Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

സ്വീകരണം (1)

   ബൽഖീസ് രാജ്ഞിയും പൗരപ്രമുഖരുമെല്ലാം ഇപ്പോൾ സുലൈമാൻ(അ)ന്റെ സമീപത്തേക്കുള്ള യാത്രയെക്കുറിച്ചാണ് ചിന്തിക്കുന്നത്. അതിന്റെ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. നാട്ടിലാകെ അത് തന്നെയാണ് സംസാരം. ബൽഖീസ് രാജ്ഞി സുലൈമാൻ നബി(അ)ന് സന്ദേശമയച്ചു. അതിപ്രകാരമായിരുന്നു.  


"താങ്കളുടെ അവസ്ഥകൾ മനസ്സിലാക്കാനും നിങ്ങൾ ഞങ്ങളെ ക്ഷണിച്ച മതത്തെക്കുറിച്ച് മനസ്സിലാക്കുവാനും ഞാൻ നാട്ടുപ്രമുഖന്മാരുമായി ഉടനെ വരുന്നു." സന്ദേശം സുലൈമാൻ (അ)ന് ലഭിച്ചു.   


ബൽഖീസിനെയും നേതാക്കളെയും സ്വീകരിക്കാനുള്ള ഒരുക്കം തുടങ്ങി.  പന്ത്രണ്ടായിരം സേനാനായകന്മാരുടെ അകമ്പടിയോടെ ബൽഖീസ് യാത്ര തിരിച്ചു.  


 സുലൈമാൻ (അ)തന്റെ ആളുകളെയെല്ലാം വിളിച്ചുകൂട്ടി. ജിന്നുകളും മനുഷ്യരുമെല്ലാം കൂടി. അദ്ദേഹം അവരോടിങ്ങനെ ചോദിച്ചു: "പ്രധാനികളേ..! ബൽഖീസും കൂട്ടരും മുസ്ലിംകളായി വരുന്നതിനുമുമ്പ് അവരുടെ സിംഹാസനം ആർ കൊണ്ടുവരും." വല്ലാത്ത ചോദ്യം തന്നെ...


 സിംഹാസനം പൂട്ടിവെച്ച മുറിയിലെത്തുക എളുപ്പമല്ല. കോട്ട കടക്കണം. പിന്നെ സുശക്തമായ കൊട്ടാരം. അടച്ചുപൂട്ടിയ പല മുറികൾ കടന്നു ചെല്ലണം. കവർച്ചക്കാർക്കൊന്നും തുറക്കാൻ കഴിയാത്ത പൂട്ട്. ബൽഖീസ് തിരിച്ചുവരുന്നതുവരെ ആ പൂട്ടുകളൊന്നും തുറക്കുകയില്ല.  അങ്ങനെയുള്ള സിംഹാസനം കൊണ്ടുവരാനാണ് സുലൈമാൻ(അ) ആവശ്യപ്പെട്ടത്...


 വിശുദ്ധ ഖുർആൻ പറയുന്നു : "സുലൈമാൻ (അ) പറഞ്ഞു: ഹേ പ്രധാനികളേ..! നിങ്ങളിൽ ഏതൊരുവനാണ് അവർ എന്റെ അടുക്കൽ മുസ്ലിംകളായി വരുന്നതിന് മുമ്പ് അവരുടെ സിംഹാസനം എനിക്ക് കൊണ്ട് വന്ന് തരിക..?" (27:38) 


 ആ ചോദ്യത്തിനുത്തരം നൽകിയത് ഇഫ്രീത്ത് എന്ന ജിന്ന് ആയിരുന്നു. ഇഫ്രീത്ത് എന്ന പദത്തിന് പോക്കിരി, മല്ലൻ എന്നൊക്കെ അർത്ഥം പറയാം. ജിന്നുകളുടെ കൂട്ടത്തിൽ കൂടുതൽ യോഗ്യതയുള്ള ഒരു പ്രബല വ്യക്തിയായിരുന്നു അദ്ദേഹം.  


വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം : "ജിന്നുകളിൽപെട്ട ഇഫ്രീത്ത് പറഞ്ഞു: സദസ്സിൽ നിന്ന് അങ്ങ് എഴുന്നേൽക്കുന്നതിനു മുമ്പ് ഞാനത് അങ്ങയുടെ അടുത്ത് കൊണ്ടുവരാം. അതിന് തികച്ചും കഴിവുള്ളവനും വിശ്വസ്ഥനുമാണ് ഞാൻ." (27:39)


 മനുഷ്യരെക്കാൾ പല കഴിവുകളുമുള്ള ഒരു വിഭാഗമാണ് ജിന്നുകൾ. അവരുടെ കൂട്ടത്തിലെ ഒരു പ്രമുഖനാണ് സിംഹാസനം കൊണ്ടു വരാമെന്ന് പറയുന്നത്.  അതിനുള്ള ശക്തി അല്ലാഹു ﷻ അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. താൻ വിശ്വസ്ഥനാണെന്ന് ഇഫ്രീത്ത് പറയുന്നു. ഇത് വിശാലമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രയോഗമാകുന്നു...


അങ്ങ് സദസ്സിൽ നിന്ന് എഴുന്നേൽക്കുന്നതിന് മുമ്പ് സിംഹാസനം കൊണ്ടുവരാം എന്നാണ് ഇഫ്രീത്ത് പറഞ്ഞത്. സാധാരണ ഗതിയിൽ കേസുകൾ കേൾക്കാനും വിധി പറയാനുമൊക്കെയായി രാവിലെ ഇരുന്നാൽ ഉച്ചക്കാണ് എഴുന്നേൽക്കുക. ഈ സമയത്തുനുള്ളിൽ സിംഹാസനം കൊണ്ടുവരാം. അതാണ് ഇഫ്രീത്തിന്റെ വാഗ്ദാനം. 


 അതുവരെ കാത്തിരിക്കാൻ പറ്റില്ല. കൂടുതൽ വേഗത്തിൽ ആർക്ക് കൊണ്ടുവരാൻ കഴിയുമെന്ന് സുലൈമാൻ (അ) ചോദിച്ചു. വേദഗ്രന്ഥത്തിൽ പരിജ്ഞാനമുള്ള ഒരാൾ പറഞ്ഞു : "അങ്ങ് കണ്ണ് അടയ്ക്കുന്നതിന് മുമ്പ് ഞാൻ കൊണ്ടുവരാം."


വിശുദ്ധ ഖുർആൻ പറയുന്നു : "വേദഗ്രന്ഥത്തിൽ നിന്നുള്ള  അറിവുണ്ടായിരുന്ന ഒരാൾ പറഞ്ഞു : അങ്ങയുടെ തുറന്ന കണ്ണ് അടയുംമുമ്പ് ഞാനത് അങ്ങയുടെ അടുക്കൽ എത്തിക്കാം." (ഉടനെയത് വന്നെത്തി).