Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

ഇബ്റാഹീം (അ) ന്റെ മകൻ (2)

   പ്രവാചക പുത്രൻ മദ് യൻ ദിവംഗതനായിട്ട് വർഷങ്ങൾ പലതു കഴിഞ്ഞു. അദ്ദേഹവും സന്താനങ്ങളും ഏകനായ അല്ലാഹുﷻവിനെ ആരാധിച്ചു. ഏകദൈവ വിശ്വാസം ഏറെക്കാലം നിലനിന്നു. തലമുറകൾ പലത് കടന്നുപോയി.  മദ് യൻ പ്രസിദ്ധ പട്ടണമായി മാറി. പട്ടണങ്ങളിലെ ധനികന്മാർ ധിക്കാരികളായിത്തീർന്നു. അവരുടെ കച്ചവടം ലാഭകരമാണ്. ചെറിയ ലാഭം പോര. മിതമായ  ലാഭവും പോര. കൊള്ളലാഭം വേണം. ധനം കുന്നുകൂടണം.  കച്ചവടത്തിൽ കൃത്രിമം തുടങ്ങി. പൂഴ്ത്തിവെപ്പും മായവും തുടങ്ങി. അളവിലും തൂക്കത്തിലും വഞ്ചന... 


 ജനങ്ങൾ സാധനങ്ങൾ വിൽക്കാൻ കൊണ്ടുവരും. അളന്നെടുക്കേണ്ട സാധനങ്ങളുണ്ടാവും. തൂക്കി വാങ്ങേണ്ടതുമുണ്ടാകും. അളക്കുമ്പോൾ അല്പം കൂടുതൽ അളന്നെടുക്കും. തൂക്കുമ്പോഴും കൂടുതലെടുക്കും.  ഒന്നേകാൽ തൂക്കിയെടുക്കും. ഒരുകിലോ ഉണ്ടെന്നു പറയും. അതിന്റെ വിലയും നൽകും. വില്പന നടത്തുമ്പോഴോ..?  


 ഒരു കിലോ സാധനം വാങ്ങാൻ ഒരാൾ വരുന്നു. തൂക്കിക്കൊടുക്കും. തൂക്കം ശരിക്കുണ്ടാവില്ല. ശരിയായ തുലാസിലിട്ട് തൂക്കിയാൽ കുറവ് മനസ്സിലാവും. അളവും അങ്ങനെ തന്നെ. തൂക്കി വാങ്ങുമ്പോൾ കൂടുതലെടുക്കും.  വിൽക്കുമ്പോൾ കുറവുണ്ടാവും. ആദ്യമൊക്കെ ചിലയാളുകൾ മാത്രമാണിങ്ങനെ ചെയ്തിരുന്നത്. പിന്നെപ്പിന്നെ കച്ചവടക്കാർക്കിടയിൽ ഇത് പ്രചരിച്ചു. ഏതാണ്ട് എല്ലാവരും കൊള്ളലാഭക്കാരായി...


 മദ് യന്റെ സന്താന പരമ്പരയിൽ ശുഐബ് എന്ന കുട്ടി ജനിച്ചു. ആ സമുദായത്തിലേക്കുള്ള നബിയായി ആ കുഞ്ഞിനെയാണ് അല്ലാഹു ﷻ നിശ്ചയിച്ചത്. ഗോത്രത്തിന്റെ ഓമനയായി കുട്ടി വളർന്നുവന്നു. ആരോഗ്യമുള്ള യുവ കോമളൻ. ശുഐബ് (അ)ന്റെ ഉമ്മ ലൂത്വ് (അ) ന്റെ മകളായിരുന്നു. അവരുടെ പേര് മൈക്കോൽ എന്നായിരുന്നു. ശുഐബ് (അ) മാതാവിന്റെ പേര് മീക്കാ എന്നായിരുന്നുവെന്നും കാണുന്നു...


