Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

പരീക്ഷണങ്ങൾ തുടരുന്നു (2)

   ഈ സംഭവം ഖുർആനിൽ കാണാം...


നൂഹ് തന്റെ റബ്ബിനെ വിളിച്ചു പ്രാർത്ഥിച്ചുകൊണ്ട് പറഞ്ഞു : എന്റെ റബ്ബേ നിശ്ചയമായും എന്റെ മകൻ എന്റെ വീട്ടുകാരിൽ  (സ്വന്തക്കാരിൽ) പെട്ടവനാകുന്നു. നിന്റെ വാഗ്ദാനം യഥാർത്ഥമായിട്ടുള്ളതുമാകുന്നു. നീ വിധികർത്താക്കളിൽ ഏറ്റവും വലിയ വിധികർത്താവാകുന്നു (11:45) ...


അവൻ (റബ്ബ് ) പറഞ്ഞു : നിശ്ചയമായും അവൻ നിന്റെ വീട്ടുകാരിൽ (സ്വന്തക്കാരിൽ) പെട്ടവനല്ല. അവൻ നന്നല്ലാത്ത ഒരു പ്രവർത്തിക്കാരൻ ആകുന്നു അതുകൊണ്ട് നിനക്ക് അറിവില്ലാത്ത കാര്യം എന്നോട് നീ ചോദിക്കരുത് നീ (അറിവില്ലാത്ത ) വിഡ്ഢികളുടെ കൂട്ടത്തിലായിത്തീരുമെന്നതിനാൽ ഞാൻ നിന്നെ ഉപദേശിക്കുകയാണ് (11:46).

അദ്ദേഹം പറഞ്ഞു : എന്റെ റബ്ബേ എനിക്ക് അറിവില്ലാത്ത കാര്യം നിന്നോട് ചോദിക്കുന്നതിനെ തൊട്ട് ഞാൻ നിന്നോട് ശരണം തേടുന്നു. നീ എനിക്ക് പൊറുത്തുതരികയും എന്നോട് നീ കരുണ ചെയ്യുകയും ചെയ്യാത്ത പക്ഷം ഞാൻ നഷ്ടക്കാരിൽ പെട്ടവനായിത്തീരും... (11:47)


അറിവില്ലാത്ത കാര്യം ചോദിച്ചുപോയതിൽ നൂഹ് (അ)ക്കുണ്ടായ കടുത്ത ദുഃഖമാണ് നാമിവിടെ കണ്ടത്. സൂറത്ത് ശുഅറാഇലെ വചനങ്ങൾ ഇങ്ങനെയാകുന്നു. അപ്പോൾ അദ്ദേഹത്തെയും കൂടെയുള്ളവരെയും നിറയ്ക്കപ്പെട്ട കപ്പലിൽ നാം രക്ഷപ്പെടുത്തി (26:119) ...


പിന്നെ ബാക്കിയുള്ളവരെ അതിനു ശേഷം നാം വെള്ളത്തിൽ മുക്കിക്കൊല്ലുകയും ചെയ്തു (26:120).

നിശ്ചയമായും അതിൽ ഒരു വലിയ ദൃഷ്ടാന്തമുണ്ട്. പക്ഷെ അവരിൽ അധികമാളുകളും വിശ്വസിക്കുന്നവരായിട്ടില്ല (26;121)...


നബി (സ)തങ്ങൾ മക്കാ മുശ്രിക്കുകളോട് നൂഹ് (അ)നെക്കുറിച്ചു സംസാരിച്ചു. വാസ്തവത്തിൽ മക്കയിലെ മുശ്രിക്കുകൾക്ക് ആ ചരിത്രം ഒരു പാഠമാവേണ്ടതായിരുന്നു. നൂഹ് (അ)ന്റെ ജനത ആരാധിച്ച അതേ ബിംബങ്ങളെ അവരും ആരാധിക്കുന്നു. ചരിത്രമറിഞ്ഞിട്ടും അവരിലധികപേരും വിശ്വാസികളായില്ല. സുദീര്‍ഘമായ കാലഘട്ടത്തിലെ കഷ്ടപ്പാടുകൾക്ക് ശേഷം നൂഹ് (അ)നെ അല്ലാഹുﷻ രക്ഷപ്പെടുത്തി. സ്വന്തക്കാരോടൊപ്പം കപ്പലിൽ കയറാനും അതിൽ സ്ഥാനമുറപ്പിച്ച ശേഷം അല്ലാഹുﷻവിനെ സ്തുതിക്കാനും കൽപന കിട്ടി... 


