Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

ഹുദ്ഹുദ

   വിശാലമായ മൈതാനം. സുലൈമാൻ നബി(അ)ന്റെ വൻ സൈന്യം മൈതാനിയിൽ അണിനിരന്നുകഴിഞ്ഞു. മനുഷ്യർ, പിശാചുക്കൾ, ജിന്നുകൾ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയവയെല്ലാം അണിനിരന്നു.  


 സുലൈമാൻ (അ)സൈന്യത്തെ പരിശോധിക്കാൻ വന്നു. ആരെങ്കിലും അണിനിരക്കാൻ ബാക്കിയുണ്ടോ? എല്ലാ നിരകളും പരിശോധിച്ചു. പക്ഷികളുടെ നിര പരിശോധിച്ചപ്പോൾ ഒരു പക്ഷിയുടെ കുറവ്. ആരാണ് ഹാജരാകാത്തത്..? 


 ഹുദ്ഹുദ. മരംകൊത്തി എന്ന പക്ഷി.  സൈന്യത്തിൽ സുപ്രധാന പദവിയുള്ള പക്ഷിയാണ്. വിദൂര ദേശങ്ങളിലേക്ക് സന്ദേശമെത്തിക്കുന്നത് ഹുദ്ഹുദയാണ്. ദൂര ദിക്കുകളിൽ നിന്ന് വാർത്തകൾ ശേഖരിച്ച് എത്തിച്ചുകൊടുക്കുന്നതും ഹുദ്ഹുദ.  ഓരോ സ്ഥലത്തെത്തുമ്പോൾ എത്ര ആഴത്തിൽ വെള്ളമുണ്ടെന്ന് കണ്ടുപിടിക്കാനും ഹുദ്ഹുദക്കു കഴിയും.


 ഹുദുഹുദ എവിടെപ്പോയി..? ആർക്കുമറിയില്ല  അച്ചടക്കലംഘനമാണിത്. ഇത് സമ്മതിക്കാൻ പറ്റില്ല. ഹുദ്ഹുദ ഇങ്ങ് വരട്ടെ ഇതിന് തക്കതായ കാരണം ബോധിപ്പിക്കണം. അല്ലെങ്കിൽ നല്ല ശിക്ഷ നൽകും. സുലൈമാൻ (അ) പ്രഖ്യാപിച്ചു... 


 ഹുദുഹുദയുടെ തൂവലുകൾ പറിച്ച് നിലത്തിടുക. ഉറുമ്പുകൾക്കും മറ്റും അത് ആഹാരമായിത്തീരുക. അതാണ് കഠിന ശിക്ഷ. അല്ലെങ്കിൽ കൊന്നുകളയുക. രണ്ടിലൊന്നു സംഭവിക്കും. ആകാംക്ഷ നിറഞ്ഞ നിശബ്ദത. ഹുദ്ഹുദയുടെ കാര്യത്തിൽ എല്ലാവർക്കും വലിയ ഉൽക്കണ്ഠ. എല്ലാ കണ്ണുകളും ആകാശത്തിൽ ചുറ്റി നടന്നു. ഏതെങ്കിലും ഭാഗത്ത് ഹുദ്ഹുദയുണ്ടോ..? സമയം ഇഴഞ്ഞുനീങ്ങി. ഉൽക്കണ്ഠ വർദ്ധിച്ചു.  


 അതാ, ആകാശനീലിമയിൽ ഒരു പൊട്ടുപോലെ മരംകൊത്തിപ്പക്ഷി പ്രത്യക്ഷപ്പെടുന്നു. വളരെ ദൂരെ നിന്ന് പറന്നുവരികയാണ്. പറന്നുപറന്നു ക്ഷീണിച്ചിട്ടുണ്ട്. ഹുദ്ഹുദ പറന്നിറങ്ങി. എല്ലാ നയനങ്ങളും ഹുദ്ഹുദയെ ചുറ്റിനിന്നു. ഹുദ്ഹുദ ക്ഷമാപണത്തോടെ താൻ വൈകാനുള്ള കാരണം ബോധിപ്പിച്ചു.


സൂറത്തു നംലിൽ അല്ലാഹു ﷻ പറയുന്നു : "സുലൈമാൻ (അ) പക്ഷികളെ പരിശോധിച്ചു. എന്നിട്ട് പറഞ്ഞു : മരംകൊത്തിയെ ഞാൻ കാണുന്നില്ലല്ലോ? എന്തുപറ്റി? അത് ഇവിടെ സന്നിഹിതരാവാത്തവരിൽ പെട്ടുപോയോ..?" (27:20)


"നിശ്ചയമായും ഞാനതിനെ കഠിനമായി ശിക്ഷിക്കും. അല്ലെങ്കിൽ കൊന്നുകളയും. അല്ലാത്ത പക്ഷം വ്യക്തമായ ന്യായം അതെന്റെ മുമ്പിൽ കൊണ്ടുവരിക തന്നെ വേണം." (27:21)


"അങ്ങനെ അതെത്തിച്ചേരുവാൻ അധികം താമസം വന്നില്ല. എന്നിട്ടത് ഇങ്ങനെ പറഞ്ഞു : അങ്ങ് സൂക്ഷ്മമായി അറിഞ്ഞിട്ടില്ലാത്ത ഒരു കാര്യം ഞാൻ സൂക്ഷ്മമായി അറിഞ്ഞിട്ടുണ്ട്. സബഇൽ നിന്ന് ദൃഢമായ ഒരു വാർത്തയും കൊണ്ടാണ് ഞാൻ അങ്ങയുടെ അടുക്കൽ വന്നിട്ടുള്ളത്." (27:22)


