Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

വിരുന്നുകാരൻ

   “അല്ലാഹുﷻവിലും അന്ത്യനാളിലും വിശ്വസിച്ചവൻ വിരുന്നുകാരെ ആദരിക്കട്ടെ.” ഒരു നബിവചനമാണു നിങ്ങൾ വായിച്ചത്.


 വിരുന്നുകാരോടു മാന്യമായി പെരുമാറണമെന്നും സൽക്കരിക്കണമെന്നും നബിﷺതങ്ങൾ നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ

വീട്ടിലേക്കു വിരുന്നുകാർ കടന്നുവരുന്നതു നമുക്കനുഗ്രഹമാണ്.


 വിരുന്നുകാരൻ കടന്നുവരുന്നത് അനുഗ്രഹങ്ങളുമായിട്ടാണ്. വീട്ടിന്റെ മുറ്റത്തെത്തുമ്പോൾ തന്നെ അദ്ദേഹം സലാം. ചൊല്ലുന്നു.


 അസ്സലാമു അലയ്ക്കും.


 അല്ലാഹുﷻവിന്റെ രക്ഷ നിങ്ങളുടെ മേൽ ഉണ്ടാകട്ടെ. അല്ലാഹുﷻവിൽ നിന്നുള്ള രക്ഷ നമുക്കു ലഭിക്കണമെന്ന ആഗ്രഹത്തോടെയാണ് അദ്ദേഹം സലാം ചൊല്ലുന്നത്. അതുതന്നെ നമുക്കനുഗ്രഹമല്ലേ..?


 അദ്ദേഹത്തിന്റെ മുഖത്തു നോക്കി നാം പുഞ്ചിരി തൂകിയാൽ അതു നന്മയാണ്. സ്നേഹപൂർവമായ സംഭാഷണവും നന്മയാകുന്നു.


 വിരുന്നുകാരനും നാമും തമ്മിലുള്ള സ്നേഹബന്ധം അല്ലാഹുﷻവിന്റെ പൊരുത്തത്തിലായിരിക്കണം. അല്ലാഹുﷻവിനുവേണ്ടി സ്നേഹിക്കുക.

പരലോകത്തു വമ്പിച്ച പ്രതിഫലം ലഭിക്കുന്ന കാര്യമാണത്.


 ഇസ്ലാം ആതിഥ്യ മര്യാദകൾ എണ്ണിപ്പറഞ്ഞിട്ടുണ്ട്. ഒരു നബിവചനം ശ്രദ്ധിക്കൂ... “വിരുന്ന് മൂന്നു ദിവസമാകുന്നു. അതിന്റെ പ്രധാന സമയം ഒരു പകലും ഒരു രാത്രിയുമാകുന്നു.”


 മൂന്നു ദിവസം വരെ വിരുന്നുകാരെ സൽക്കരിക്കണമെന്നാണ് ഈ നബിവചനം നമ്മെ പഠിപ്പിക്കുന്നത്. ഒരു പകലും രാത്രിയും അതിന്റെ പ്രധാനപ്പെട്ട സമയമാകുന്നു. ഒരു ദിവസം അവരെ പരിചരിക്കുക. എന്നാലും നമുക്കു പുണ്യം ലഭിക്കും.


 വിരുന്നുകാരെ ബുദ്ധിമുട്ടിക്കരുത്.

അതു ഭക്ഷണം നൽകുന്ന കാര്യത്തിലായാലും ശരി. ചിലർ

കണ്ടമാനം ഭക്ഷണമുണ്ടാക്കും. വിരുന്നുകാരനെ നിർബന്ധിച്ചു കഴിപ്പിക്കും. അതു നല്ല നടപടിയല്ല.

വിരുന്നുകാരൻ ഇഷ്ടപ്പെടുന്ന ആഹാരം കൊടുക്കണം. അദ്ദേഹത്തിന്റെ ആവശ്യംപോലെ കഴിക്കട്ടെ.


 ഉറങ്ങാൻ സൗകര്യം ചെയ്തു കൊടുക്കണം. സംഭാഷണം

വളരെ സ്നേഹപൂർവമായിരിക്കണം. ആഹാരത്തിനിരിക്കുമ്പോൾ നാം വിരുന്നുകാരനെ ഒറ്റപ്പെടുത്തിക്കളയരുത്. നാം അദ്ദേഹത്തിന്റെ കൂടെ ഇരിക്കണം.


 ബുദ്ധിമുട്ടിക്കാത്തവിധം ആഹാരം വിളമ്പിക്കൊടുക്കുന്നതും നല്ലതാണ്. അദ്ദേഹം ഭക്ഷിക്കുന്ന ഓരോ ഉരുള ചോറിനും നമുക്കു പ്രതിഫലമുണ്ട്. നമ്മുടെ ആഹാരത്തിൽ അല്ലാഹു ﷻ ഏറെ ബറകത്തു ചൊരിഞ്ഞു തരികയും ചെയ്യും.


 വിരുന്നുകാരൻ നമുക്കുവേണ്ടി പ്രാർത്ഥിക്കുന്നു. വിരുന്നുകാരനെ യാത്ര അയയ്ക്കുന്നതും വളരെ ശ്രദ്ധാപൂർവം വേണം. വിരുന്നു വന്നതിലും സൽക്കരിക്കാൻ കഴിഞ്ഞതിലും നമുക്കു സന്തോഷമുണ്ടെന്നു വിരുന്നു കാരനു തോന്നണം.


 വീണ്ടും വരാൻ പറയുക. ദുആ ചെയ്യാൻ ആവശ്യപ്പെടുക - ദുആകൊണ്ടു വസ്വിയ്യത്ത്.


 വിരുന്നുകാരൻ വീട്ടിൽ നിന്നിറങ്ങുമ്പോൾ നാമും കൂടെ ഇറങ്ങണം. ഗെയ്റ്റുവരെ അദ്ദേഹത്തെ അനുഗമിക്കണം.


 നബിﷺതങ്ങൾ പറയുന്നു:  “വിരുന്നുകാരന്റെ കൂടെ വീട്ടുപടിക്കൽ വരെ പോകുന്നത് നല്ല ചര്യയാകുന്നു.”


 വിരുന്നുകാരനെ യാത്ര അയയ്ക്കാൻ ഗെയ്റ്റുവരെ പോയാൽ നാം ഒരു സുന്നത്ത് പ്രവർത്തിച്ചു. വിരുന്നുകാരൻ വന്നതു മുതൽ യാത്ര പറയുന്നതുവരെ നാം എത്രയോ സുന്നത്തുകൾ പ്രവർത്തിക്കുന്നു.


 അതിനെല്ലാം അല്ലാഹു ﷻ നമുക്കു പ്രതിഫലം തരുന്നു. വിരുന്നുകാരൻ അളവറ്റ അനുഗ്രഹങ്ങളുമായിട്ടാണു വരുന്നതെന്നു പറയുന്നതിന്റെ അർത്ഥം മനസ്സിലായല്ലോ..?


 നബിﷺതങ്ങൾ ഏറ്റവും നല്ല ആതിഥേയനായിരുന്നു.