സൂറത്തുൽ മുഹ്മിനൂൻ അക്കാര്യം വ്യക്തമാക്കുന്നു ...


അങ്ങനെ താങ്കളും കൂടെയുള്ളവരും കപ്പലിൽ സ്ഥാനമുറപ്പിച്ചുകഴിഞ്ഞാൽ ഇങ്ങനെ പറയുക : അക്രമികളായ ജനതയിൽ നിന്ന് നമ്മെ രക്ഷിച്ച അല്ലാഹുﷻവിനാണ് എല്ലാ സ്തുതിയും (23:28).

എന്റെ രക്ഷിതാവേ അനുഗ്രഹീതമായ ഒരു താവളത്തിൽ എന്നെ ഇറക്കിത്തരേണമേ, നീ ഇറക്കിത്തരുന്നവരിൽ ഏറ്റവും ഉത്തമനാണ് എന്ന് പ്രാർത്ഥിക്കുകയും ചെയ്യുക (23:29)...


അല്ലാഹുﷻവിനോട് എങ്ങനെ പ്രാർത്ഥിക്കണമെന്ന് അല്ലാഹുﷻ തന്നെ നൂഹ് (അ) നെ പഠിപ്പിച്ചു. അതുപോലെ പ്രാർഥന നടത്തി ഏറ്റവും അനുയോജ്യമായ കേന്ദ്രത്തിൽ തന്നെയാണ് കപ്പൽ ചെന്ന് നിന്നത്. തൊള്ളായിരത്തി അമ്പത് കൊല്ലത്തെ ജീവിതം കടുത്ത പരീക്ഷണമായിരുന്നു. അതിന്റെ അന്ത്യത്തിൽ പ്രളയമുണ്ടായി. നൂഹ് നബി (അ) അനുയായികളോടൊപ്പം കപ്പലിൽ രക്ഷപ്പെട്ടു. കപ്പലിൽ കയറിയതോടെ പരീക്ഷണം അവസാനിച്ചോ... ഇല്ല.  കപ്പലിൽ ഇരുന്നും പ്രാർത്ഥന തുടരണം. പരീക്ഷണങ്ങൾ ഇനിയും വരും. ക്ഷമിക്കണം...


അല്ലാഹുﷻവുമായി ഏറ്റവുമടുത്തവർ നബിമാരാകുന്നു. അവർക്കാണ് കടുത്ത പരീക്ഷണങ്ങളും. അല്ലാഹുﷻവിന്റെ ഔലിയാക്കന്മാരും നല്ല പരീക്ഷണം നേരിടുന്നവരാണ്. നൂഹ് നബി (അ)ന്റെ ചരിത്രം എല്ലാവർക്കും പാഠാമാണ് ...


അല്ലാഹുﷻ പറയുന്നു : 


നിശ്ചയമായും ഈ സംഭവത്തിൽ പല ദൃഷ്ടാന്തങ്ങളുമുണ്ട്. നാം മനുഷ്യരെ പരീക്ഷിക്കുന്നവൻ തന്നെയാകുന്നു (23:30).

പ്രളയത്തിൽ ആ സമൂഹം തകർന്നുപോയി. പിന്നീട് മറ്റൊരു സമൂഹത്തെ അല്ലാഹുﷻ വളർത്തിയെടുത്തു ...


പിന്നീട് അവർക്കു ശേഷം മറ്റൊരു തലമുറയെ നാം സൃഷ്ടിച്ചു (23:31) ...


ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു : 


നാൽപത് ദിവസം തുടർച്ചയായി മഴ പെയ്തു. നാൽപ്പത് ദിവസം കൊണ്ട് ഭൂമിയിൽ ജലം പൊങ്ങി. പിന്നെ മലകളും അവയ്ക്കു മുകളിലെ മരങ്ങളും വെള്ളത്തിന്നടിയിലായി. വെള്ളത്തിന് ചൂടുണ്ടായിരുന്നു. കപ്പലിൽ മൃഗങ്ങളെ കയറ്റിയപ്പോൾ അവസാനം കയറിയത് കഴുതയായിരുന്നു. ഇബ്ലീസ് കഴുതയുടെ വാലിൽ പിടിച്ചു നിൽക്കുകയായിരുന്നു. കഴുതയെ കപ്പലിലേക്ക് വലിച്ചു കയറ്റിയപ്പോൾ ഇബ്ലീസും അകത്തെത്തി ...