Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

അസൂയ

   വിശുദ്ധ ഖുർആനിൽ സൂറത്ത് യൂസുഫ് എന്നൊരു അധ്യായമുണ്ട്. യൂസുഫ് നബി (അ) ന്റെ ചരിത്രം ആ അധ്യായത്തിൽ നിന്ന് മനസ്സിലാക്കാം...


 പല പ്രവാചകന്മാരുടെയും ചരിത്രം ഖുർആനിലുണ്ട്. ഒരു നബിയുടെ ചരിത്രം പല സൂറത്തുകളിലായിട്ടാണ് പറയുക. അതാണ് ഖുർആനിന്റെ ശൈലി...


 മക്കക്കാർ പാട്ടു പാടുകയും കഥ പറയുകയും ചെയ്യുമായിരുന്നു. കവിതകൾ ചൊല്ലാൻ വേണ്ടി സദസ്സുണ്ടാവും. കഥ പറയാനും സദസ്സ് കൂട്ടും.  പഴയ  വേദഗ്രന്ഥങ്ങളിലെ കഥകൾ യഹൂദികൾ പൊടിപ്പും തൊങ്ങലും വെച്ച് അവതരിപ്പിക്കും. ആളുകൾ ആകാംക്ഷയോടെ കേട്ടു കൊണ്ടിരിക്കും...  


 മുഹമ്മദ് നബിﷺ തങ്ങൾ ഇസ്ലാം മതത്തെ പരിചയപ്പെടുത്തി സംസാരിക്കുന്നു. ഏകനായ അല്ലാഹുവിനെക്കുറിച്ചും അന്ത്യദിനത്തെക്കുറിച്ചും സംസാരിക്കുന്നു. അത് കേൾക്കാനും സദസ്സുണ്ട്. ഖുറൈശികൾ പ്രത്യേക കാഥികന്മാരുണ്ട്. അവരും കഥ പറഞ്ഞ് ആളുകളെ ആകർഷിക്കിന്നു... 


 ഖുറൈശികളും യഹൂദികളും ജനങ്ങളെ ഒരു കാര്യം പ്രത്യേകം ഓർമ്മപ്പെടുത്തി. "മുഹമ്മദിന് കഥ പറയാനറിയില്ല വേറെ എന്തൊക്കെയോ പറയുന്നു" ഇത് ആളുകൾ പറഞ്ഞു നടന്നു...   


 അപ്പോഴാണ് ഒരൊന്നാംതരം കഥ അല്ലാഹുﷻ അവതരിപ്പിച്ചു കൊടുക്കുന്നത്. ജിബ്രീൽ (അ) കഥയുമായി വന്നു. അതാണ് സൂറത്ത് യൂസുഫ്. നബിﷺ സൂറത്ത് യൂസുഫ് പാരായണം ചെയ്തു. ഖുറൈശികളും യഹൂദികളും കേട്ടു. യഹൂദികൾ ആശ്ചര്യപ്പെട്ടുപോയി. ഞങ്ങളുടെ വേദഗ്രന്ഥത്തിലുള്ള കഥ തന്നെ...


 വിശുദ്ധ ഖുർആൻ പറയുന്നു: "ഏറ്റവും നല്ലൊരു കഥ നിനക്ക്  നാം വിവരിച്ചു തരികയാണ്. ഈ ഖുർആനെ നിനക്ക് വഹ് യ് (ദിവ്യസന്ദേശം) നൽകിയതിലൂടെ നിശ്ചയമായും ഇതിന് മുമ്പ് നീ (ഇതിനെപ്പറ്റി അറിയാത്ത) അശ്രദ്ധരിൽ പെട്ടവൻ തന്നെയായിരുന്നു."  (12:3) 


 അല്ലാഹുﷻ ദിവ്യസന്ദേശത്തിലൂടെ അറിയിച്ചു കൊടുത്തതുകൊണ്ടാണ് നബിﷺ  തങ്ങൾ യൂസുഫ് (അ)ന്റെ ചരിത്രം പഠിച്ചത്. ഏറ്റവും നല്ല കഥ എന്നാണ് അല്ലാഹുﷻ അതിനെ വിശേഷിപ്പിച്ചത്. ആ കഥ കേട്ടപ്പോൾ ഖുറൈശികൾ അതിശയിച്ചു നിന്നുപോയി...  


