Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

സ്വർണമോതിരം

   സ്ത്രീകൾക്കു സ്വർണം ഹലാൽ. എന്നുവച്ചാൽ അനുവദിനീയം. സ്വർണാഭരണങ്ങൾ അവർക്ക് ഒരലങ്കാരം തന്നെയാണ്. സ്വർണം അവരുടെ സൗന്ദര്യം വർധിപ്പിക്കും. കയ്യിലും കാതിലും കഴുത്തിലുമെല്ലാം സ്വർണം ധരിക്കും.


 സ്ത്രീകൾ സ്വർണം ധരിക്കുന്നതു വിലക്കിയ ചില മത വിഭാഗക്കാർ ഇന്നുമുണ്ട്. എന്നാൽ ഇസ്ലാം സ്ത്രീയെ സ്വർണാഭരണം ധരിക്കുന്നതിൽ നിന്നു വിലക്കിയില്ല. അവൾക്കത് അനുവദനീയമാക്കുകയാണു ചെയ്തത്.


 പട്ടുവസ്ത്രങ്ങളും അവൾക്ക് അനുവദനീയമാക്കി. പട്ടും പൊന്നും അവർക്ക് ഉപയോഗിക്കാം. പുരുഷന് ഇവ നിഷിദ്ധമാക്കുകയും ചെയ്തു.


 സ്വർണത്തിന്റെ ചെയിനോ മോതിരമോ ധരിക്കാൻ പുരുഷനെ ഇസ്ലാം അനുവദിക്കുന്നില്ല. അവ ധരിച്ച പുരുഷൻ പരലോകത്തു ശിക്ഷ അനുഭവിക്കേണ്ടതായി വരികയും ചെയ്യും.


 ഒരിക്കൽ ഒരു പുരുഷൻ നബി ﷺ തങ്ങളുടെ സമീപത്തു വന്നു. അദ്ദേഹത്തിന്റെ വിരലിൽ ഒരു സ്വർണമോതിരം ഉണ്ടായിരുന്നു. നബി ﷺ തങ്ങൾ അതു കണ്ടു. മുഖത്തു വെറുപ്പു പ്രകടമായി.


 “കൈ വിരലിൽ തീക്കട്ട അണിയുകയോ..?” അതും പറഞ്ഞു പ്രവാചകൻ ﷺ മോതിരം ഊരി ദൂരെ എറിഞ്ഞുകളഞ്ഞു..!


 അപ്പോഴാണ് അദ്ദേഹത്തിന് അതിന്റെ ഗൗരവം ബോധ്യമായത്. ഈ മോതിരം അണിഞ്ഞാൽ നാളെ തീക്കട്ട കൊണ്ടുള്ള മോതിരം അണിയേണ്ടതായി വരും. എന്തൊരു നിർഭാഗ്യം..!


 നബി ﷺ പിന്നെ അവിടെ നിന്നില്ല. തന്റെ വഴിക്കു നടന്നുപോയി. മോതിരത്തിന്റെ ഉടമസ്ഥൻ അൽപനേരം കൂടി അവിടെ നിന്നു. തീക്കട്ടയിൽനിന്നു തന്റെ വിരൽ രക്ഷപ്പെട്ടുവോ..? അതാണദ്ദേഹത്തിന്റെ ചിന്ത.


 ഈ സംഭവങ്ങളെല്ലാം കണ്ടുകൊണ്ടു നിന്ന ഒരാൾ അദ്ദേഹത്തെ ഇങ്ങനെ ഉപദേശിച്ചു. “മോതിരം കളയണ്ട... അതു മറ്റെന്തെങ്കിലും കാര്യത്തിന് ഉപയോഗിക്കാം” ആ ഉപദേശം അദ്ദേഹത്തിനു രസിച്ചില്ല. 


 അദ്ദേഹം ഇങ്ങനെ മറുപടി നൽകി: “നബിﷺതങ്ങൾ വലിച്ചെറിഞ്ഞ വസ്തു ഞാൻ തിരികെ എടുക്കുകയോ.. വേണ്ട, അതു വേണ്ട. അദ്ദേഹം അതെടുക്കാതെ നടന്നുപോയി.


 ഇക്കാലത്തു ചില പുരുഷന്മാർ സ്വർണം ധരിക്കുന്നതു നാം കാണുന്നു. അതു വലിയ തെറ്റാണ്. കൈ വിരലിലെ ചെറിയ ഒരു മോതിരമായാൽ പോലും. ഈ സംഭവം നമ്മെ പഠിപ്പിക്കുന്നത് അതാണ്

   ഏതാനും സ്വഹാബികൾ നബി ﷺ തങ്ങളുടെ മുമ്പിൽ വന്നു. അവർ കൗതുകമുള്ള പരാതിയുമായിട്ടാണു വന്നത്.


 “അല്ലാഹുﷻവിന്റെ റസൂലേ, തിന്നിട്ടും തിന്നിട്ടും ഞങ്ങളുടെ വയറു നിറയുന്നില്ല. എത്ര തിന്നാലും വിശപ്പടങ്ങാത്തതുപോലെ തോന്നും.” അവർ തങ്ങളുടെ പരാതി ബോധിപ്പിച്ചു. 


 അതുകേട്ടപ്പോൾ നബി ﷺ ചോദിച്ചു:  “നിങ്ങൾ വേറെ വേറെ ഇരുന്നാണോ ഭക്ഷണം കഴിക്കുന്നത്..?”


“അതേ.”


“അതുതന്നെയാണു കുഴപ്പം. ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചുനോക്കൂ, വയർ നിറയും. വിശപ്പു തീരും. ഒരു കാര്യം കൂടി ഓർക്കുക. ബിസ്മി ചൊല്ലി ഭക്ഷണം കഴിക്കണം. ബിസ്മി അനുഗ്രഹമാണ്. ബറകത്താണ്. ബിസ്മി ചൊല്ലി കഴിക്കുന്ന ഭക്ഷണത്തിൽ ബറകത്തുണ്ടാകും.”


 നബിﷺതങ്ങൾ അവർക്കു നൽകിയ നിർദേശം എക്കാലത്തേക്കും പ്രസക്തമാണ്. ഒന്നിച്ചിരുന്ന് ആഹാരം കഴിക്കണം. ഓരോ വീട്ടുകാരും ഇതു ശ്രദ്ധിക്കണം. മുതിർന്നവരും കുട്ടികളുമെല്ലാം ഒന്നിച്ചിരുന്ന് ആഹാരം കഴിക്കണം. അതാണു ബറകത്.


 പണ്ടു കാലത്ത് ഒരേ പാത്രത്തിൽനിന്നു പലരും കൂടി ഭക്ഷണം കഴിക്കുമായിരുന്നു. ഇന്ന് ഓരോരുത്തരും വെവ്വേറെ പ്ലെയ്റ്റ് വച്ചു കഴിക്കുന്നു. എന്നാലും ഒന്നിച്ചിരിക്കുകയെങ്കിലും ചെയ്യാമല്ലോ. കുട്ടികളേ, ബിസ്മി ചൊല്ലുന്ന കാര്യം മറന്നുപോകരുതേ...