Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

അല്ലാഹുﷻവിന്റെ ഒട്ടകം (2)

   വലിയ പാറ പൊട്ടിപ്പിളർന്നിരിക്കുന്നു. ഭീകരമായ കാഴ്ച! ആ പിളർപ്പിലൂടെ ഇറങ്ങി വരുന്നു ഭീമാകാരമുള്ള ഒരൊട്ടകം. എന്തൊരത്ഭുതം.. ! ഉടനെത്തന്നെ ഒട്ടകം പ്രസവിച്ചു. തടിച്ചു കൊഴുത്ത കുട്ടി. നോക്കി നോക്കി നിൽക്കെ അത് വളരുന്നു. വളർന്നു വലുതായി. വലിയ ഒരൊട്ടകമായി... 


സമൂദുകാർ അന്തംവിട്ടു നിൽക്കുകയാണ്. തങ്ങളാവശ്യപ്പെട്ടതെല്ലാം നടന്നിരിക്കുന്നു. ഇനി സ്വാലിഹ് ആവശ്യപ്പെടും. അല്ലാഹുﷻവിൽ വിശ്വസിക്കുക. തന്നെ നബിയായി അംഗീകരിക്കുക. അതിനെന്ത് മറുപടി പറയും..?  ഉപായം കണ്ടെത്തണം. ഇതൊക്കെ വെറും മാരണവിദ്യകളാണെന്നു പറയാം. അങ്ങനെ പറഞ്ഞ് ഒഴിഞ്ഞുമാറിക്കളയാം...


സ്വാലിഹ് (അ)ജനങ്ങളോടിങ്ങനെ വിളിച്ചു പറഞ്ഞു:  "നോക്കൂ ഇത് അല്ലാഹുﷻവിന്റെ ഒട്ടകമാണ് ഇതിനെ ഒരുവിധത്തിലും ഉപദ്രവിക്കരുത്." തള്ളയും കുഞ്ഞും നല്ല കാഴ്ച തന്നെ. ജനങ്ങൾക്കിടയിലൂടെ അവ നടന്നു. ആരോ ചിലർ അതിന്റെ പാൽ കറന്നു. എന്തുമാത്രം പാൽ. കറന്നാലൊന്നും തീരില്ല. പലരും കുടിച്ചു നോക്കി. എന്തൊരു രുചി. എന്തൊരു മധുരം. ഇത്രയും സ്വാദുള്ള പാൽ ഇതുവരെ കുടിച്ചിട്ടില്ല...


 എല്ലാവരും ഒട്ടകത്തെ നോക്കുന്നു. അതിനെപ്പറ്റി സംസാരിക്കുന്നു. ഇതെന്തൊരത്ഭുതം. അസാധ്യമെന്ന് ധരിച്ചത് സാധ്യമായിരിക്കുന്നു. ഇതു കാരണമായി കുറച്ചുപേർ സ്വാലിഹ് നബി (അ)ൽ വിശ്വസിച്ചു. ദുരഭിമാനികളും സാമൂഹിക ദ്രോഹികളുമൊക്കെ അകന്നുനിന്നു. സ്വാലിഹിനെ ഇനിയെങ്ങനെ തോൽപിക്കാം.  അതിനെക്കുറിച്ചാണിപ്പോൾ ചിന്ത...


സാമൂഹിക ദ്രോഹികൾ ഒട്ടകത്തെ ദ്രോഹിക്കുമെന്ന് സ്വാലിഹ് (അ)ന് തോന്നിയിരിക്കാം. അതുകൊണ്ടവർക്ക് ശക്തമായ മുന്നറിയിപ്പ് നൽകി.  സ്വാലിഹ് (അ)ന്റെ താക്കീത് വിശുദ്ധ ഖുർആൻ ഇങ്ങനെ ഉദ്ധരിക്കുന്നു: 

"ഒരുവിധ തിന്മകൊണ്ടും നിങ്ങളതിനെ തൊട്ടുപോകരുത്. തൊട്ടാൽ ഒരു വമ്പിച്ച ദിവസത്തെ ശിക്ഷ നിങ്ങളെ പിടികൂടിയേക്കും. (26:156)


സൂറത്ത് ഹൂദിൽ ഇങ്ങനെ കാണാം : 

"എന്റെ ജനങ്ങളേ ഇതാ നിങ്ങൾക്ക് ഒരു  ദൃഷ്ടാന്തമായിക്കൊണ്ട് അല്ലാഹുﷻവിന്റെ ഒട്ടകം! ആകയാൽ അതിനെ നിങ്ങൾ വിട്ടേക്കുവീൻ! അത് അല്ലാഹുﷻവിന്റെ ഭൂമിയിൽ നിന്ന് തിന്നുകൊള്ളട്ടെ. അതിനെ ഒരു ഉപദ്രവവും ചെയ്യരുത്. അല്ലെങ്കിൽ സമീപസ്ഥമായ ഒരു ശിക്ഷ നിങ്ങളെ പിടികൂടുന്നതാണ്." (11:64)


സൂറത്ത് അഹ്റാഫിലെ പരാമർശം ഇങ്ങനെയാകുന്നു: 

"സമൂദ് ഗോത്രത്തിലേക്ക് അവരുടെ സഹോദരൻ സ്വാലിഹിനെ (നാം അയച്ചു) അദ്ദേഹം പറഞ്ഞു:  എന്റെ ജനങ്ങളേ! നിങ്ങൾ അല്ലാഹുﷻവിനെ ആരാധിക്കുവീൻ! അവനല്ലാതെ ഒരു ആരാധ്യനും നിങ്ങൾക്കില്ല.  നിങ്ങളുടെ റബ്ബിങ്കൽ നിന്നുള്ള വ്യക്തമായ തെളിവ് നിങ്ങൾക്ക് വന്നിട്ടുണ്ട്. ഇതാ അല്ലാഹുﷻവിന്റെ ഒട്ടകം. നിങ്ങൾക്കൊരു ദൃഷ്ടാന്തം. അതിനെ നിങ്ങൾ വിട്ടേക്കുക. അല്ലാഹുﷻവിന്റെ ഭൂമിയിൽ നിന്ന് അത് തിന്നുകൊള്ളട്ടെ. അതിന് ഒരു ഉപദ്രവും ചെയ്യരുത്. എന്നാൽ വേദനയേറിയ ശിക്ഷ നിങ്ങളെ പിടികൂടും." (7:73)


നബിയുടെ മുന്നറിയിപ്പ് എല്ലാവരും കേട്ടു. ചിലർ വിശ്വസിച്ചു. അധികപേരും അതത്ര കാര്യമാക്കിയില്ല. അശ്രദ്ധരായിക്കൊണ്ട് ദിവസങ്ങൾ തള്ളി നീക്കി. പിശാച് തെളിച്ച വഴിയിലൂടെ അവർ നീങ്ങി...