Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

ബാങ്കിന്റെ കഥ (2)

   അബ്ദുല്ലാഹിബ്നു സയ്ദിൽ അൻസ്വാരി(റ) നേരെ ബിലാൽ(റ)വിന്റെ സമീപത്തെത്തി, ബാങ്കിന്റെ വചനങ്ങൾ പറഞ്ഞുകൊടുത്തു. നിസ്കാരത്തിന്റെ സമയമായപ്പോൾ ബിലാൽ(റ) ഉയർന്ന സ്ഥലത്തു കയറിനിന്നു നല്ല ശബ്ദത്തിൽ ബാങ്കു വിളിച്ചു. ആളുകൾ കൂട്ടംകൂട്ടമായി ഓടിയെത്തി.


 പിന്നീട് അദ്ദേഹം ബിലാൽ മുഅദ്ദിൻ എന്ന പേരിൽ അറിയപ്പെട്ടു. "അദാൻ എന്ന വാക്കിനു ബാങ്ക് എന്ന് അർത്ഥം. "മുഅദ്ദിൻ ബാങ്കുവിളിക്കുന്ന ആൾ.


 അബ്ദുല്ലാഹി ബ്നു ഉമ്മിമക്തും മറ്റൊരു മുഅദ്ദിനായിരുന്നു...


 അസ്വലാത്തു ഖയ്റുൻ മിനന്നൗം.

 “നിസ്കാരം ഉറക്കത്തിനേക്കാൾ ശ്രേഷ്ഠമാണ്.” സുബഹി നിസ്കാരത്തിൽ ബിലാൽ(റ) ഈ വാചകംകൂടി ചേർത്തു വിളിച്ചു. നബിﷺതങ്ങൾ അംഗീകാരം നൽകി.


 ബാങ്കിന്റെ ശബ്ദം ജനങ്ങളെ വല്ലാതെ ഉത്തേജിപ്പിച്ചു. “അല്ലാഹു അക്ബർ” ആവേശത്തോടെയാണു സത്യവിശ്വാസികൾ ആ വാക്യം കേട്ടത്. അല്ലാഹുﷻവിന്റെ പേരു കേൾക്കുന്നതോടെ അവർ മറ്റെല്ലാം

മറക്കുന്നു. അവന്റെ ഭവനമായ പള്ളിയിലേക്ക് അവർ ധൃതിപിടിച്ചു വരുന്നു. ഇതാണു ബാങ്കിന്റെ ചരിത്രം.


 പള്ളിയുടെ പ്രാധാന്യം വർധിച്ചുവരികയാണ്. ഇൽമിനും ഇബാദത്തിനും വേണ്ടിയാണ് പള്ളി. അതിലുപരി ഒരു സമൂഹത്തിന്റെ സാംസ്കാരിക സിരാകേന്ദ്രമാണു മസ്ജിദ്.


 മുസ്ലിംകൾ ഒരു സമൂഹമായി രൂപം പ്രാപിച്ചുകഴിഞ്ഞു. ഇനിയവർക്കു സാമൂഹിക ജീവിത വ്യവസ്ഥകൾ വേണം. ഭരണ സംവിധാനം വേണം. കെട്ടുറപ്പും ഭദ്രതയും വേണം. നിയമങ്ങൾ വേണം. ഇസ്ലാം അല്ലാഹുﷻവിന്റെ മതമാകുന്നു. അല്ലാഹുﷻവിന്റെ വിധിവിലക്കുകളാണ് ഇസ്ലാമിക നിയമം...


 ജിബ്രീൽ(അ) വഹ് യുമായി നിരന്തരം വന്നുകൊണ്ടിരിക്കുന്നു. നിയമങ്ങൾ ചർച്ച ചെയ്തു രൂപീകരിക്കുകയല്ല.

അല്ലാഹുﷻവാണ് നിയമങ്ങൾ നൽകുന്നത്.


 വ്യക്തിജീവിതത്തിലെ വിശുദ്ധി, കുടംബജീവിതത്തിലെ വിശുദ്ധി,

സാമൂഹിക ജീവിതത്തിലെ വിശുദ്ധി. ഇതു ലോകത്തിനു പഠിപ്പിച്ചു കൊടുക്കണം. മനുഷ്യവർഗത്തെ പഠിപ്പിക്കണം. അതു സാധ്യമാക്കാൻ എന്തൊക്കെ വേണമോ അതെല്ലാം വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നു.


 വിശുദ്ധ ഖുർആന്റെ വ്യാഖ്യാനം കാണാൻ നബി ﷺ തങ്ങളുടെ ജീവിതത്തിലേക്കു നോക്കിയാൽ മതി.


 ഒരു സമൂഹത്തിന്റെ സാമ്പത്തിക പ്രശ്നങ്ങൾ. തൊഴിൽ കാര്യങ്ങൾ.

സാമൂഹിക മര്യാദകൾ. സാമൂഹിക നീതി. സുരക്ഷാ സംവിധാനം. വൈജ്ഞാനിക രംഗം. അങ്ങനെ എന്തെല്ലാം കാര്യങ്ങൾ കൈകാര്യം ചെയ്യണം, അതെല്ലാം ഖുർആനിൽ അവതരിച്ചു.


 ഒരു ഭരണകൂടം രൂപപ്പെട്ടുവരികയാണ്. ഭരണകൂടത്തിന്റെ സിരാകേന്ദ്രം മസ്ജിദു തന്നെ. മസ്ജിദ് തന്നെയാണു കോടതിയും. കേസുകൾ കേൾക്കുന്നതും വിധി

പറയുന്നതും അവിടെത്തന്നെ.


 സാമൂഹിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന സുദീർഘമായ സൂറത്തുകൾ മദീനയിൽ വച്ചാണ് ഇറങ്ങിയത്.


 മസ്ജിദുന്നബവിയെ ചരിത്രകാരന്മാർ മുസ്ലിം സ്റ്റേറ്റിന്റെ സെക്രട്ടറിയേറ്റ് എന്നു വിളിച്ചിരുന്നു. 


 മുസ്ലിംകൾ ഒരു ശക്തിയായി വളർന്നതോടെ പല പുതിയ പ്രശ്നങ്ങളും ഉടലെടുത്തു. മദീനയിലെ സാമ്പത്തിക രംഗം അടക്കി ഭരിച്ചിരുന്ന ജൂതന്മാർ മുസ്ലിംകളെ സംശയത്തോടെ വീക്ഷിക്കാൻ തുടങ്ങി. തങ്ങളുടെ മേൽക്കോയ്മ തകർന്നുപോകുമോ..?


 മക്കയിലെ ഖുറയ്ശികൾക്കു ജൂതന്മാരെ പരിചയമുണ്ട്. അവർ തമ്മിൽ യോജിക്കുമോ..? കരുതിയിരിക്കണം. സുരക്ഷയുടെ കാര്യം പള്ളിയിൽ ചർച്ചാവിഷയമായി...