Skip to content
منگل - ۱۱ اگست, ۲۰۲۶ ۲۵-صفر-۱۴۴۸

മോചനം (2)

   തന്റെ സ്വപ്നം. അതിന് കിട്ടിയ വ്യാഖ്യാനം. നാട് വമ്പിച്ച പരീക്ഷണത്തിലേക്ക് നീങ്ങുന്നു.  പരീക്ഷണത്തിൽ തന്നെ സഹായിക്കാനാർക്ക് കഴിയും? യൂസുഫിനു മാത്രം. യൂസുഫ് വരണം. കൊട്ടാരത്തിലെത്തണം ചില ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കണം... 


 പെണ്ണുങ്ങൾ നമ്മുടെ മുമ്പിൽ ഹാജരാവട്ടെ! രാജശാസന വന്നു. ഏറെക്കഴിയുംമുമ്പെ പെണ്ണുങ്ങളെത്തി. സുലൈഖയെത്തി. കുലീന വനിതകളെത്തി... 


"അന്നെന്താണ് സംഭവിച്ചത്? ആരാണ് കുറ്റക്കാർ..?" 


 സുലൈഖ സംഭവം വിവരിച്ചു. കുറ്റം സമ്മതിച്ചു. യൂസുഫ് ഒരു തെറ്റും ചെയ്യാത്ത പരിശുദ്ധനാണ്. പെണ്ണുങ്ങൾ പ്രസ്താവിച്ചു. രാജാവിന്നാശ്വാസം. എല്ലാവർക്കും ആശ്വാസം. അന്തരീക്ഷത്തിലെ പിരിമുറുക്കം അയഞ്ഞു. യൂസുഫ് നബിക്ക് വഴിയൊരുങ്ങി... 


 വിവരം ഔദ്യോഗികമായിത്തന്നെ ജയിലിലെത്തി. ജയിൽ വിമോചനം. സത്യത്തിന്റെ വിജയം. ജയിലധികൃതരും തടവുകാരും പ്രവാചകനെ യാത്ര അയക്കുന്നു. വികാരഭരിതമായ രംഗം. തടവുകാർ കണ്ണീരൊഴുക്കി നെടുവീർപ്പയച്ചു... 


 യൂസുഫ് (അ) തന്റെ സാധനങ്ങൾ  പൊതിഞ്ഞെടുത്തു എല്ലാവരേയും നോക്കി. "സഹോദരങ്ങളേ! വർഷങ്ങളോളം നാം ഒന്നിച്ചു കഴിഞ്ഞു. എനിക്ക് സ്നേഹം മാത്രം നൽകിയ സഹോദരങ്ങളേ! വിട ചോദിക്കട്ടെ. അല്ലാഹുﷻവിന്റെ അനുഗ്രഹമുണ്ടാവട്ടെ. അല്ലാഹുﷻ ഉദ്ദേശിച്ചാൽ നമുക്കിനിയും കാണാം. നിങ്ങൾക്കും വരും ഇതുപോലൊരു സുദിനം. വിമോചനത്തിന്റെ ദിനം." 

യൂസുഫ് (അ) മുമ്പോട്ട് നടന്നു...


 വിശുദ്ധ ഖുർആൻ പറയുന്നത് ശ്രദ്ധിക്കൂ: "രാജാവ് കല്പിച്ചു അദ്ദേഹത്തെ എന്റെ മുമ്പിൽ  ഹാജരാക്കുക. അങ്ങനെ അദ്ദേഹത്തിന്റെ അടുക്കൽ രാജദൂതൻ വന്നപ്പോൾ അദ്ദേഹം പറഞ്ഞു: നീ നിന്റെ യജമാനന്റെ അടുക്കലേക്ക് തിരിച്ചു പോവുക. എന്നിട്ട് സ്വന്തം കൈകളെ മുറിപ്പെടുത്തിയ സ്ത്രീകളുടെ നിലപാട് എന്തെന്ന് അദ്ദേഹത്തോട് ചോദിക്കുക. നിശ്ചയമായും എന്റെ രക്ഷിതാവ് അവരുടെ കുതന്ത്രങ്ങളെക്കുറിച്ച് നല്ലവണ്ണം അറിയുന്നവനാകുന്നു." (12:50)


"രാജാവ് സ്ത്രീകളെ വരുത്തി അവരോട് ചോദിച്ചു: യൂസുഫിനെ വശീകരിക്കാൻ നിങ്ങൾ കുതന്ത്രം പ്രയോഗിച്ചപ്പോൾ നിങ്ങളുടെ സ്ഥിതി എന്തായിരുന്നു? 


