Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

വിശുദ്ധ താഴ് വരയിൽ (1)

   മൂസ (അ) എല്ലാവരോടും യാത്ര പറഞ്ഞു. സലാം ചൊല്ലി. ഭാര്യ അനിയത്തിമാരെ  കെട്ടിപ്പിടിച്ചു കരഞ്ഞു. മാതാപിതാക്കളെ ആലിംഗനം ചെയ്തു. ഭാര്യ ഗർഭിണിയാണ് പ്രസവത്തിന് ഇനി ഏറെ നാൾ വേണ്ടിവരില്ല. ഭാര്യാഭർത്താക്കന്മാർ ഒരു ഒട്ടകപ്പുറത്ത് കയറി. ആടുകളെ തെളിച്ചുകൊണ്ട് അടിമകളും നീങ്ങി. അവർ അകന്നകന്നു പോകുന്നത് വീട്ടുകാർ നോക്കിനിന്നു...


 രാപകലുകൾ മാറിമാറി വന്നു. യാത്രാസംഘം വളരെ ദൂരെയെത്തി. ഒരു സായാഹ്നം സൂര്യൻ അസ്തമിച്ചു. ഇരുട്ടു പരന്നു. തങ്ങൾക്ക് വഴിതെറ്റിയിരിക്കുന്നുവെന്ന് മൂസ (അ)ന് ബോധ്യമായി. മനസ്സിലാകെയൊരു ബദ്ധപ്പാട്. ആടുകളും ബദ്ധപ്പാടിലാണ്. അവ ബഹളം വയ്ക്കാനും പല വഴിക്ക് ഓടാനും തുടങ്ങി. അടിമകൾ അവയെ നിയന്ത്രിക്കാൻ പാടുപെട്ടു.  കനത്ത ഇരുട്ട് ഒന്നും കാണാൻ വയ്യ. കല്ല് ഇരുമ്പിലടിച്ചു നിയന്ത്രിക്കാൻ ശ്രമിച്ചു. ഫലിച്ചില്ല. മഞ്ഞ് വീഴാൻ തുടങ്ങി. നല്ല തണുപ്പ്... 


"എന്റെ വയറാകെ വേദനിക്കുന്നു. വയ്യാ .... എനിക്കു വയ്യാ...." ഭാര്യയുടെ നേർത്ത നിലവിളി. ഭാര്യക്ക് പ്രസവവേദന തുടങ്ങിയിരിക്കുന്നു. ഇത് വല്ലാത്തൊരു രാത്രി തന്നെ. തൂരിസീനാ പർവ്വതം. അതിന്റെ പരിസരത്താണ് ഇപ്പോഴുള്ളത്.  പർവ്വതത്തിനു മുകളിൽ തീ കണ്ടു. മൂസ (അ) ന് പ്രതീക്ഷയായി. നിങ്ങളെല്ലാവരും ഇവിടെത്തന്നെ നിൽക്കൂ. ഞാൻ പോയി തീ കൊണ്ടുവരാം... 


 മൂസ (അ) തീ കണ്ട ഭാഗം ലക്ഷ്യമാക്കി നടന്നു. ഈ സംഭവം വിശുദ്ധ ഖുർആനിൽ പറയുന്നതിങ്ങനെയാകുന്നു. "എന്നിട്ട് മൂസ കാലാവധി നിറവേറ്റുകയും തന്റെ വീട്ടുകാരുമായി (സ്വരാജ്യത്തേക്ക്) പോകുകയും ചെയ്തപ്പോൾ ത്വൂർ പർവ്വതത്തിന്റെ ഭാഗത്ത് നിന്ന് അദ്ദേഹം തീ ദർശിച്ചു. അദ്ദേഹം തന്റെ വീട്ടുകാരോട് പറഞ്ഞു:  നിങ്ങൾ ഇവിടെ നിൽക്കുക. ഞാൻ തീ കണ്ടിരിക്കുന്നു അവിടെ നിന്ന് നിങ്ങൾക്ക് വല്ല വർത്തമാനമോ അല്ലെങ്കിൽ തീക്കൊള്ളിയോ ഞാൻ കൊണ്ടുവന്നേക്കാം. നിങ്ങൾക്ക് തീ കായാമല്ലോ." (28:29)


 തണുത്തു മരവിക്കുന്ന രാത്രി. അൽപം തീ കിട്ടിയാൽ വളരെ ഉപകാരമായിരിക്കും. മലയുടെ മുകൾ ഭാഗത്തുള്ള ഒരു മുള്ളുമരത്തിൽ നിന്നായിരുന്നു തീയുടെ പ്രകാശം കണ്ടത്.  മൂസ (അ) പ്രവാചകനായി നിയോഗിക്കപ്പെടുകയാണ്. ദൗത്യം ഏൽപിക്കപ്പെടുകയാണ്. അതിനുവേണ്ടി ത്വൂർ പർവ്വതത്തിലേക്ക് വിളിച്ചതാണ്. മഹാ സൗഭാഗ്യം വരുന്നു. അല്ലാഹുവിന്റെ സംസാരം കേൾക്കുകയെന്ന സൗഭാഗ്യം. അല്ലാഹുﷻവിന്റെ വിളി കേട്ടു.


"ഓ..... മൂസാ...... ഞാൻ ലോകരുടെ രക്ഷിതാവായ അല്ലാഹുവാകുന്നു."  