 ലൂത്വ് (അ)ന്റെ മകൾ ശുഐബ് (അ)ന്റെ വല്ല്യൂമ്മ (ഉമ്മയുടെ ഉമ്മ) ആയിരുന്നുവെന്ന് ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്. വഹബ് ബ്നു മുനബ്ബഹ് രേഖപ്പെടുത്തിയതിങ്ങനെയാണ്: ശുഐബ്, മുൽഗം എന്നീ ചെറുപ്പക്കാർ ഇബ്രാഹിം (അ) തീയിലെറിഞ്ഞ ദിവസം ഇസ്ലാം മതം വിശ്വസിച്ചു. ഇബ്രാഹിം നബിയോടൊപ്പം ഇരുവരും ശാമിലേക്ക് ഹിജ്റ പോയി. രണ്ട് പേരും ലൂത്വ് (അ)ന്റെ രണ്ട് പുത്രിമാരെ വിവാഹം ചെയ്തു. ഈ റിപ്പോർട്ട് ഉദ്ധരിച്ച ശേഷം അല്ലാഹു അഹ്ലം എന്ന് ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തിരിക്കുന്നു...  


 ശുഐബ് (അ)നിയോഗിക്കപ്പെട്ടത് മദ് യൻ എന്ന രാജ്യത്തേക്ക് മാത്രമായിരുന്നോ?  അവിടെയും ചില അഭിപ്രായങ്ങൾ കാണുന്നു. മദ് യനിലേക്ക് ശുഐബിനെ അയച്ചു എന്ന് വിശുദ്ധ ഖുർആനിലുണ്ട്. ഐക്കത്ത് എന്ന പ്രദേശത്തേക്കുള്ള പ്രവാചകനും ശുഐബ് (അ) തന്നെയാണ്... 


 അസ്ഹാബുൽ ഐക്കത്ത് (ഐക്കത്തുകാർ) എന്നാണ് ഖുർആനിന്റെ പ്രയോഗം. മൂന്നു രാജ്യങ്ങളിലേക്ക് നബിയായി നിയോഗിക്കപ്പെട്ടു എന്നു പറഞ്ഞവരുമുണ്ട്. മദ് യനും ഐക്കത്തും രണ്ട് രാജ്യങ്ങളാകുന്നു. ചരിത്രകാരന്മാരിൽ ചിലർ അങ്ങനെ രേഖപ്പെടുത്തി. അവരണ്ടും രണ്ട് രാജ്യങ്ങളല്ല ഒരൊറ്റ രാജ്യമാണ് ചിലർ അങ്ങനെ രേഖപ്പെടുത്തി. ആദ്യം മദ് യനിലേക്ക് നിയോഗിക്കപ്പെട്ടു. പിന്നീട് ഐക്കത്തിലേക്ക് നിയോഗിക്കപ്പെട്ടു. ഇങ്ങനെയും പറയപ്പെട്ടിട്ടുണ്ട്...


 ശുഐബ് (അ) സ്വാലിഹ് (അ)ന്റെ വംശത്തിൽ പെട്ടവരാണെന്ന് പറഞ്ഞവരുണ്ട്. ഹിംയർ വംശക്കാരനാണെന്നാണ് മറ്റൊരഭിപ്രായം. അബൂദർറ് (റ) നെ തൊട്ട് റിപ്പോർട്ട് ചെയ്യപ്പെട്ട ഹദീസിൽ ഇങ്ങനെ കാണാം: ഓ... അബൂദർറ് നാല് നബിമാർ അറബികളിൽ നിന്നുള്ളവരാകുന്നു. ഹൂദ്, സ്വാലിഹ്, ശുഐബ് പിന്നെ നിങ്ങളുടെ നബിയും...  


 ഖാത്വീബുൽ അമ്പിയാഹ്  

പ്രവാചകന്മാർക്കിടയിലെ പ്രഭാഷകൻ. ശുഐബ് (അ) അങ്ങനെ അറിയപ്പെട്ടിരുന്നു. ഹദീസിലും അങ്ങനെയുണ്ട്. ആകർഷകമായ ഭാഷയിൽ വാചാലമായി പ്രസംഗിക്കും. മനുഷ്യമനസ്സുകളുടെ ആഴത്തിലേക്കിറങ്ങിച്ചെല്ലും. വാക്കുകൾ ചലനം സൃഷ്ടിക്കും. ആ വാചാലതപോലും മദ് യൻ ജനതയുടെ നേതാക്കളെ ഇളക്കിയില്ല. അവരുടെ ഗർവ്വും അഹങ്കാരവും അത്രമേൽ ശക്തമായിരുന്നു...