Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

മുൾക്കിരീട മണിഞ്ഞതെന്തിന് ..?(4)

   ലോകം സുഖസുഷുപ്തിയിലമരുന്ന പാതിരാവിൽ ഉറക്കവും മറ്റു സുഖങ്ങളുപേക്ഷിച്ച് തെരുവീഥികൾതോറും വേഷപ്രച്ഛന്നനായി ചുറ്റിസഞ്ചരിക്കുക, പട്ടിണികിടക്കുന്നവർക്ക് സ്വന്തം ചുമലിൽ ഭക്ഷണം എത്തിച്ചുപാകം ചെയ്തു കൊടുക്കുക, സ്വന്തം ഭാര്യയെ അന്യരുടെ പേറെടുക്കാൻ നിയോഗിക്കുക, പാവങ്ങൾ കഴിക്കുന്ന ആഹാരപാനീയങ്ങൾ മാത്രം കഴിച്ച് ജീവിതസംതൃപ്തി നേടുക, അവരെപ്പോലെ ഒരൊറ്റ വസ്ത്രവും പരുക്കൻ കുപ്പായവും

മേൽമുണ്ടുമായി തനി ഫഖീറിനെപ്പോലെ കഴിച്ചുകൂട്ടുക, ഇതൊക്കെ ചെയ്തത് ഒരു സാധാരണക്കാരനല്ല. ഒരു സംസ്ഥാനത്തിന്റെ ഭരണാധികാരിയല്ല. ഇരുപത്തിരണ്ട് ലക്ഷത്തിലധികം ചതുരശ്രമൈൽ

തന്റെ ഭരണത്തിന്നു കീഴിലുള്ള മഹാനായൊരു ചകവർത്തി. അവിടെയാണ് ഉമർ(റ) വിന്റെ മഹത്വം നാം മനസ്സിലാക്കേണ്ടത്...


 ഇന്നത്തെ ഭരണാധികാരികളുടെ സ്ഥിതിയെന്താണ്? ഒരു പഞ്ചായത്തിന്റെ അധികാരം കിട്ടിയാൽ അധികാരദുർവിനിയോഗം

തുടങ്ങുകയായി. ഒരു സ്റ്റേറ്റിന്റെ ഭരണാധികാരം കൈവശമുണ്ടെന്ന്

വെക്കുക. രാജകീയ പ്രൗഡിയിലായിരിക്കും ജീവിതം. കോടികൾ നേടാനുള്ള ഉപാധിമാത്രമായി അവരതിനെ കാണുന്നു. അതിന്നു വേണ്ടി എന്ത് വേണ്ടാധീനവും കാട്ടികൂട്ടുന്നു. 


 ഉമർ(റ)വിന്റെ ഭരണത്തെക്കുറിച്ച് ഇന്നത്തെ ഭരണാധികാരികൾ ഒന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ, ആ മാതൃക സ്വീകരിക്കാൻ സന്നദ്ധമായിരുന്നെങ്കിൽ ഇവിടം സുഖസമ്പൂർണ്ണമായേനെ... 


 ജനങ്ങൾക്ക് ഉപദേശം നൽകാൻ വേണ്ടി എഴുന്നേറ്റു നിന്ന ഖലീഫയെ വെറും ഒരു സാധാരണ പ്രജ പിടിച്ചുനിർത്തി ചോദ്യം ചെയ്ത കഥ ഇത്തരം കഥക്കുദാഹരണം വേറെ എവിടെയുണ്ട്. ആ പ്രജ ചോദിക്കുകയാണ്:


 “ഉമറേ (റ), നീ ഞങ്ങളെ ഉപദേശിക്കുന്നു. പക്ഷെ ഒരു കാര്യം, ഞങ്ങൾക്കെല്ലാം കിട്ടിയ തുണിയുടെ ഇരട്ടികൊണ്ടാണല്ലോ നീ കുപ്പായം തയ്ച്ചിരിക്കുന്നത്. നീതിരഹിതമായ ഈ പ്രവർത്തി ചെയ്ത നിന്റെ ഉപദേശം കേൾക്കാൻ ഞങ്ങൾ തയ്യാറല്ല...”


 സദസ്സിൽ നിന്നും ഉമർ(റ)വിന്റെ പുത്രൻ എഴുന്നേറ്റുനിന്നു സത്യാവസ്ഥ വിവരിച്ചു. എനിക്കു കിട്ടിയ തുണി കൂടി പിതാവിന്ന് കൊടുത്തു. അതുകൊണ്ടാണ് അദ്ദേഹം ഉടുപ്പ് തയ്ച്ചത്.” 


 അതുകേട്ടപ്പോൾ പരാതി പറഞ്ഞയാൾ അടങ്ങി. അപ്പോൾ ഉമർ(റ) ചോദിച്ചു...


 “യഥാർത്ഥത്തിൽ ഞാൻ രണ്ട് തുണി സ്വന്തമായി എടുത്തിരുന്നുവെങ്കിലോ..?!” 


 ആ സമയം മറ്റൊരാളെഴുന്നേറ്റ് വാളൂരിക്കൊണ്ട് പറഞ്ഞു. “ഈ വാളുകൊണ്ട് നിങ്ങളുടെ തല ഞാൻ വേർപ്പെടുത്തുമായിരുന്നു...” 


 അതുകേട്ട് കോപാക്രാന്തനായി ഉമർ (റ) ചോദിച്ചു: 


 “നിങ്ങൾ ആരോടാണ് സംസാരിക്കുന്നതെന്നറിയാമോ..?!” 


 “തീർച്ചായായും മുസ്ലിംകളുടെ ഖലീഫയായ ഉമറിനോട് (റ)”എന്നയാൾ പറഞ്ഞു. 


 ഉടനെ ഉമർ(റ): “അല്ലാഹുവെ എന്റെ പക്കൽ നിന്നു വരുന്ന തെറ്റുകളെ ചോദ്യം ചെയ്യാൻ കെൽപ്പുള്ളവരെ നീ നിലനിർത്തിയിരിക്കുന്നുവല്ലോ..." എന്നു പറഞ്ഞുകൊണ്ട് നന്ദിസൂചകമായി സുജൂദ്ചെയ്യുകയുണ്ടായി. വീണ്ടും ഉമർ(റ) പ്രസംഗം തുടർന്നു. അതായിരുന്നു ഉമർ(റ)വിന്റെ മാതൃക... 


 ഏതൊരു സാധാരണക്കാരനും അദ്ദേഹത്തെ ചോദ്യം ചെയ്യാം. ഈ ഭരണമാതൃക നമുക്കിന്ന് വെറും ഓർമ്മിക്കാനുള്ള സ്വപ്നങ്ങളായി മാത്രം അവശേഷിച്ചിരിക്കുകയാണ്.