്ഷം വാദിച്ചു. നബി ﷺ അവർ പറഞ്ഞത് അംഗീകരിച്ചു.


 ശവ്വാൽ മാസം പത്ത്. അതൊരു വെള്ളിയാഴ്ചയായിരുന്നു. ക്ഷമ കൈക്കൊള്ളുവാനും ശത്രുക്കൾക്കെതിരെ ധീരമായി പോരാടാനും പ്രവാചകൻ ﷺ സ്വഹാബികളെ ഉദ്ബോധിപ്പിച്ചു. വിജയം ക്ഷമാശീലരുടെ ഭാഗത്താണെന്ന് എടുത്തു പറഞ്ഞു. അന്നു സായാഹ്നത്തിൽ പ്രവാചകൻ ﷺ തന്റെ വീട്ടിൽ പ്രവേശിച്ചു. യുദ്ധത്തിനുള്ള ആയുധങ്ങൾ അണിഞ്ഞു...


 പ്രവാചകൻ ﷺ തന്റെ ഭവനത്തിലേക്കു പോയപ്പോൾ സ്വഹാബികൾക്കിടയിൽ അഭിപ്രായം പറച്ചിൽ നടന്നു. ചില മുതിർന്ന സ്വഹാബികൾ ഇങ്ങനെ പറഞ്ഞു: “നബിﷺതങ്ങൾ മദീനയെ ഉപരോധിച്ചാൽ മതിയെന്നാണു നേരത്തെ പറഞ്ഞത്. സമ്മർദം കൊണ്ടാണു പുറത്തുപോയി യുദ്ധം ചെയ്യാമെന്നു സമ്മതിച്ചത്. അതു ശരിയായില്ല...”


 ഇതു കേട്ടതോടെ പലർക്കും പരിഭ്രമമായി. തങ്ങൾ ചെയ്തതു തെറ്റായിപ്പോയോ എന്ന ഭീതി. അവർ പ്രവാചകനെ (ﷺ) കാത്തിരുന്നു. ആയുധം ധരിച്ചു പ്രവാചകൻ ﷺ പുറത്തുവന്നു. സ്വഹാബികൾ ചുറ്റും കൂടി...


 “അങ്ങയുടെ അഭിപ്രായം പോലെ ചെയ്താൽ മതി. ഞങ്ങളുടെ വാക്കുകൾ പരിഗണിക്കേണ്ടതില്ല...” 


 പ്രവാചകൻ ﷺ ഇങ്ങനെ മറുപടി നൽകി: “അങ്കി ധരിച്ചശേഷം അഭിപ്രായം മാറ്റാനും ശത്രുക്കളുടെ കാര്യത്തിൽ അല്ലാഹു ﷻ ഒരു തീരുമാനമുണ്ടാക്കും മുമ്പെ അങ്കി

അഴിച്ചുമാറ്റാനും ഒരു പ്രവാചകനും കഴിയില്ല. എന്റെ വാക്കുകൾ സ്വീകരിക്കൂ, മുമ്പോട്ടു പോകൂ, ക്ഷമാശീലർക്കാണു വിജയം...”


 പ്രവാചകനും (ﷺ) സ്വഹാബികളും പുറപ്പെട്ടു. ആയിരം യോദ്ധാക്കൾ.

ആവേശപൂർവം അവർ മുന്നോട്ടു നടക്കുകയായിരുന്നു. മദീനക്കും ഉഹ്ദിനുമിടയിലുള്ള ശൗത്വി എന്ന പ്രദേശത്തെത്തി...


 അവിടെവച്ച് അബ്ദുല്ലാഹിബ്നു ഉബയ്യ് ഇങ്ങനെ വിളിച്ചു പറഞ്ഞു. “മുഹമ്മദ് കുറേ ചെറുപ്പക്കാർക്കു വഴങ്ങി. ഞാൻ ഈ യുദ്ധത്തിനില്ല. ഞാൻ പോകുന്നു.”


 അബ്ദുല്ലാഹിബ്നു ഉബയ്യിനെ ഓർക്കുന്നില്ലേ..? കപടവിശ്വാസികളുടെ നേതാവ്. അവൻ പിന്തിരിഞ്ഞുകളഞ്ഞു. അവൻ ഒറ്റക്കല്ലപോയത്. കൂടെ മുന്നൂറുപേരും. ആയിരം പേരിൽ മുന്നൂറുപേർ പിൻവാങ്ങി..!!


 യുദ്ധം ചെയ്യാൻ ഇനി എഴുനൂറുപേർ മാത്രം. കപടവിശ്വാസികൾ പ്രവാചകനെ (ﷺ) വഞ്ചിക്കുകയായിരുന്നു. മുസ്ലിംകളുടെ ആത്മവീര്യം നശിപ്പിക്കുക എന്നതായിരുന്നു അവരുടെ തന്ത്രം.


 കടുത്ത പരീക്ഷണങ്ങളുടെ മധ്യത്തിലേക്കു മുസ്ലിംകൾ നടന്നടുക്കുന്നു. ജൂതന്മാരും കപടവിശ്വാസികളും പരിഹസിച്ചു ചിരിക്കുന്നു...