Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

അടുപ്പിൽ നിന്ന് വെള്ളം

   കപ്പൽ അതെന്താണ്... ? 

എന്താണതിന്റെ ആകൃതി... ? 

ആർക്കും അതൊന്നുമറിയില്ല. അല്ലാഹുﷻവിന്റെ നിർദ്ദേശമനുസരിച്ച് പണി തുടങ്ങി. ആ ജനതക്ക് പരിഹസിക്കാൻ കിട്ടിയ സന്ദർഭം. കപ്പൽ നിർമ്മാണം നടക്കുന്ന സ്ഥലത്ത് ഓരോ സംഘങ്ങൾ വരും, പരിഹസിക്കും, ആർത്തു ചിരിക്കും. ഒരു ഭ്രാന്തൻ പണിയായിട്ടാണവർ അതിനെ കണ്ടത്. പരിഹാസം അസഹ്യമായപ്പോൾ നൂഹ് നബി (അ)പറഞ്ഞു : നിങ്ങൾ പരിഹസിച്ചുകൊള്ളൂ ... ഒരു ദിവസം വരും അന്ന് ഞങ്ങൾ നിങ്ങളെയും പരിഹസിക്കും. അത് മറ്റൊരു തമാശയായിട്ടാണവർക്ക് തോന്നിയത്. അവർ പൊട്ടിച്ചിരിച്ചു. പിന്നെയും പിന്നെയും ചിരിച്ചു... 


വിശുദ്ധ ഖുർആൻ അക്കാര്യം പറയുന്നു : 


അദ്ദേഹം കപ്പൽ നിർമ്മിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ജനങ്ങളിൽ നിന്ന് ഓരോ സംഘവും അദ്ദേഹത്തിന്റെ സമീപത്തുകൂടി നടക്കുമ്പോഴൊക്കെയും അവർ അദ്ദേഹത്തെ പരിഹസിക്കും. അദ്ദേഹം പറഞ്ഞു : ഞങ്ങളെ നിങ്ങൾ പരിഹസിക്കുന്നുവെങ്കിൽ നിങ്ങൾ പരിഹസിക്കുന്നത് പോലെ നിശ്ചയമായും ഞങ്ങൾ നിങ്ങളെയും ഒരിക്കൽ പരിഹസിക്കും (11:38). കടുത്ത പരിഹാസ പദങ്ങളാണവർ ഉപയോഗിച്ചിരുന്നത്. ഇതുവരെ പ്രവാചകനായിരുന്നു. ഇപ്പോൾ ആ പണി നിർത്തി ആശാരിപ്പണി തുടങ്ങിയിരിക്കുകയാണ്. അങ്ങനെ മനസ്സ് വേദനിപ്പിക്കുന്ന ചില പ്രയോഗങ്ങൾ നടത്തി. കേട്ടു സഹിച്ചു. ഇടക്ക് മറുപടിയും നൽകി.  ഈ പരിഹാസമൊക്കെ നിൽക്കും. ശിക്ഷ വരും. അത് തടയാൻ ഒരു ധിക്കാരിക്കും കഴിയില്ല... 


ധിക്കാരത്തിന്റെ ആധിപത്യം തീരാറായി. നൂഹ് (അ) അതറിഞ്ഞിട്ടുണ്ട്. നൂഹ് (അ)ന്റെ വാക്കുകൾ ഖുർആനിൽ എടുത്തു പറയുന്നു. എന്നാൽ വഴിയെ അറിയാം : ആർക്കാണ് അപമാനകരമായ ശിക്ഷ വരികയെന്നും ആരുടെ മേലാണ് അത് ഇറങ്ങി നിലനിൽക്കുകയെന്നും (11:39). അപമാനകരമായ ശിക്ഷ ഇറങ്ങാൻ പോവുന്നു. ആരുടെ മേലാണ് അതിറങ്ങുക. എവിടെയൊക്കെയാണത് നിലനിൽക്കുക ?. ഇവയെല്ലാം വൈകാതെ അറിയാം. ഇതൊന്നും പക്ഷെ അവരുടെ ഖൽബ് തുറപ്പിച്ചില്ല. കപ്പൽ നിർമ്മിക്കാൻ ധാരാളം പലകകൾ വേണം. വൻ വൃക്ഷം മുറിച്ച് പലകകളുണ്ടാക്കി. അവ ബന്ധിപ്പിക്കാൻ വലിയ ആണികളുണ്ടാക്കി... 