 മൂസാ(അ) ഞെട്ടി. വല്ലാത്ത ഉൾപ്പുളകമുണ്ടായി. അല്ലാഹുﷻവിനെ കുറിച്ചുള്ള സ്മരണ മനസ്സിൽ നിറഞ്ഞു. മറ്റെല്ലാം മറന്നു. സൂറത്ത് ത്വാഹായിൽ ഇക്കാര്യം വിവരിക്കുന്നത് നോക്കൂ. മുഹമ്മദ് നബിﷺയെ വിളിച്ചുകൊണ്ട് അല്ലാഹു ﷻ പറയുന്നു.  


"നബിയേ... മൂസായുടെ വർത്തമാനം നിങ്ങൾക്ക് വന്നെത്തിയിട്ടുണ്ടോ?" (20:9)


"അതായത് അദ്ദേഹം ഒരു തീ കണ്ടപ്പോൾ  (സംഭവിച്ചത്) അദ്ദേഹം തന്റെ വീട്ടുകാരോട് പറഞ്ഞു. നിങ്ങൾ (ഇവിടെ) നിൽക്കുക. ഞാൻ ഒരു തീ കണ്ടിരിക്കുന്നു. ഞാൻ നിങ്ങൾക്ക് അതിൽ നിന്ന് ഒരു തീക്കൊള്ളി (കത്തിച്ചെടുത്ത്) കൊണ്ടുവന്നേക്കാം. അല്ലെങ്കിൽ തീയുടെ സമീപം ഒരു വഴികാട്ടിയെ കണ്ടെത്തിയേക്കാം." (20:10)


 തീ കണ്ടപ്പോൾ അവിടെ ആളുണ്ടാവുമെന്ന് മനസ്സിലാക്കി. അയാളോട് ഈജിപ്തിലേക്കുള്ള വഴി ചോദിച്ചു മനസ്സിലാക്കാം. അങ്ങനെ മലയിലേക്കു നടന്നു. എന്നിട്ടോ ഖുർആൻ പറയുന്നത് നോക്കൂ...


 "അങ്ങനെ അദ്ദേഹം അതിനടുത്ത് ചെന്നപ്പോൾ (ഇപ്രകാരം) വിളിച്ചു പറയപ്പെട്ടു. ഹേ മൂസാ... തീർച്ചയായും ഞാനാണ് നിന്റെ റബ്ബ്." (20:11)  


"അതുകൊണ്ട് നീ നിന്റെ ചെരുപ്പുകൾ  (രണ്ടും) അഴിച്ചുവെക്കുക. നിശ്ചയമായും നീ ത്വുവാ എന്ന പരിശുദ്ധ താഴ് വരയിലാകുന്നു." (20:12)


"(എന്റെ ദൗത്യത്തിനും സംഭാഷണത്തിനും) ഞാൻ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു. അതിനാൽ വഹ്യ്യ് (ബോധനം) നൽകപ്പെടുന്നതിനെ ശ്രദ്ധിച്ചു കേൾക്കുക."  (20:13)  


"നിശ്ചയമായും ഞാൻ തന്നെയാണ് അല്ലാഹു. ഞാനല്ലാതെ ആരാധ്യനില്ല. അതുകൊണ്ട് നീ എന്നെ (മാത്രം) ആരാധിക്കുക. എന്നെ സ്മരിക്കുന്നതിനുവേണ്ടി നിസ്കാരം നിലനിർത്തുകയും ചെയ്യുക." (20:14)


 ആദ്യത്തെ ദിവ്യസന്ദേശത്തിൽ തന്നെ നിസ്കാരത്തിന്റെ കാര്യമാണ് പറഞ്ഞത്. അല്ലാഹുﷻവിനെക്കുറിച്ചുള്ള സ്മരണ നിലനിർത്താൻ നിസ്കാരം കൃത്യമായി നിർവഹിക്കണം. പ്രതിഫലം നൽകപ്പെടുന്ന നാളിനെക്കുറിച്ചാണ് പിന്നീട് പറഞ്ഞത്. അന്ത്യനാളിനെക്കുറിച്ച് പറഞ്ഞതിങ്ങനെ : 


"നിശ്ചയമായും അന്ത്യസമയം വരുന്നതാകുന്നു. ഓരോ ആൾക്കും താൻ പരിശ്രമിക്കുന്നതിന് പ്രതിഫലം നൽകപ്പെടുന്നതിനായി ഞാനത് ഗോപ്യമായി വെക്കുന്നതാണ്." (20:15)  


മനുഷ്യൻ ചെയ്യുന്ന സകല കർമങ്ങൾക്കും പ്രതിഫലമുണ്ട്. പരലോകത്ത് വെച്ചാണത് നൽകപ്പെടുക. എന്നാൽ അന്ത്യനാൾ എപ്പോൾ വരുമെന്ന് വ്യക്തമാക്കിയില്ല. 


 ദുഷ്ട ജന്മങ്ങൾ ഇതൊന്നും സ്വീകരിക്കില്ല. അവർ അല്ലാഹുﷻവിലും അന്ത്യനാളിലും വിശ്വസിക്കില്ല. അവർ ഭൂമിയിൽ ധിക്കാരം കാണിക്കും. തന്നിഷ്ടപ്രകാരം ജീവിക്കും. ഫിർഔനെപ്പോലുള്ളവർ അത്തരക്കാരാണ്. അവരെപ്പോലെ നീ ആവരുത്. ആയാൽ നിനക്ക് നാശം. നീ അല്ലാഹുﷻവിനെ അനുസരിക്കണം. ധിക്കാരികളെയെല്ലാം അല്ലാഹുﷻവില്ലേക്ക് ക്ഷണിക്കുകയും വേണം. ഗൗരവമുള്ള സന്ദേശമാണ് അടുത്ത വചനത്തിൽ.