Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

ചരിത്രം കുറിച്ച തിരിച്ചുവരവ് (1)


   ഒരു യാത്രയ്ക്കുള്ള ഒരുക്കം. എന്തിനെന്നോ എങ്ങോട്ടെന്നോ

പറഞ്ഞില്ല. സമീപ ഗോത്രങ്ങൾക്കെല്ലാം സന്ദേശമറിയിച്ചു.


 “അല്ലാഹുﷻവിലും അന്ത്യനാളിലും വിശ്വസിക്കുന്നവരൊക്കെ

റമളാൻ മാസത്തിൽ മദീനയിലെത്തണം.”


 ഗിഫാർ, മുസയ്ന, അശ്ജഅ്, ജുഹയ്ന, അസ്ലം ഈ ഗോത്രങ്ങളെല്ലാം മദീനയിലെത്തി.

മുഹാജിറുകളും അൻസാറുകളും.

എല്ലാവരും ചേർന്നപ്പോൾ വലിയൊരു ജനാവലി. തന്റെ പരിപാടിയെക്കുറിച്ചു ഖുറയ്ശികൾക്ക് ഒരു വിവരവും

ലഭിക്കരുത്. നബി ﷺ തങ്ങൾ ആഗ്രഹിച്ചത് അതാണ്.


 അതിനിടയിൽ അസുഖകരമായ ഒരു സംഭവം നടന്നു. ഹാത്വിബ് ഒരു പ്രമുഖ സ്വഹാബിയാണ്. ബദ്റിൽ പങ്കെടുത്ത ആളാണ്. മക്കയിലുള്ള ഒരു ബന്ധുവിന് അദ്ദേഹം ഒരു കത്തെഴുതി. കത്തിൽ നബിﷺയുടെ തയ്യാറെടുപ്പിനെക്കുറിച്ചും മറ്റും എഴുതിയിരുന്നു.


 കത്ത് മക്കയിലേക്കു പോകുന്ന ഒരു സ്ത്രീയെ ഏൽപിച്ചു. അവരുടെ പേർ സാറ എന്നായിരുന്നു. മുടിക്കെട്ടിനകത്താണ് അവർ കത്ത് ഒളിപ്പിച്ചു വച്ചത്. നബി ﷺ തങ്ങൾക്കു വഹ് യ് മൂലം വിവരം കിട്ടി.


 പ്രവാചകൻ ﷺ ഉടനെത്തന്നെ സാറയെ പിടികൂടാൻ മൂന്നു പേരെ നിയോഗിച്ചു. അലി(റ), സുബയ്ർ(റ), മിഖ്ദാദ്(റ). അവർ അതിവേഗം യാത്ര ചെയ്തു. ഖാഖ് തോട്ടത്തിൽ വച്ചു സാറയെ പിടികൂടി. അവരിൽ നിന്നു കത്തു വാങ്ങി. അവരെയും കൂട്ടി മദീനയിൽ വന്നു. ഹാത്വിബിനെയും വരുത്തി.


“എന്താണ് ഇക്കാണിച്ചത്..?”


“എന്റെ ബന്ധുക്കളുടെ രക്ഷ കരുതി അയച്ച കത്താണിത്.” ഹാത്വിബ് പറഞ്ഞു. 


 കത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ഒരു

വിശദീകരണം നൽകി. മക്കയിലുള്ള അദ്ദേഹത്തിന്റെ സ്വത്തിന്റെ സുരക്ഷിതത്വം കരുതി എഴുതിയതായിരുന്നു.


 ബദ്രീങ്ങളിൽപെട്ട ആളാണ് ഹാത്വിബ്(റ). അതുകൊണ്ടു മാപ്പു ലഭിച്ചു. ആ സംഭവം അങ്ങനെ അവസാനിച്ചു. 


 റമളാൻ പതിനഞ്ചിനു പ്രവാചകനും (ﷺ) സംഘവും പുറപ്പെടുകയാണ്. അബ്ദുല്ലാഹിബ്നു ഉമ്മി മക്തൂം (റ) വിനെ മദീനയുടെ ചുമതല ഏൽപിച്ചു. പ്രവാചകൻ ﷺ യാത്രക്കൊരുങ്ങി.