ഖുർആൻ പറയുന്നു :


പലകകളും ആണികളും ഉള്ള ഒന്നിന്മേൽ (കപ്പലിൽ) അദ്ദേഹത്തെ നാം വഹിക്കുകയും ചെയ്തു (54:13). കപ്പൽ നിർമ്മാണത്തിന് വേണ്ടി കൂടുതലായി ഉപയോഗിച്ചത് പലകകളും ആണികളുമായിരുന്നു. കപ്പലിന്റെ നിർമ്മാണത്തെക്കുറിച്ച് ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു : ജിബ്രീൽ (അ) സൈത്തൂൽ മരത്തിന്റെ തൈയുമായി നൂഹ്  (അ)നെ സമീപിച്ചു. തൈ നൽകി ഇങ്ങനെ പറഞ്ഞു : ഇതിനെ നട്ടു വളർത്തുക.  ആ തൈ നല്ല രീതിയിൽ നട്ടു വളർത്തി. വൻവൃക്ഷമായി. നാൽപ്പത് വർഷങ്ങൾ കടന്നുപോയി. വൃക്ഷത്തിന് നാൽപ്പത് വർഷം പഴക്കമുണ്ട്. അപ്പോൾ അത് മുറിച്ച് കപ്പലുണ്ടാക്കുവാൻ കൽപ്പന വന്നു...


നൂഹ്  (അ) വൃക്ഷം മുറിച്ചു പലകകളുണ്ടാക്കി. ആണിയുണ്ടാക്കി. കപ്പൽ  നിർമ്മാണത്തിനാവശ്യമായ സാമഗ്രികളെല്ലാം ശേഖരിച്ചു. പൗരമുഖ്യന്മാരും സിൽബന്തികളും വരാൻ തുടങ്ങി. പരിഹസിച്ചു ചിരിക്കാൻ തുടങ്ങി. ഇയാൾ ഇത്രയും കാലം നബിയാണെന്ന് പറഞ്ഞു പ്രസംഗിച്ചു നടന്നു, ഇപ്പോൾ പ്രസംഗം നിർത്തി ആശാരിപ്പണി തുടങ്ങി. ശരിക്കും ഒരു ഭ്രാന്തൻ തന്നെ...


വലിയ കപ്പൽ നിർമ്മിച്ചു. മൂന്നു തട്ടുള്ള കപ്പൽ. ആദ്യത്തെ തട്ടിൽ മനുഷ്യർക്കാവശ്യമായ ആഹാര സാധനങ്ങളും ഉപകരണങ്ങളും ശേഖരിച്ചുവെച്ചു. ഒരു കൊല്ലത്തേക്കു വേണ്ട ആഹാര സാധനങ്ങൾ വെച്ചു. മൂന്നാം തട്ടിലാണ് മൃഗങ്ങളെ ശേഖരിച്ചത്. എല്ലാതരം ജീവികളിൽ നിന്നും ഓരോ ഇണകളെ ശേഖരിച്ചു. കപ്പലിന്റെ മേൽക്കൂര മരത്തടികൊണ്ടായിരുന്നു. വെളിച്ചം കിട്ടാൻ കിളിവാതിലുകൾ. നൂഹ് (അ)ന്റെ കൈവശം രണ്ട് രത്നങ്ങളുണ്ടായിരുന്നു. സമയം കണക്കാക്കാൻ ഇവ സഹായിച്ചു. ഇവ നോക്കി സമയം മനസ്സിലാക്കി നിസ്കാരം നിർവ്വഹിച്ചിരുന്നു... 


