Skip to content
پیر - ۱۰ اگست, ۲۰۲۶ ۲۴-صفر-۱۴۴۸

റമളാനില്‍ പിശാചുക്കള്‍ ബന്ധനസ്ഥരാണല്ലോ, എന്നിട്ടും ജനങ്ങളില്‍ പലരും തെറ്റ് ചെയ്യുന്നതെന്ത്കൊണ്ട് ..?


 റമളാനില്‍ പിശാചുക്കള്‍ ബന്ധനസ്ഥരാകുമെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. പ്രവാചകര്‍ ﷺ പറയുന്നു, റമളാന്‍ പ്രവേശിച്ചുകഴിഞ്ഞാല്‍, സ്വര്‍ഗ്ഗത്തിന്റെ വാതിലുകള്‍ തുറക്കപ്പെടുകയും നരകത്തിന്റെ വാതിലുകള്‍ അടക്കപ്പെടുകയും പിശാചുക്കള്‍ ചങ്ങലക്കിടപ്പെടുകയും ചെയ്യുന്നു (ബുഖാരി, മുസ്‌ലിം). 

ഈ ഹദീസ് വിശദീകരിക്കുന്നേടത്ത് പണ്ഡിതന്മാര്‍ മേല്‍പറഞ്ഞ സംശയം ചര്‍ച്ച ചെയ്യുകയും വിവിധ രൂപങ്ങളില്‍ അതിന് മറുപടി പറയുന്നതായും കാണാം...


 പിശാചുക്കളില്‍ അതിശക്തരായവര്‍ മാത്രമാണ് ചങ്ങലക്കിടപ്പെടുന്നതെന്നും, മറ്റുള്ള പിശാചുക്കള്‍ സ്വതന്ത്രരാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഹദീസുകളിലെ ചില നിവേദനങ്ങളില്‍ പിശാചുക്കളിലെ ഏറ്റവും ശല്യമുണ്ടാക്കുന്നവര്‍ (മറദത്) എന്ന് കാണുന്നത് ഇതിന് ഉപോല്‍ബലകമാണ്...


 പിശാചുക്കള്‍ ബന്ധികളാക്കപ്പെടും എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്, അവരുടെ സ്വാധീനം പൂര്‍ണ്ണമായും ഇല്ലാതാവും എന്നല്ല, മറിച്ച് മറ്റു മാസങ്ങളിലെപ്പോലെ അവര്‍ക്ക് ആളുകളെ സ്വാധീനിക്കാനാവില്ലെന്നതാണ് എന്ന വ്യാഖ്യാനമാണ് മറ്റു ചില പണ്ഡിതര്‍ നല്‍കുന്നത്. റമളാന്‍ മാസത്തില്‍ ഇതര മാസങ്ങളേക്കാള്‍ തിന്മകള്‍ കുറയുന്നതും നന്മകള്‍ വര്‍ദ്ധിക്കുന്നതും നാം കാണുന്നതാണല്ലോ...


 എന്നാല്‍, പിശാചുക്കള്‍ ബന്ധികളാക്കപ്പെടുന്നുണ്ടെന്നും പക്ഷേ, അത്കൊണ്ട് മാത്രം അവര്‍ പൂര്‍ണ്ണമായി അശക്തരാവില്ലെന്നും മനുഷ്യര്‍ അങ്ങോട്ട് ചെന്നാല്‍ അവരുടെ സ്വാധീനവും അക്രമവും ഉണ്ടാവുമെന്നും അതാണ് പലപ്പോഴും നടക്കുന്നതെന്നും മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നു. കൂട്ടിലിട്ട സിംഹത്തിന് ഇങ്ങോട്ട് വന്ന് ആക്രമിക്കാന്‍ സാധിക്കില്ലെങ്കില്‍ നാം അതിനടുത്തേക്ക് ചെന്നാല്‍ അത് കടിച്ചുകീറുമെന്ന ഉദാഹരണത്തിലൂടെ അവര്‍ ഇത് സമര്‍ത്ഥിക്കുന്നു...


 അതിലെല്ലാമുപരി, ദോഷങ്ങള്‍ ചെയ്യാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത് അതിശക്തമായ മറ്റൊരു ഘടകമാണ് ദേഹേച്ഛ എന്നത്. ബാഹ്യശക്തിയായ പിശാച് ബന്ധിതനായാലും ദേഹേച്ഛയെ നിയന്ത്രിക്കാന്‍ കഴിയാത്തവനാണെങ്കില്‍ അത് അവനെ തെറ്റുകുറ്റങ്ങളില്‍ കൊണ്ടെത്തിക്കുമെന്നതില്‍ സംശയമില്ല.

മറുപടി നല്‍കിയത് : അബ്ദുല്‍ മജീദ് ഹുദവി

Similar Posts

മയ്യിത്ത് നിസ്കാരത്തിന്റെ രൂപവും, പ്രാര്‍ത്ഥനകളും, മറഞ്ഞ മയ്യിത്തുകളുടെ മേലിലാവുമ്പോള്‍ നിയ്യത്തിലും ദുആകളിലും വരുന്ന മാറ്റങ്ങളും ഒന്ന് വിവരിക്കാമോ ..?
പെരുന്നാള്‍ നിസ്കാരം നിര്‍ബന്ധമാണോ ?
നോമ്പുകാരന് രക്തം ടെസ്റ്റ് ചെയ്യാമോ..?
രക്തദാനം നോമ്പ് മുറിയാൻ കാരണമാകുമോ ..?
മയ്യിത്ത് നിസ്കാരം ഇമാമോട് കൂടെ നിസ്കരിക്കുമ്പോള്‍ മഅ്മൂമിന് ഇമാം കരുതാത്ത വേറെ ആരെയെങ്കിലും കൂടെ കരുതാമോ ..?
പെരുന്നാള്‍ നിസ്കാരത്തില്‍ ഇഹ്‌റാമിന്‍റെ ശേഷമുള്ള സുന്നത്തായ തക്ബീറുകള്‍ മറന്നാല്‍ സഹ്'വിന്‍റെ സുജൂദ് ചെയ്യേണ്ടതുണ്ടോ ?
പ്രസ്തുത തക്ബീറുകള്‍ വജ്ജഹ്തുവിന് മുമ്പാണോ ശേഷമാണോ ചൊല്ലേണ്ടത് ?
മയ്യിത്ത് ഇത്ര സമയത്തിനുള്ളില്‍ നിസ്കരിക്കണം എന്നുണ്ടോ ..?
ഇൻജക്ഷൻ, ഗ്ലുക്കോസ് തുടങ്ങിയവ കയറ്റിയാൽ നോമ്പ് മുറിയുമോ ..?
മദ്യം കൈപ്പോ, ചവർപ്പോ ..?