ആ സ്ത്രീകൾ പറഞ്ഞു: അല്ലാഹുﷻ പരിശുദ്ധൻ! അദ്ദേഹത്തിന്റെ യാതൊരു നടപടിദോഷവും ഞങ്ങൾ അറിഞ്ഞിട്ടില്ല.  


അസീസിന്റെ ഭാര്യ പറഞ്ഞു: ഇപ്പോൾ സത്യം വെളിപ്പെട്ടു. ഞാനാണ് അദ്ദേഹത്തെ വശീകരിക്കാൻ കുതന്ത്രം പ്രയോഗിച്ചത്. നിശ്ചയമായും അദ്ദേഹം സത്യവാന്മാരിൽ പെട്ടവനാകുന്നു." (12:51)


 മനസ്സിലുള്ള ഭാരം ഇറങ്ങിയതുപോലെ സുലൈഖക്കു തോന്നി. വർഷങ്ങളായി മനസ്സിൽ കൊണ്ട് നടക്കുകയായിരുന്നു. ഈ ഭാരം. അതുകാരണം മനസ്സ് അസ്വസ്ഥമായിരുന്നു. ഊണിന് രുചി തോന്നിയില്ല. ഉറക്കം വരാത്ത രാവുകൾ കടന്നുപോയി. എല്ലാം തുറന്നു പറയണമെന്ന് മോഹിച്ചു. എവിടെപ്പറയാൻ! ആരോട് പറയാൻ? ഒരവസരം വന്നുകിട്ടേണ്ടേ..?  


 ഇപ്പോൾ അത് കിട്ടി. എല്ലാം വെട്ടിത്തുറന്നു പറഞ്ഞു. എന്തൊരാശ്വാസം. ഇനി തന്റെ ഭർത്താവിന്റെ കാര്യം. അദ്ദേഹം വസ്തുത മനസ്സിലാക്കണം. ഞാൻ യൂസുഫിനെ സ്നേഹിച്ചു. മോഹിച്ചു. നല്ല സന്ദർഭം നോക്കി നടന്നു. സമയം ഒത്തുവന്നപ്പോൾ കയറിപ്പിടിച്ചു. അത്രയേ സംഭവിച്ചുള്ളൂ. അതിനപ്പുറം യാതൊന്നും സംഭവിച്ചില്ല...


 യൂസുഫ് കുതറി മാറി ഓടിക്കളഞ്ഞു.  എന്റെ മനസ്സ് എന്നെ തെറ്റ് ചെയ്യാൻ പ്രേരിപ്പിച്ചു. ഞാൻ തെറ്റ് ചെയ്യാൻ ശ്രമിച്ചു പക്ഷെ അതൊരു പിടിവലയിൽ ഒതുങ്ങി. ഭർത്താവിന്റെ അഭാവത്തിൽ ഞാനദ്ദേഹത്തെ വഞ്ചിച്ചിട്ടില്ല. ഒരബദ്ധം സംഭവിച്ചുവെന്നേയുള്ളൂ. ഇത് അദ്ദേഹം മനസ്സിലാക്കണം. അതിനുവേണ്ടിയാണ് എല്ലാം സത്യസന്ധമായി തുറന്നു പറഞ്ഞത്...  


 യൂസുഫ് ജയിലിലായി വർഷങ്ങൾ കടന്നുപോയി. ചെയ്തു പോയ കാര്യങ്ങളെക്കുറിച്ചോർത്തു പശ്ചാത്തപിക്കുകയായിരുന്നു ഞാൻ. യൂസുഫിനെക്കുറിച്ചു അപവാദങ്ങളൊന്നും പറഞ്ഞിട്ടില്ല.  ഇക്കാര്യം യൂസുഫ്  അറിയണം. ഇങ്ങനെ പല കാരണങ്ങളാൽ സുലൈഖ കാര്യങ്ങൾ വെട്ടിത്തുറന്നു പറഞ്ഞു. പറഞ്ഞു കഴിഞ്ഞപ്പോൾ ആശ്വാസം തോന്നി...