കപ്പലിന്റെ പണി പത്തൊമ്പത് മാസം തുടർന്നു. ജുമുഅ ദിവസം കപ്പൽ പൂർത്തിയായി. അല്ലാഹുﷻവിന്റെ കൽപനപ്രകാരം എല്ലാം സജ്ജമാക്കിക്കഴിഞ്ഞു. കപ്പൽ കരയിൽ തന്നെ. കപ്പലുണ്ടാക്കാൻ കണ്ട സ്ഥലം..? എന്നു ചോദിച്ചു പരിഹസിച്ചു ഇതെന്ത് തമാശ..? കപ്പൽ കടലിൽ ഇറക്കുന്നില്ലേ..? ജനങ്ങൾ പരിഹസിച്ചു ചിരിച്ചു. ചിരി ഉച്ചത്തിലായി. ഇതെങ്ങനെ വെള്ളത്തിലെത്തിക്കും ...? 


അല്ലാഹുﷻവേ, കപ്പൽ എപ്പോഴാണ് വെള്ളത്തിൽ ഇറക്കുക. ജനങ്ങളുടെ പരിഹാസവും ചിരിയും ഉച്ചത്തിലായപ്പോൾ നൂഹ് (അ) വിഷമത്തോടെ ചോദിച്ചു.  അല്ലാഹുﷻവിന്റെ കൽപന ഇങ്ങനെയായിരുന്നു. "അടുപ്പിൽ നിന്ന് വെള്ളം പൊട്ടി ഒഴുകുമ്പോൾ ..." സത്യവിശ്വാസികൾക്ക് സമാധാനമായി. അടുപ്പിൽ നിന്ന് ഉറവ് പൊട്ടും. അത് ശിക്ഷയുടെ വരവാണ്. പരിഹാസം പാരമ്യതയിലെത്തി. ജനങ്ങൾ ആർത്തു ചിരിക്കുകയാണ്. നൂഹ് (അ)ന്റെ ഭാര്യയും ഒരു മകനും കപ്പലിൽ കയറാൻ കൂട്ടാക്കിയില്ല. അവരും പരിഹാസക്കാരുടെ കൂടെയാണ്. മറ്റു സന്താനങ്ങൾ, അവരുടെ ഭാര്യമാർ, അടിമ സ്ത്രീകൾ, സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാർ, പക്ഷികളുടെയും, മൃഗങ്ങളുടെയും, ജീവികളുടെയും ഇണകൾ എന്നിവയാണ് കപ്പലിലുള്ളത്...


കപ്പലിൽ എൺപത് മനുഷ്യരാണുള്ളത്. കപ്പലിലെ ജോലിക്കാർ എല്ലാ പണികളും ജാഗ്രതയോടെ ചെയ്തുകൊണ്ടിരിക്കുന്നു. ഒരുക്കങ്ങളെല്ലാം പൂർത്തിയായി. കുറച്ചു റൊട്ടികൾ കൂടി ചുട്ടെടുക്കാനുണ്ട്. നൂഹ് നബി  (അ)ന്റെ മക്കൾ ചുട്ടുകൊണ്ടിരിക്കുന്നു. പെട്ടെന്ന് ജോലി തീർക്കണം. ശിക്ഷയിറങ്ങാൻ സമയമായെന്ന തോന്നൽ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരുതരം ഉൽക്കണ്ഠ. അടുപ്പിൽ തീ ആളിക്കത്തുന്നുണ്ട്. എന്തൊരു ചൂട്. റൊട്ടി വേഗം വേഗം ചുട്ടെടുക്കുന്നു...


പെട്ടെന്നാണത് സംഭവിച്ചത്...!!! ഞെട്ടിപ്പോയി ... !!! വെള്ളം... അടുപ്പിൽ നിന്ന് വെള്ളം പൊട്ടിപ്പുറപ്പെടുന്നു. സാധാരണ ഉറവ പോലെയല്ല. കുത്തിയൊലിച്ചു വരുന്നു... റൊട്ടി ചുട്ടുകൊണ്ടിരുന്നവർ കൈയിലൊതുങ്ങുന്ന സാധനങ്ങളുമായി കപ്പലിലേക്ക് കുതിച്ചു. കാത്തിരുന്ന നിമിഷങ്ങൾ സമാഗതമായിരിക്കുന്നു... 


ആകാശം കറുത്തിരുണ്ടു. പേടിപ്പെടുത്തുന്ന ആകാശം. ഭയപ്പെടുത്തുന്ന ശബ്ദത്തിൽ മഴ തുടങ്ങി. അന്നുവരെ കണ്ടിട്ടില്ലാത്ത അതിശക്തമായ മഴ ...