Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

ഒട്ടകത്തെ കൊന്നു (3)

   വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം:  "എന്നാൽ അവർ ഒട്ടകത്തെ അറുത്തുകളഞ്ഞു എന്നിട്ടവർ ഖേദിച്ചു." (26;157)

"അപ്പോൾ ശിക്ഷ അവരെ പിടികൂടി നിശ്ചയമായും അതിൽ വലിയ ദൃഷ്ടാന്തമുണ്ട്. പക്ഷെ അവരിൽ അധികമാളുകളും വിശ്വസിക്കുന്നവരായില്ല." (26:158)

"താങ്കളുടെ റബ്ബ് പ്രതാപവാനും പരമ കാരുണികനും തന്നെയാണ് തീർച്ച." (26:159)


സ്വാലിഹ് (അ) അനുയായികളോടൊപ്പം മല കയറിച്ചെന്നു. ഒട്ടകക്കുട്ടി അവിടെ നിൽക്കുന്നു.  അതിനെ കണ്ടപ്പോൾ സത്യവിശ്വാസികളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. മനസ്സ് നിറയെ ദുഃഖം. ഒരുതരം ഭയം ശരീരത്തിൽ പടർന്നു. ആകെ അസ്വസ്ഥത. എന്താണിവിടെ സംഭവിക്കാൻ പോവുന്നത്..? എന്തൊരു ജനതയാണിത് ഇത്രയും ധിക്കാരം കാണിക്കാമോ..? അല്ലാഹുﷻവിന്റെ ഒട്ടകത്തെ കൊന്നില്ലേ..?


എങ്ങിനെയുള്ള ശിക്ഷയാണ് വന്നിറങ്ങുക. അവർ ഒട്ടകക്കുട്ടിയെ കരുണയോടെ നോക്കി.  പെട്ടെന്നൊരു ശബ്ദം മുഴങ്ങി. ഒട്ടകക്കുട്ടി പുറപ്പെടുവിച്ച ശബ്ദം.  അത് മലഞ്ചെരുവിൽ മുഴങ്ങിക്കേട്ടു.  ചിലർ അത് കേട്ട് പരിഭ്രാന്തരായി. വീണ്ടും അതേ ശബ്ദം. മലഞ്ചെരുവിൽ പ്രതിധ്വനി കൂടുതൽ പേർ പരിഭ്രമിച്ചുപോയി. മൂന്നാമതും ശബ്ദം എല്ലാവരും അത് ശ്രദ്ധിച്ചു. വലിയ ശബ്ദത്തോടെ പാറ പിളർന്നു. ഒട്ടകക്കുട്ടി പാറക്കുള്ളിലേക്ക് കടന്നുപോയി. പാറ പൂർവ്വസ്ഥിതിയിലായി എല്ലാവരും അമ്പരന്നു നിൽക്കുകയാണ്...


ഒട്ടകക്കുട്ടി മൂന്നു തവണ ശബ്ദമുണ്ടാക്കി. മൂന്നു ദിവസത്തിനുള്ളിൽ ശിക്ഷ വരുമെന്ന് സൂചന. ഒട്ടകം കൊല്ലപ്പെട്ടത് ബുധനാഴ്ചയായിരുന്നു.  വ്യാഴം, വെള്ളി, ശനി ദിവസങ്ങൾ  സമൂദുകാർക്ക് സുഖവാസ സുദിനങ്ങൾ. നാലാം ദിവസം ഞായർ  അത് സുഖവാസത്തിനന്ത്യം കുറിക്കുന്ന ദിവസം...  


സൂറത്ത് ഹൂദിൽ ഇങ്ങനെ കാണാം: "എന്നിട്ട് അവർ അതിനെ അറുത്തു അപ്പോൾ സ്വാലിഹ് (അ) പറഞ്ഞു: നിങ്ങൾ നിങ്ങളുടെ പാർപ്പിടത്തിൽ മൂന്നു ദിവസം സുഖമെടുത്തുകൊള്ളുക.  അത് നിർവ്യാജമായ ഒരു വാഗ്ദത്തമാകുന്നു. (11;65)


സംഭവിക്കാൻ പോവുന്ന കാര്യം മുന്നറിയിപ്പായി അവരെ അറിയിച്ചു കഴിഞ്ഞു.  ധിക്കാരികൾ, നന്ദികെട്ടവർ 

എന്തെല്ലാം അനുഗ്രഹങ്ങളാണ് അവർക്ക് അല്ലാഹുﷻ നൽകിയത്. നന്ദി കാണിച്ചില്ല. ശാപം ഏറ്റുവാങ്ങി. സ്വാലിഹ് (അ)നെ അവർ കളിയാക്കി.  എല്ലാ നബിമാരെയും കളവാക്കിയതുപോലെയായി. സമൂദ് നബിമാരെയെല്ലാം കളവാക്കിയവരായി...


കടുത്ത ശിക്ഷയാണ് വരാൻ പോകുന്നത്. തങ്ങളെത്ര നിസ്സാരന്മാരാണെന്ന് അവർ അപ്പോഴാണറിയുക. ഒരു കോട്ടയും കൊട്ടാരവും അവരെ സംരക്ഷിക്കാൻ പോവുന്നില്ല. നബിയുടെ സന്ദേശം സ്വീകരിച്ചവർ സൗഭാഗ്യവാന്മാർ. അവർക്ക് അല്ലാഹുﷻവിന്റെ രക്ഷയുണ്ട്. അതിൽ പിൽക്കാലക്കാർക്ക് മഹത്തായ മാതൃകയുമുണ്ട്...