 വിശുദ്ധ ഖുർആൻ തുടരുന്നു: "യൂസുഫ് തന്റെ പിതാവിനോട് പറഞ്ഞ സന്ദർഭം ഓർക്കുക. എന്റെ പിതാവേ! ഞാൻ പതിനൊന്ന് നക്ഷത്രങ്ങളെയും സൂര്യനെയും ചന്ദ്രനെയും സ്വപ്നം കണ്ടു. എനിക്ക് സുജൂദ് ചെയ്യുന്നതായി അവയെ ഞാൻ കണ്ടു." (12:4)


 ഇത് കേട്ടപ്പോൾ പിതാവ് പറഞ്ഞ വാക്കുകൾ വിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നു: "അദ്ദേഹം പറഞ്ഞു:മോനേ... നിന്റെ സ്വപ്നം നിന്റെ സഹോദരന്മാർക്ക് നീ വിവരിച്ചു കൊടുക്കരുത്. എന്നാൽ വല്ല തന്ത്രവും നിന്നോടവർ പ്രയോഗിച്ചേക്കാം.

നിശ്ചയമായും പിശാച് മനുഷ്യന്റെ പ്രത്യക്ഷ ശത്രുവാകുന്നു." (12:5)


 പിതാവ് മകന് നല്ല ഉപദേശങ്ങൾ നൽകി.  "മകനേ... അല്ലാഹുﷻ നിന്നെ ഉന്നത പദവിയിലേക്കുയർത്തും. സ്വപ്നങ്ങൾ വ്യാഖ്യാനിക്കാനുള്ള കഴിവ് നിനക്ക് ലഭ്യമാകും. അല്ലാഹുﷻ അവനുദ്ദേശിക്കുന്നവർക്ക് മഹത്തായ വിജ്ഞാനം നൽകും." 


 യഅ്ഖൂബ് (അ)ന് പന്ത്രണ്ട് മക്കളാണുള്ളത്. അവരുടെ സന്താനപരമ്പരയാണ് ഇസ്രാഈല്യർ. പന്ത്രണ്ട് മക്കളുടെ പരമ്പര പന്ത്രണ്ട് ഗോത്രങ്ങളായിത്തീർന്നു...  


 മനുഷ്യർ സ്വപ്നങ്ങൾ കാണാറുണ്ട്. നല്ല സ്വപ്നം അല്ലാഹുﷻവിൽ നിന്നുള്ളതാകുന്നു. ചീത്ത സ്വപ്നം പിശാചിൽ നിന്നുള്ളതുമാകുന്നു...


 നബിﷺതങ്ങൾ അരുൾ ചെയ്തു. "നിങ്ങളിലാരെങ്കിലും താൻ ഇഷ്ടപ്പെടുന്ന സ്വപ്നം കണ്ടാൽ, അവൻ ഇഷ്ടപ്പെടുന്ന ആളോടല്ലാതെ അതിനെക്കുറിച്ച് സംസാരിക്കരുത്. ഒരാൾ തനിക്ക് ഇഷ്ടപ്പെടാത്ത സ്വപ്നം കണ്ടാൽ അതിന്റെ ദോഷത്തിൽ നിന്നും, പിശാചിന്റെ ദോഷത്തിൽ നിന്നും അല്ലാഹുﷻവിനോട് രക്ഷ തേടിക്കൊള്ളട്ടെ. മൂന്നു പ്രാവശ്യം തുപ്പുകയും ചെയ്തു കൊള്ളട്ടെ. എന്നാൽ അതവന് ഉപദ്രവം വരുത്തുകയില്ല"


