Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

ദനാ എന്ന സഹോദരി (2)

   യഅ്ഖൂബ്(അ)ന്റെ നയനങ്ങൾ നിറഞ്ഞൊഴുകി. സ്വയം നിയന്ത്രിച്ചു. ആശ്വസിച്ചു. അല്ലാഹു ﷻ റാഹീലിനെ തനിക്കു നൽകി. അതൊരുവല്ലാത്ത അനുഗ്രഹം തന്നെയായിരുന്നു. റാഹീലിനെ ഭാര്യയായി കിട്ടിയപ്പോൾ മനസ്സിൽ കൊള്ളാത്ത സന്തോഷമായിരുന്നു...


 അല്ലാഹു ﷻ റാഹീലിനെ തിരിച്ചുകൊണ്ട് പോയി. യൂസുഫും ബിൻയാമീനും തനിൽ ലഭിച്ച അനുഗ്രഹമാണവർ. അവരെ നല്ല നിലയിൽ വളർത്തിയെടുക്കണം. റാഹീലിന് അന്ത്യയാത്ര.. ധാരാളമാളുകൾ വന്നു കൂടി. അഫ്റാസ് എന്ന സ്ഥലത്ത് ഖബർ തയ്യാറാക്കി. മയ്യിത്ത് കുളിപ്പിച്ചു. കഫൻ ചെയ്തു. അഫ്റാസ് ബത് ലേഹമിലാണെന്ന് പറയപ്പെട്ടിരിക്കുന്നു...


 ജനക്കൂട്ടം നോക്കി നിൽക്കെ മയ്യിത്ത് കട്ടിൽ ഉയർന്നു. ജനക്കൂട്ടത്തിന്റെ അകമ്പടിയോടെ അത് നീങ്ങിപ്പോയി. പെണ്ണുങ്ങൾ നെടുവീർപ്പിടുകയും ശബ്ദമില്ലാതെ കരയുകയും ചെയ്തു. കൊച്ചു യൂസുഫിനെ ഇത്താത്ത കെട്ടിപ്പിടിച്ചു നിന്നു തേങ്ങി...


 മരണാനന്തര കർമ്മങ്ങൾ കഴിഞ്ഞു. റാഹീൽ ഖബറിലേക്കു പോയി. ഖബറടക്കൽ കഴിഞ്ഞു. യഅ്ഖൂബ്(അ) മീസാൻ കല്ല് നാട്ടി. പിന്നീട് ആ കല്ല് വളരെ പ്രസിദ്ധമായി. റാഹീലിന്റെ ഖബറിനു മുകളിലെ കല്ല് അങ്ങനെ പറഞ്ഞ് കല്ല് പ്രസിദ്ധമായിത്തീർന്നു...


 യഅ്ഖൂബ്(അ)ന് യൂസുഫിനോടും ബിൻയാമീനോട്ടം അതിരില്ലാത്ത വാത്സല്യമായിരുന്നു. അതിന്റെ കാരണം വളരെ വ്യക്തമായിരുന്നു. താൻ ഏറെ സ്നേഹിച്ച റാഹീലിന്റെ മക്കളാണവർ. നല്ല അഴകുള്ള കുട്ടികൾ. ശരീരം പോലെ അതിസുന്ദരമാണവരുടെ മനസ്സും. നല്ല പെരുമാറ്റം. ഉമ്മ നഷ്ടപ്പെട്ട കുട്ടികൾ. ഉമ്മയുടെ സ്നേഹവും വത്സല്യവും വളരെ ചെറുപ്പത്തിൽ തന്നെ എടുത്തു മാറ്റപ്പെട്ടു...


 യൂസുഫ് ഭാവിയിൽ സമുന്നതമായ സ്ഥാനത്ത് എത്തിച്ചേരുമെന്ന പ്രതീക്ഷയുണ്ട്. ഇക്കാരണങ്ങൾ കൊണ്ടൊക്കെയാണ് ആ കുട്ടികളോട് പ്രത്യക്ഷമായി തന്നെ സ്നേഹം പ്രകടിപ്പിച്ചത്. മറ്റുള്ള കുട്ടികളോട് സ്നേഹക്കുറവുണ്ടോ? ഒട്ടുമില്ല...


 മറ്റ് പുത്രന്മാരുടെ മനസ്സ് അസ്വസ്ഥമാവാൻ തുടങ്ങി. പിതാവിന്റെ സ്നേഹം മുഴുവൻ യൂസുഫും ബിൻയാമീനും കൈവശപ്പെടുത്തിയെന്ന തോന്നൽ. പിശാച് അവരുടെ മനസ്സിൽ കയറി. വേണ്ടാത്ത ചിന്തകൾ ഇളക്കിവിട്ടു. യൂസുഫ് തങ്ങൾക്കു ഭിഷണിയാണെന്ന തോന്നലുണ്ടാക്കി... 


 എല്ലാ ഇക്കാക്കമാരോടും യൂസുഫ് മോന് സ്നേഹമാണ്. ആ സ്നേഹത്തിന് അവർ വില കൽപിച്ചില്ല. യൂസുഫിനെ പിതാവിൽ നിന്നകറ്റണം. അതിനെന്താണ് വഴി? അതാണവരുടെ ചിന്ത...


 ഒരു ദിവസം യൂസുഫ് മോൻ ഉപ്പയുടെ അടുത്തേക്ക് ഓടി വന്നു. സ്വരം താഴ്ത്തി ഇങ്ങനെ പറഞ്ഞു. 


"ഉപ്പ... ഞാനൊരു കിനാവ് കണ്ടു."


"എന്താ മോൻ കണ്ടത്?"


"പതിനൊന്ന് നക്ഷത്രങ്ങൾ, സുര്യനും ചന്ദ്രനും അവയെല്ലാം തനിക്കു മുമ്പിൽ സാഷ്ടാംഗം ചെയ്യുന്നതായി ഞാൻ സ്വപ്നം കണ്ടു."


 യഅ്ഖൂബ്(അ)ന്റെ മുഖത്ത് ഗൗരവം നിറഞ്ഞു. മോനെ ഇങ്ങനെ ഉപദേശിച്ചു. "മോനെ ഇക്കാര്യം ആരോടും പറയരുത്. മോന്റെ ഇക്കാക്കമാർ ഇക്കാര്യം അറിയുകയേ ചെയ്യരുത്."


 ഉപ്പ ഗൗരവമായ ചിന്തയിലാണ്ടു. അവർ ഈ സ്വപ്ന വിവരമറിഞ്ഞാൽ..! പിന്നെ അസൂയക്കതിരുണ്ടാവില്ല. അവർ എന്തും ചെയ്യും...! ഇക്കാക്കമാർ പ്രത്യക്ഷത്തിൽ യൂസുഫ് മോനോട് വളരെ നന്നായി പെരുമാറുന്നുണ്ട്. എടുക്കുകയും ഓമനിക്കുകയും ചെയ്യുന്നു. കൊച്ചു മോന് അവരുടെ കാപട്യമറിയില്ല...