Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

പരീക്ഷണം

   സുലൈമാൻ (അ) ഇങ്ങനെ പ്രസ്താവിച്ചു. ഞാനിന്ന് നൂറ് സ്ത്രീകളെ സമീപിക്കും. അവരെല്ലാം ഗർഭം ധരിക്കും. ആൺകുഞ്ഞിനെ പ്രസവിക്കും. വളർന്നു വരുമ്പോൾ കുതിരപ്പടയാളികളായിമാറും. ഓരോ ഭാര്യയിൽ നിന്നും ഓരോ കുതിരപ്പടയാളി. അവർ അല്ലാഹുﷻവിന്റെ മാർഗ്ഗത്തിൽ പോരാടും. ഇക്കാര്യം സുലൈമാൻ (അ) പരസ്യമായിത്തന്നെ പറഞ്ഞു. ഇൻശാഅല്ലാഹ് (അല്ലാഹു ﷻ ഉദ്ദേശിച്ചെങ്കിൽ) എന്നു പറയാൻ വിട്ടു പോയി. 


 അത് കാരണം ഒരു ഭാര്യയൊഴികെ  മറ്റാരും ഗർഭം ധരിച്ചില്ല. ഭാര്യയാവട്ടെ പ്രസവിച്ചത് പൂർണമാവാത്ത ശിശുവും. സുലൈമാൻ (അ)ന് ഇതൊരു പരീക്ഷണമായിരുന്നു.  സുലൈമാൻ (അ) വല്ലാതെ ദുഃഖിച്ചു. പശ്ചാത്തപിച്ചു ഖേദിച്ചു മടങ്ങി.  


വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം : "നിശ്ചയമായും സുലൈമാനെ നാം ഒന്നു പരീക്ഷിച്ചു. അദ്ദേഹത്തിന്റെ സിംഹാസനത്തിന്മേൽ നാം ഒരു ജഡം ഇട്ടു. പിന്നെ അദ്ദേഹം അല്ലാഹുവിങ്കലേക്ക് മടങ്ങി പശ്ചാത്തപിച്ചു." (38:34)


 ഒരു ജഡത്തെ സിംഹാസനത്തിൽ ഇട്ടു എന്നതിന് പല വ്യാഖ്യാനങ്ങൾ പറയപ്പെട്ടിട്ടുണ്ട്. അപൂർണനായി ജനിച്ച കുട്ടിയെപ്പറ്റിയാണ് അങ്ങനെ പറഞ്ഞത് എന്നാണ് ഒരഭിപ്രായം.  


 സുലൈമാൻ (അ)ന് തന്റെ ഒരു പുത്രനോട് അമിതമായ വാത്സല്യമായിരുന്നു. ആ കുട്ടിയുടെ കാര്യത്തിൽ അതിയായ ശ്രദ്ധ വെക്കുകയും ചെയ്തു. ഒരു ദിവസം ആ കുട്ടി സിംഹാസനത്തിൽ മരിച്ചു കിടക്കുന്നതായി കണ്ടു. ഇതാണ് ഇവിടെ സൂചനയെന്ന് ഒരഭിപ്രായമുണ്ട്.   


 അക്കാലത്തെ ഏറ്റവും മികച്ച ഭരണമാണ് സുലൈമാൻ (അ) കാഴ്ചവെച്ചത്. ഒരിക്കൽ അദ്ദേഹത്തിന് ക്ഷീണം തട്ടി. ഭരണം ശരിക്ക് കൊണ്ടുപോവാൻ കഴിയുന്നില്ല. സജീവമായ ഭരണം നിർജ്ജീവാവസ്ഥയിലായിത്തീർന്നു. സിംഹാസനത്തിൽ വന്നിരിക്കുകയും കാര്യങ്ങൾ ഒരുവിധം നിർവ്വഹിച്ചുപോവുകയും ചെയ്യുന്നുവെന്നല്ലാതെ പഴയ പ്രസരിപ്പ് നിലനിർത്താനാവുന്നില്ല. സജീവമല്ലാത്ത മനസ്സും ശരീരവുമായി സിംഹാസനത്തിലിരിക്കുന്നുവെന്നുമാത്രം. 


 സിംഹാസനത്തിന്മേൽ ഒരു ജഡം ഇട്ടു എന്നതിന്റെ ഉദ്ദേശ്യം ഇതാണെന്ന് മറ്റൊരഭിപ്രായം. സുലൈമാൻ (അ) സിംഹാസനത്തിലിരിക്കുമ്പോൾ അപൂർണനായ ശിശുവിനെ കൊണ്ടുവന്ന് മടിയിൽ കിടത്തിക്കൊടുത്തുവെന്ന് ചിലർ പറയുന്നു. ഏത് വിധത്തിലായാലും ഒരു പരീക്ഷണത്തിന് സുലൈമാൻ (അ) വിധേയനായി എന്നു മനസ്സിലാക്കാം... 


 സുലൈമാൻ (അ) ന്റെ ഭരണംപോലെ മറ്റൊരു ഭരണമില്ല. അല്ലാഹുﷻവിനു വേണ്ടിയുള്ള ഭരണമാണത്. തന്റെ ഓരോ നടപടിയും അല്ലാഹുﷻവിന്റെ തൃപ്തി ലക്ഷ്യമാക്കിക്കൊണ്ടായിരുന്നു. അല്ലാഹുﷻവിന്റെ പ്രശംസ നേടുകയും ചെയ്തു. മറ്റാർക്കും ലഭിക്കാത്ത രാജാധിപത്യം എനിക്ക് നൽകേണമേയെന്ന് സുലൈമാൻ(അ) പ്രാർത്ഥിച്ചു.  


വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം : "അദ്ദേഹം പറഞ്ഞു : എന്റെ രക്ഷിതാവേ  എനിക്ക് നീ പൊറുത്തു തരികയും എന്റെ ശേഷം മറ്റാർക്കും സൗകര്യപ്പെടാത്ത ഒരു രാജാധിപത്യം എനിക്ക് നീ നൽകുകയും ചെയ്യേണമേ..! തീർച്ചയായും നീ തന്നെയാണ് അതിയായി ദാനം ചെയ്യുന്നവൻ." (38:35)


 മറ്റാർക്കും ലഭിക്കാത്ത അനുഗ്രഹങ്ങൾ നൽകിക്കൊണ്ട് സുലൈമാൻ(അ)ന്റെ ഭരണത്തെ അല്ലാഹു ﷻ പ്രത്യേകമാക്കിവെച്ചു. ചില ഖുർആൻ വചനങ്ങൾ ഇക്കാര്യം വ്യക്തമാക്കുന്നു.  


"അപ്പോൾ അദ്ദേഹത്തിന് നാം കാറ്റിനെ അധീനമാക്കിക്കൊടുത്തു. താൻ ഉന്നംവെക്കുന്ന സ്ഥലത്തേക്ക് തന്റെ കല്പന പ്രകാരം സൗമ്യമായി ആ കാറ്റ് സഞ്ചരിക്കുമായിരുന്നു. (38:36) 


"എല്ലാവിധ കെട്ടിട നിർമ്മാണക്കാരും സമുദ്രത്തിൽ മുങ്ങുന്നവരുമായ പിശാചുക്കളെയും, ചങ്ങലയിൽ ബന്ധിക്കപ്പെട്ടിരുന്ന മറ്റു ചില പിശാചുക്കളെയും അധീനമാക്കിക്കൊടുത്തു." (38:37, 38:38)


"എന്നിട്ട് നാം പറഞ്ഞു :ഇത്  നമ്മുടെ സംഭാവനയാണ്. അതുകൊണ്ട് താങ്കൾക്ക് കണക്ക് കൂടാതെ ഉപകാരം ചെയ്യുകയോ വെച്ചു കൊള്ളുകയോ ചെയ്തേക്കുക." (38:39)


"നിശ്ചയമായും അദ്ദേഹത്തിന് നമ്മുടെ പക്കൽ വളരെ അടുപ്പവും നല്ല മടക്കസ്ഥാനവുമുണ്ട്." (38:40) 


 മേലുദ്ധരിച്ച വചനങ്ങൾ എടുത്തു കാണിക്കുന്നതെന്താണ്?  അല്ലാഹു ﷻ നൽകിയ ഔദാര്യം, അനുഗ്രഹങ്ങൾ. അല്ലാഹു ﷻ നൽകിയ വിഭവങ്ങൾ. സുലൈമാൻ(അ)ന് യഥേഷ്ടം ചെലവഴിക്കാം. കണക്കില്ലാതെ ചെലവഴിക്കാം. പിടിച്ചുവെക്കുകയും ചെയ്യാം. സുലൈമാൻ(അ)എന്ത് ചെയ്തു? കണക്കുനോക്കാതെ ചെലവഴിച്ചു. അങ്ങനെ ചെലവഴിച്ചാൽ വീണ്ടും വീണ്ടും ലഭിക്കും. പിശുക്കന്മാരെ അല്ലാഹു ﷻ ഇഷ്ടപ്പെടുന്നില്ല. 


 നബിമാർ ദാനം ചെയ്യുന്നവരാണ്. കെട്ടിപ്പൂട്ടി പിശുക്കു കാണിക്കുന്നവരല്ല. അല്ലാഹു ﷻ ഇഷ്ടപ്പെടുന്ന വിധത്തിൽ ചെലവഴിച്ചു. അല്ലാഹു ﷻ പറഞ്ഞു : അദ്ദേഹത്തിന് നമ്മുടെ പക്കൽ വളരെ സാമീപ്യമുണ്ട്  അദ്ദേഹത്തിന്റെ മടക്കസ്ഥാനം വളരെ മെച്ചപ്പെട്ടതാകുന്നു. ഇതുതന്നെയല്ലേ മഹാ സൗഭാഗ്യം.  


അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ ﷺ തങ്ങളോട് ഒരിക്കൽ ഇങ്ങനെ ചോദിക്കപ്പെട്ടു : "റസൂലായ ഒരടിമയായിരിക്കുവാനാണോ താല്പര്യം?  അതോ രാജാവായ നബിയായിരിക്കുവാനാണോ താല്പര്യം?"


നബി ﷺ ഉടനെ മറുപടി നൽകി : റസൂലായ അടിമയായിരിക്കുവാനാണ് താല്പര്യം. അടിമ(അബ്ദ്) എന്ന വിശേഷണം ഏറെ ഇഷ്ടപ്പെട്ടു ജീവിച്ചു. അല്ലാഹുﷻവിന്റെ സാമീപ്യം നേടി.  


 മദീനയിൽ ഒരു ഭരണകുടം സ്ഥാപിക്കാൻ അല്ലാഹു ﷻ അവസരം നൽകി. എന്നിട്ടും അബ്ദ് ആയിത്തന്നെ ജീവിച്ചു.  ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളെ നേരിട്ടു. പട്ടിണിയും വിശപ്പും ദാരിദ്ര്യവും അനുഭവിച്ചു. എല്ലാം അല്ലാഹുﷻവിന്റെ തൃപ്തിക്കുവേണ്ടി. ലോകചക്രവർത്തിയായ സുലൈമാൻ(അ) പ്രവർത്തിച്ചതും അല്ലാഹുﷻവിന്റെ തൃപ്തിക്കുവേണ്ടി തന്നെ. അത് നേടുകയും ചെയ്തു.