Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

അല്ലാഹുﷻവിന്റെ സിംഹം (2)

   വഹ്ശിയുടെ യജമാനനാണു ജുബയർ. ബദ്ർ യുദ്ധത്തിൽ ജുബയറിന്റെ പിതാവു കൊല്ലപ്പെട്ടിരുന്നു. 


 ഹംസ(റ)വിനെ നോട്ടമിട്ടുനടക്കുകയാണ് വഹ്ശി. മനുഷ്യരെ അരിഞ്ഞുവീഴ്ത്തിക്കൊണ്ട് അതാവരുന്നു ഹംസ(റ). ചാട്ടുളി എറിഞ്ഞാൽ കൊള്ളും. അത്ര അകലത്തിലാണ് ഇപ്പോഴുള്ളത്...


 ചാട്ടുളി കയ്യിലെടുത്തു. ഉന്നംവച്ചു. ഒരൊറ്റ ഏറ്. ഉന്നം തെറ്റിയില്ല. അടിവയറ്റിൽ ചെന്നു തറച്ചു..! കാലുകൾക്കിടയിലൂടെ പുറത്തുചാടി. ധീരയോദ്ധാവായ ഹംസ(റ) മറിഞ്ഞു വീണുപോയി. എന്തൊരു വേദന. തനിക്ക് എന്താണു സംഭവിച്ചത്..?!


 ഏതുതരം ആയുധമാണിത്. അമ്പും കുന്തവും വാളും ഒന്നുമല്ലല്ലോ..? തനിക്കുനേരെ പാഞ്ഞുവന്ന അമ്പും കുന്തവും വാളുമെല്ലാം പരിചകൊണ്ടു തടുക്കുകയായിരുന്നുവല്ലോ. ലാഇലാഹ ഇല്ലല്ലാഹ്.. സയ്യിദുശ്ശൂഹദാഅ്... രക്തസാക്ഷികളുടെ നേതാവ്. അസദുൽ ഇലാഹ്...


 അല്ലാഹുﷻവിന്റെ സിംഹം. ഉഹുദിന്റെ മണ്ണിൽ ചലനമറ്റു കിടക്കുന്നു. മരണം ഉറപ്പായപ്പോൾ വഹ്ശി അടുത്തുചെന്നു. ചാട്ടുളി വലിച്ചൂരിയെടുത്തു. രക്തം തുടച്ചുകളഞ്ഞു. ഒരു മരത്തണലിൽ

പോയിരുന്നു. ഇനി ആരെയും കൊല്ലണമെന്നില്ല. തന്റെ കടമ

നിറവേറ്റി. വഹ്ശി പിൽക്കാലത്ത് ഇസ്ലാംമതം സ്വീകരിച്ചു...


 ഹംസ(റ)വിന്റെ രക്തസാക്ഷിത്വം മുസ്ലിം അണികളിൽ ഒരുതരം ആവേശം ഉണർത്തി. ഹംസ(റ)വിനെപ്പോലെ രക്തസാക്ഷിത്വം വരിക്കാൻ നിരവധിപേർ മുന്നേറിക്കൊണ്ടിരുന്നു... 


 ശത്രുക്കളുടെ അണികളിലേക്കുള്ള ഈ മുന്നേറ്റം അവരെ ഭയപ്പെടുത്തി. ഇതൊരു കൂട്ടക്കുരുതിയായിത്തീരുമോ..? ഖുറയ്ശികളുടെ പതാക വഹിച്ചിരുന്നവർ ഓരോരുത്തരായി വധിക്കപ്പെട്ടു. ഒരാൾക്കു പിന്നാലെ മറ്റൊരാൾ...


 അവസാനം സുആബ് എന്നു പേരായ അബ്സീനിയൻ അടിമയുടെ കൈവശമായിരുന്നു പതാക. സുആബും വധിക്കപ്പെട്ടു. ഒമ്പതുപേർ പതാക കൈമാറിക്കൊണ്ടിരുന്നു. എല്ലാവരും വധിക്കപ്പെട്ടതോടെ ഖുറയ്ശികൾ പിന്തിരിഞ്ഞാടി...


 പരാജയത്തിന്റെ കയ്പ്പു രസം അനുഭവപ്പെട്ടു തുടങ്ങി. സ്ത്രീകൾ തലതല്ലിക്കരഞ്ഞു. ആർത്തട്ടഹസിച്ചു. സാധനങ്ങൾ വലിച്ചെറിഞ്ഞുകൊണ്ട് അവർ ഓടുകയായിരുന്നു. തുടർന്നു ശത്രു പക്ഷത്തിന്റെ കൂട്ട ഓട്ടം. മുസ്ലിം സൈന്യം കുറെദൂരം അവരെ

പിന്തുടർന്നു പിടികൂടുന്നതിനുപകരം, യുദ്ധമുതലുകൾ ശേഖരിക്കാനാണ് മുസ്ലിം യോദ്ധാക്കൾ തുനിഞ്ഞത്. ഇതു വലിയ അബദ്ധമായി..!!


 ശത്രുക്കൾ തോറ്റോടിയാലും അവരുടെ ശക്തി തകർന്നു. എന്നു കരുതിക്കൂടാ. മുസ്ലിംകൾ തങ്ങളെ പിന്തുടരുന്നില്ലെന്നു കണ്ടാൽ അവർ വഴിയിലിരുന്നു ക്ഷീണം തീർക്കും. ശക്തി സംഭരിക്കും. ശക്തിയായി തിരിച്ചടിക്കും. ആ നിമിഷങ്ങളിൽ ഇത്തരം ചിന്തകളൊന്നും മുസ്ലിം സൈനികരുടെ മനസ്സിലേക്കു കടന്നുവന്നില്ല.


 മല മുകളിൽ നിറുത്തിയിരുന്ന അമ്പെയ്ത്തുകാരും ഇതൊക്കെ കാണുന്നുണ്ട്. അവർ സ്ഥലംവിടാൻ ഒരുങ്ങുകയാണ്...


 “ഒരു കാരണവശാലും സ്ഥലംവിടരുത്. പ്രവാചകരുടെ (ﷺ) കൽപന കിട്ടാതെ നാം ഇവിടെ വിടാൻ പാടില്ല. എല്ലാവരും

ഇവിടെ ഉറച്ചു നിൽക്കണം”- സംഘത്തിന്റെ നേതാവായ അബ്ദുല്ലാഹിബ്നു ജുബയർ (റ) കർശനമായി താക്കീതു നൽകി...


 “ഇനിയും ഇവിടെ നിൽക്കേണ്ട യാതൊരാവശ്യവുമില്ല. യുദ്ധം കഴിഞ്ഞു. നമുക്കു യുദ്ധക്കളത്തിലേക്കു പോകാം. യുദ്ധമുതലുകൾ സ്വീകരിക്കാം.”


 അതും പറഞ്ഞ് ഏറെപേരും മലയിടുക്കിൽനിന്നു യാത്രയായി. ഏതാണ്ടു പത്തുപേർ അവിടെത്തന്നെ നിന്നു. ഇവിടെ അനുസരണക്കേടു സംഭവിച്ചുപോയി..!!


 നേതാവായ അബ്ദുല്ലാഹിബ്നു ജുബയ്ർ(റ)വിന്റെ കൽപന അനുസരിക്കപ്പെട്ടില്ല. അതിന്റെ അനന്തഫലം വേദനാജനകമായിരുന്നു...