 പ്രമുഖ സ്വഹാബിവര്യനായ ജാബിർ (റ) ഇങ്ങനെ പ്രസ്താവിച്ചു: നബിﷺ തങ്ങൾ പറഞ്ഞു: "നിങ്ങളിലൊരാൾ അവന് ഇഷ്ടപ്പെടാത്ത സ്വപ്നം കണ്ടാൽ, അവൻ തന്റെ ഇടതു ഭാഗത്തേക്ക് മൂന്നുതവണ തുപ്പണം. മൂന്നു തവണ പിശാചിൽ നിന്ന് ശരണം തേടുകയും വേണം. അവൻ കിടന്നിരുന്ന ഭാഗം മാറി തിരിഞ്ഞു കിടക്കുകയും ചെയ്യട്ടെ."   


 പിശാചിനോടുള്ള വെറുപ്പ് പ്രകടിപ്പിക്കാനാണ് ഇടതു ഭാഗത്തേക്ക് തുപ്പുന്നത്. യൂസുഫ് (അ)ന്റെ കഥയിൽ നിന്ന് വളരെ നല്ല പാഠങ്ങളാണ് നമുക്ക് പഠിക്കാനുള്ളത്. അസൂയ മനുഷ്യരെ എവിടംവരെ എത്തിക്കുമെന്നതാണ് ഒന്നാമതായി പഠിക്കാനുള്ളത്. 


 അസൂയ മറ്റ് പല ദുർഗുണങ്ങൾക്കും കാരണമായിത്തീരും. അവ മനുഷ്യനെ വലിയ ദുരന്തത്തിൽ എത്തിക്കുകയും ചെയ്യും. ക്ഷമയും ത്യാഗസന്നദ്ധതയുമുള്ളവർക്ക് ജീവിതത്തിൽ വലിയ പുരോഗതി നേടാൻ കഴിയും. ക്ഷമാശീലരോടൊപ്പമാണ് അല്ലാഹുﷻ...


 നബിﷺതങ്ങൾ മക്കാ ജീവിതകാലത്ത് വളരെയേറെ ബുദ്ധിമുട്ടുകൾ സഹിച്ചു. അല്ലാഹുﷻ നബിﷺയോട് ക്ഷമിക്കാൻ ഉപദേശിക്കുകയാണ് ചെയ്തത്. ക്ഷമക്കുശേഷം വിജയം വരും. ക്ഷമിക്കാനുള്ള പ്രചോദനം ലഭിക്കാൻവേണ്ടി യൂസുഫ് (അ)ന്റെ കഥ പറഞ്ഞു കൊടുത്തു. നബിﷺഅടുത്ത ബന്ധുക്കളിൽ നിന്ന് എതിർപ്പുകൾ നേരിട്ടു. യൂസുഫ് (അ)അടുത്ത ബന്ധുക്കളിൽ നിന്നുതന്നെയാണ് എതിർപ്പുകൾ


നേരിട്ടത്...


 ചരിത്രം അന്വേഷിക്കുന്നവർക്ക് യൂസുഫ് (അ)ന്റെ ചരിത്രത്തിൽ പല ദൃഷ്ടാന്തങ്ങളുമുണ്ടെന്ന് അല്ലാഹുﷻ പറയുന്നു. "തീർച്ചയായും യൂസുഫിലും അദ്ദേഹത്തിന്റെ സഹോദരന്മാരിലും ചോദിച്ചന്വേഷിക്കുന്നവർക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്." (12:7)


 യൂസുഫ് (അ) തെറ്റൊന്നും ചെയ്തിട്ടില്ല. പിതാവ് സ്നേഹിക്കുന്നുവെന്നത് കുറ്റമല്ല. എന്നിട്ടും അസൂയ വളരുന്നു. പിശാച് അത് വളർത്തുന്നു. എല്ലാ കാലത്തും എല്ലാ വിഭാഗത്തിലും ഇത് നടക്കുന്നു...