"നിശ്ചയമായും സബഉകാരെ ഭരിക്കുന്ന ഒരു സ്ത്രീയെ ഞാൻ കണ്ടെത്തി. എല്ലാ സാധനങ്ങളിൽ നിന്നും ആവശ്യമായതൊക്കെ അവർക്ക് നൽകപ്പെട്ടിട്ടുണ്ട്. വമ്പിച്ച ഒരു സിംഹാസനവും അവൾക്കുണ്ട്." (27:23)


"അവളും അവളുടെ ജനതയും അല്ലാഹുﷻവിനെ വിട്ട് സൂര്യന് സുജൂദ് ചെയ്യുന്നതായിട്ടാണ് ഞാൻ കണ്ടെത്തിയത്. തങ്ങളുടെ പ്രവർത്തികൾ പിശാച് അവർക്ക് ഭംഗിയാക്കി കാണിച്ചുകൊടുക്കുകയും അങ്ങനെ നേരായ വഴിയിൽ നിന്ന് അവരെയവൻ തടയുകയും ചെയ്തിരിക്കുന്നു. അതിനാൽ അവർ നേർമാർഗ്ഗം പ്രാപിക്കുന്നില്ല." (19:24) 


"ആകാശ ഭൂമികളിൽ മറഞ്ഞുകിടക്കുന്ന വസ്തുക്കളെ പുറത്തേക്ക് കൊണ്ടുവരികയും. നിങ്ങൾ രഹസ്യമാക്കി വെക്കുന്നതും പരസ്യമാക്കുന്നതുമായ എല്ലാ കാര്യങ്ങളും അറിയുകയും ചെയ്യുന്ന അല്ലാഹുﷻവിന് അവർ സുജൂദ് ചെയ്യാതിരിക്കുവാനാണ് (പിശാച് നേരായ മാർഗത്തിൽ നിന്ന് അവരെ തടഞ്ഞത്)"


"അല്ലാഹുവാകട്ടെ അവൻ അല്ലാതെ ഒരു ഇലാഹുമില്ല. മഹത്തായ അർശിന്റെ നാഥനാണവൻ." (27:26)


ഹുദ്ഹുദയുടെ വിവരണം എല്ലാവരെയും അത്ഭുതപ്പെടുത്തി. എന്തെല്ലാം കാര്യങ്ങളാണ് പറഞ്ഞത്..? 


സബഹ് എന്ന രാജ്യം. ഐശ്വര്യത്തിന്റെ കളിത്തൊട്ടിലാണത്. ഒരു രാജ്ഞിയാണവിടെ ഭരിക്കുന്നത്. രാജ്യം സമൃദ്ധിയുടെ പാതയിലാണ് സഞ്ചരിക്കുന്നത്. എല്ലാവിധ സൗഭാഗ്യങ്ങളും അവർക്ക് നൽകപ്പെട്ടിട്ടുണ്ട്. വമ്പിച്ച സിംഹാസനമുണ്ട്. സ്വർണ്ണവും, രത്നങ്ങളും വമ്പിച്ച സമ്പത്തുമുണ്ട്. സുശക്തമായ സൈന്യവും ആയുധങ്ങളുമുണ്ട്. 


എല്ലാം നൽകിയത് സർവ്വശക്തനായ അല്ലാഹുﷻവാകുന്നു. എന്നാൽ അല്ലാഹുﷻവിനോട് അവർ നന്ദി കാണിക്കുന്നില്ല. അല്ലാഹുﷻവിനെ ആരാധിക്കുന്നില്ല. പടച്ച തമ്പുരാനെ ആരാധിക്കുന്നതിന് പകരം പടപ്പുകളെ ആരാധിക്കുന്നു. സബഇലെ രാജ്ഞിയും അവരുടെ പ്രജകളും സൂര്യനെ ആരാധിക്കുന്നു. പിശാച് അവരെ വഴി പിഴപ്പിക്കുന്നു.  ഈ വിവരണം കേട്ട് സുലൈമാൻ (അ) അത്ഭുതപ്പെട്ടു.


"അല്ലാഹുവേ ഞാൻ നിന്റെ പ്രവാചകനാണ്. എന്നെ നീ രാജാവാക്കി. മഹത്തായ വിജ്ഞാനവും നൽകി. എന്നാൽ സബഇനെക്കുറിച്ച് നീ സൂക്ഷ്മജ്ഞാനം നൽകിയത് ഈ കൊച്ചുപക്ഷിക്കാണ്."  


സുലൈമാൻ നബി (അ)ന്റെ ചിന്ത അങ്ങനെ നീണ്ടുപോയി. അദ്ദേഹം വളരെ വിനയാന്വിതനായിമാറി. ഇത് വൈജ്ഞാനികമായ ഒരു പരീക്ഷണം തന്നെയാണ്. അല്ലാഹു ﷻ നൽകുന്ന അനുഗ്രഹം. ഓരോ അളവിൽ ഓരോരുത്തർക്കും ലഭിക്കുന്നു.  കിട്ടിയ അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിക്കുക. മനുഷ്യന് അഹങ്കാരിക്കാൻ ഒരവകാശവുമില്ല.  വിജ്ഞാനത്തിന്റെ പേരിൽ ആരും അഹങ്കാരികളാവരുത്. സുലൈമാൻ(അ) ഹുദ്ഹുദയുടെ സംഭാഷണം ശ്രവിച്ച്. വിനയാന്വിതനായിമാറി. നമുക്കുള്ള പാഠവും അതാണ്.