Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

ഉറുമ്പിന്റെ പ്രാർത്ഥന

   മഴ പെയ്യാൻ വൈകിയ കാലം. നാട്ടിലാകെ വെള്ളത്തിന് ക്ഷാമം. മനുഷ്യരും ജന്തുക്കളും വല്ലാതെ വിഷമിച്ചു. നാട്ടിന്റെ നാനാഭാഗങ്ങളിൽ നിന്നും സുലൈമാൻ നബി(അ) ന് ആവലാതികൾ വരാൻ തുടങ്ങി. കുടിക്കാൻ വെള്ളമില്ല. ഉടനെ സഹായമെത്തിക്കുക. വെള്ളം എത്തിച്ചു കൊടുക്കാൻ ചില ശ്രമങ്ങളൊക്കെ നടത്തിനോക്കി. അതൊന്നും വേണ്ടത്ര വിജയിച്ചില്ല. അല്ലാഹു ﷻ മഴ വർഷിപ്പിച്ചുതരണം എന്നാലെ ആവശ്യത്തിന് വെള്ളം ലഭിക്കൂ... 


 മഴക്കുവേണ്ടി കൂട്ടു പ്രാർത്ഥന നടത്താൻ തീരുമാനിച്ചു. മനുഷ്യരും മറ്റ് ജീവികളും മൈതാനിയിൽ ഒത്തുചേരുക. എന്നിട്ട് കരഞ്ഞു പ്രാർത്ഥിക്കുക. പ്രാർത്ഥനയുടെ സ്ഥലം നിശ്ചയിച്ചു. ദിവസവും സമയവും നിശ്ചയിച്ചു. നാട്ടിലാകെ അത് തന്നെയായി സംസാരം. നിശ്ചിത ദിവസമെത്തി. എല്ലാവരും മൈതാനിയിൽ സമ്മേളിച്ചു.  


 അപ്പോൾ സുലൈമാൻ (അ) ഒരു ഉറുമ്പിന്റെ പ്രാർത്ഥന കേട്ടു. ചെറിയ ഉറുമ്പ് നിലത്ത് മലർന്ന് കിടന്ന് കാലുകൾ ഉയർത്തിപ്പിടിച്ച് സങ്കടപ്പെട്ടു പ്രാർത്ഥിക്കുന്നു. "അല്ലാഹുവേ ഉറുമ്പുകളായ ഞങ്ങൾ സൃഷ്ടികളാണ്. ഞങ്ങൾക്ക് ദാഹിക്കുന്നു റബ്ബേ...! ഞങ്ങൾക്ക് മഴ വർഷിപ്പിച്ചു തരണേ....."


 ഈ പ്രാർത്ഥന കേട്ടപ്പോൾ  സുലൈമാൻ (അ) ആഹ്ലാദപൂർവ്വം ഇങ്ങനെ വിളിച്ചു പറഞ്ഞു: "കിട്ടിപ്പോയി. മഴ കിട്ടിപ്പോയി. മറ്റുള്ളവരുടെ പ്രാർത്ഥന കാരണം നമുക്കിതാ ഉടനെ മഴ കിട്ടും എല്ലാവർക്കും മടങ്ങിപ്പോവാം."


 മനുഷ്യ മഹാ സമൂഹവും ജന്തുസമൂഹവും വിശാലമായ മൈതാനിയിൽ നിന്ന് മടങ്ങി. അവർക്കെല്ലാം ആവശ്യമായത്ര മഴ ഒരു ചെറിയ ഉറുമ്പിന്റെ പ്രാർത്ഥനയുടെ ഫലമായി അല്ലാഹു ﷻ വർഷിപ്പിച്ചുകൊടുത്തു. പ്രാർത്ഥനയുടെ ശക്തിയാണിവിടെ കണ്ടത്... 


 സമൂഹത്തിൽ അവഗണിക്കപ്പെടുന്ന പാവപ്പെട്ട മനുഷ്യരുടെ പ്രാർത്ഥനക്ക് ചിലപ്പോൾ വല്ലാത്ത ശക്തി കാണും. അത് ഭയപ്പെടണം. ഉറുമ്പിന്റെ പ്രാർത്ഥന കേട്ട റബ്ബ് ഏത് ദുർബ്ബലന്റെ പ്രാർത്ഥനയും കേൾക്കും. ഇവിടെ നമുക്ക് ലഭിക്കുന്ന പാഠം അതാകുന്നു.